1 GBP = 104.01

യു.എസ് സന്ദർശനത്തിന് ഒരുങ്ങി തയ്‍വാൻ പ്രസിഡന്റ് സായ് ഇങ് വെൻ

യു.എസ് സന്ദർശനത്തിന് ഒരുങ്ങി തയ്‍വാൻ പ്രസിഡന്റ് സായ് ഇങ് വെൻ

തായ് പേയ്: ചൈന-യു.എസ് പിരിമുറുക്കം തുടരുന്നതിനിടെ യു.എസ് സന്ദർശനത്തിന് ഒരുങ്ങി തയ്‍വാൻ പ്രസിഡന്റ് സായ് ഇങ് വെൻ. ചൈനീസ് പ്രസിഡന്റ് ഷിൻ ജിൻപിങ്ങിന്റെ റഷ്യ സന്ദർശനത്തിനും ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുടെ യുക്രെയ്ൻ സന്ദർശനത്തിനും പിന്നാലെയാണിത്. 

മധ്യ അമേരിക്കൻ രാജ്യങ്ങളായ ഗ്വാട്ടമാല, ബെലീസ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കിടെയാണ് യു.എസിൽ ഇറങ്ങുകയെന്നാണ് റിപ്പോർട്ട്. ന്യൂയോർക്കിലും തെക്കൻ കാലിഫോർണിയയിലുമാണ് സന്ദർശനം നടത്തുകയെന്ന് തായ്‌വാൻ പ്രസിഡന്റിന്റെ ഓഫിസ് വക്താവ് ലിൻ യു-ചാനെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മാർച്ച് 29ന് തായ് പേയിൽനിന്ന് പുറപ്പെടുന്ന സായ് ഏപ്രിൽ ഏഴിന് മടങ്ങിയെത്തും. യാത്രാമധ്യേ മാർച്ച് 30ന് സായ് ന്യൂയോർക്കിൽ ഇറങ്ങുമെന്നും മടക്കയാത്രക്കിടെ ഏപ്രിൽ അഞ്ചിന് ലോസ് ആഞ്ജലസിൽ ഇറങ്ങുമെന്നുമാണ് സൂചന. 

എന്നാൽ, ചൈനയുമായുള്ള പിരിമുറുക്കം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ സർക്കാർ സന്ദർശനം ഔദ്യോഗികമല്ലെന്ന് വ്യക്തമാക്കി. അസാധാരണമായി ഒന്നുമില്ലെന്നും നേരത്തെ ആറു തവണ സായ് ഇത്തരത്തിൽ യാത്രക്കിടെ യു.എസിൽ ഇറങ്ങിയിട്ടുണ്ടെന്നും മുമ്പും തായ്‍വാൻ പ്രസിഡന്റുമാർ ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി വാർത്തസമ്മേളനത്തിൽ പറഞ്ഞു. യു.എസ് ജനപ്രതിനിധിസഭയിലെ പ്രമുഖ റിപ്പബ്ലിക്കൻ സ്പീക്കർ കെവിൻ മക്കാർത്തിയുമായി കൂടിക്കാഴ്ച നടത്തുമെന്ന അഭ്യൂഹങ്ങളുണ്ട്. മുൻ സ്പീക്കർ നാൻസി പെലോസി കഴിഞ്ഞവർഷം നടത്തിയ യാത്രയെപ്പോലെ മക്കാർത്തിയും തായ്‌വാൻ സന്ദർശനം ആസൂത്രണം ചെയ്യുന്നതായി അഭ്യൂഹമുണ്ടായിരുന്നു. 

ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളെയും പോലെ, തയ്‍വാനെ തങ്ങളുടെ ഭാഗമായി കണക്കാക്കുന്ന ചൈനയുമായി നയതന്ത്രബന്ധം നിലനിർത്താൻ യു.എസും ശ്രമിക്കുന്നതിനാൽ തായ്‌വാനുമായി ഔദ്യോഗിക ബന്ധങ്ങളില്ല. കാരണം തയ്‍വാനും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളോട് ചൈനക്ക് കടുത്ത എതിർപ്പാണ്. ഈ മാസം ആദ്യം, ചൈനയുമായി ബന്ധം സ്ഥാപിക്കാൻ തായ്‌വാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുമെന്ന് ഹോണ്ടുറാസ് സൂചന നൽകി. അങ്ങനെ വന്നാൽ തായ്‌വാന്റെ ഔദ്യോഗിക നയതന്ത്ര സഖ്യകക്ഷികൾ 13 ആയി കുറയും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more