1 GBP = 103.91

ലോകകപ്പിലെ മികച്ച ബാറ്റ്സ്മാൻ ആരാകും, പോരാട്ടം രോഹിത് ശർമയും വാർണറും തമ്മിൽ – ദിനേശ് കാർത്തിക്ക്

ലോകകപ്പിലെ മികച്ച ബാറ്റ്സ്മാൻ ആരാകും, പോരാട്ടം രോഹിത് ശർമയും വാർണറും തമ്മിൽ – ദിനേശ് കാർത്തിക്ക്

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലെ മികച്ച ബാറ്റ്‌സ്മാനാവാനുള്ള മത്സരം ഇന്ത്യയുടെ രോഹിത് ശര്‍മയും ഓസ്‌ട്രേലിഎയുടെ ഡേവിഡ് വാര്‍ണറും തമ്മിലായിരിക്കുമെന്നു മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക്. ”ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരില്‍ രണ്ടു പേരാണ് രോഹിത്തും വാര്‍ണറും. സ്വന്തം ടീമിനായി റണ്‍സ് വാരിക്കൂട്ടാന്‍ അതിയായ ദാഹമുള്ളവരാണ് ഇവര്‍. ഇവരിലൊരാളായിരിക്കും ഈ ലോകകപ്പിന്റെ താരം” -ഐ.സി.സിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ വെസ്റ്റിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ ഡാരന്‍ സമിയുമായുള്ള ചര്‍ച്ചയ്ക്കിടെ കാര്‍ത്തിക്ക് പറഞ്ഞു.

രോഹിത്തും വാര്‍ണറും അവരവരുടെ ടീമിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നവരാണ്. രണ്ടു പേരും ഗംഭീര താരങ്ങളുമാണ്. ഇവരില്‍ ഒരാളായിരിക്കും ഈ ടൂർണമെന്റിന്റെ ബാറ്റ്സ്മാൻ. ഇവരെ മറികടന്ന് മറ്റൊരു താരം ഈ നേട്ടം സ്വന്തമാക്കുമെന്ന് കരുതുന്നില്ല എന്നും, വ്യക്തിപരമായ അഭിപ്രായത്തില്‍ വാര്‍ണറിനെക്കാള്‍ അല്‍പംകൂടി സാധ്യത രോഹിതിനാണെന്നും കാര്‍ത്തിക് ചൂണ്ടിക്കാട്ടി. കാരണം രോഹിത്തും ലോകകപ്പും തമ്മില്‍ അസാധാരണമായ ബന്ധമാണുള്ളതെന്നും ലോകകപ്പിന്റെ തന്നെ പര്യായമാണ് ഇന്ത്യന്‍ ഉപനായകനെന്നും കാര്‍ത്തിക്ക് പറഞ്ഞു.

രോഹിത്തും ലോകകപ്പും തമ്മില്‍ അസാധാരണമായ ബന്ധമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയ കാർത്തിക്ക് ഇതിനായി 2019ലെ ഏകദിന ലോകകപ്പില്‍ രോഹിത് നേടിയ അഞ്ച് സെഞ്ചുറികളാണ് ഉദാഹരണമായി കാണിക്കുന്നത്. ഇന്ത്യ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തിയതിൽ നിർണായക പങ്ക് രോഹിത്തിന്റേതായിരുന്നു. ഇക്കുറി ടി20 ലോകകപ്പിലും രോഹിത്തിന്റെ പ്രകടനം ഇന്ത്യൻ ടീമിന്റെ കിരീടത്തിലേക്കുള്ള യാത്രയിൽ നിർണായക ഘടകമാകുമെന്നാണ് കാർത്തിക്ക് പറയുന്നത്.

അതേസമയം, ലോകകപ്പിൽ ഫൈനലിൽ എത്താൻ സാധ്യതയുള്ള രണ്ട് ടീമുകൾ ഏതൊക്കെ എന്നും കാർത്തിക്ക് പ്രവചിച്ചിരുന്നു. ഇന്ത്യയും നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസും തമ്മിലായിരിക്കും ഫൈനലെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയാണ് തന്റെ ഫേവറിറ്റ് ടീം എന്ന് പറഞ്ഞ കാർത്തിക്ക് തന്റെ രണ്ടാമത്തെ ഇഷ്ടപ്പെട്ട ടീമിനെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു, വെസ്റ്റ് ഇൻഡീസിനെയാണ് ഇഷ്ടം എന്നാണ് കാർത്തിക്ക് പറഞ്ഞത്. ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനങ്ങൾ നടത്താറുള്ള വിൻഡീസിന്റെ കളി കണ്ടുകൊണ്ടിരിക്കാൻ രാസമാണെന്നും കാർത്തിക്ക് പറഞ്ഞു. എന്നാൽ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും വിന്‍ഡീസുമാണ് ഏറ്റുമുട്ടുന്നതെങ്കില്‍ താന്‍ വിന്‍ഡീസിനൊപ്പമായിരിക്കുമെന്നാണ് കാർത്തിക്ക് പറഞ്ഞത്.

ഒക്ടോബറിൽ നടക്കുന്ന ടി20 ലോകകപ്പിന്റെ മല്‍സരക്രമം ഐസിസി കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. യോഗ്യതാ റൗണ്ടുകൾക്ക് ശേഷമാണ് മുൻനിര ടീമുകൾ അണിനിരക്കുന്ന സൂപ്പർ 12 ഘട്ടം ആരംഭിക്കുക. ഒക്ടോബര്‍ 17നാണ് യോഗ്യതാ മല്‍സരങ്ങള്‍ തുടങ്ങുന്നത്. നാലു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലായി എട്ടു രാജ്യങ്ങളാണ് യോഗ്യതാറൗണ്ടിലുള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ 12ലേക്കു യോഗ്യത നേടും. ഇതിൽ ഉൾപ്പെടുന്ന 12 ടീമുകളെ ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെയാക്കി തരം തിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ.

ഇതിലെ ഗ്രൂപ്പ് ഒന്നിൽ, നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരോടൊപ്പം യോഗ്യതാ റൗണ്ട് ജയിച്ചുവരുന്ന രണ്ടു ടീമുകള്‍ കൂടി ഉൾപ്പെടുന്നു. ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, പാകിസ്താന്‍, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാൻ, യോഗ്യതാ റൗണ്ട് ജയിച്ചുവരുന്ന രണ്ടു ടീമുകള്‍ എന്നിവയും ഉൾപ്പെടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more