1 GBP = 103.87

ടി-20 ലോകകപ്പ്: സ്റ്റേഡിയങ്ങളിൽ 70 ശതമാനം കാണികളെ പ്രവേശിപ്പിക്കും

ടി-20 ലോകകപ്പ്: സ്റ്റേഡിയങ്ങളിൽ 70 ശതമാനം കാണികളെ പ്രവേശിപ്പിക്കും

ടി-20 ലോകകപ്പിൽ കാണികൾക്ക് പ്രവേശനം അനുവദിക്കും. സ്റ്റേഡിയങ്ങളിൽ 70 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് ഐസിസി അറിയിച്ചു. എന്നാൽ, ഒമാനിൽ ഒക്ടോബർ മൂന്നിനുണ്ടായ ചുഴലിക്കാറ്റ് സ്ഥിതിഗതികൾ സങ്കീർണമാക്കിയിട്ടുണ്ട്. നിരത്തുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുകയാണ്. ഒമാനിലെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം പിന്നീട് തീരുമാനിക്കും.

“പ്രദേശത്ത് നടക്കുന്ന ഏറ്റവും വലിയ കായിക പരിപാടിയാണ് ടി-20 ലോകകപ്പ്. കൊവിഡിനു ശേഷം നടക്കുന്ന ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെൻ്റ് കൂടിയാണ് ഇത്. ഉൾക്കൊള്ളാവുന്നതിൻ്റെ 70 ശതമാനം കാണികളെ സ്റ്റേഡിയങ്ങളിൽ പ്രവേശിപ്പിക്കും. സാമൂഹിക അകലം പാലിക്കാനായി അബുദാബി സ്റ്റേഡിയം പുതിയ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്.”- ഐസിസി വാർത്താകുറിപ്പിൽ സൂചിപ്പിക്കുന്നു.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.

യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.

സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more