1 GBP = 103.70

ട്വന്റി20 ലോക കിരീടത്തിൽ വീണ്ടും ഇംഗ്ലീഷ് മുത്തം; പാകിസ്താനെ തോൽപിച്ചത് അഞ്ച് വിക്കറ്റിന്

ട്വന്റി20 ലോക കിരീടത്തിൽ വീണ്ടും ഇംഗ്ലീഷ് മുത്തം; പാകിസ്താനെ തോൽപിച്ചത് അഞ്ച് വിക്കറ്റിന്

മെൽബൺ: ട്വന്റി20 ലോക കിരീടത്തിൽ വീണ്ടും ഇംഗ്ലീഷ് മുത്തം. മുൻ ചാമ്പ്യന്മാരായ പാകിസ്താന്റെ രണ്ടാം കിരീട സ്വപ്നം അഞ്ച് വിക്കറ്റിന് തകർത്താണ് രണ്ടാം തവണയും ചാമ്പ്യൻ പട്ടം നേടുന്നത്. 2010ലും ഇംഗ്ലീഷുകാർ കിരീടമണിഞ്ഞിരുന്നു. ഇതോടെ രണ്ട് തവണ ജേതാക്കളായ വെസ്റ്റിൻഡീസിന്റെ നേട്ടത്തിനൊപ്പമെത്തി ഇംഗ്ലണ്ട്. 13 വിക്കറ്റ് നേടിയ ഇംഗ്ലീഷ് താരം സാം കറൺ ആണ് ടൂർണമെന്റിന്റെ താരം.

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‍ലർ പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കണിശതയോടെ പന്തെറിഞ്ഞ ഇംഗ്ലീഷ് ബൗളർമാർ പാകിസ്താനെ എട്ട് വിക്കറ്റിന് 137 റൺസിലൊതുക്കിയപ്പോൾ അർധസെഞ്ച്വറിയുമായി കളം നിറഞ്ഞ ബെൻ സ്റ്റോക്സിന്റെ മികവിൽ ആറ് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ അനായാസ ജയം നേടുകയായിരുന്നു. 49 പന്തിൽ ഒരു സിക്സും അഞ്ച് ഫോറും സഹിതം പുറത്താവാതെ 52 റൺസാണ് സ്റ്റോക്സ് നേടിയത്. 

ജോസ് ബട്‍ലർ, അലക്സ് ഹെയിൽസ്, ഫിൽ സാൾട്ട്, ഹാരി ബ്രൂക്, മുയീൻ അലി എന്നിവരാണ് പുറത്തായ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർ. രണ്ട് പന്തിൽ ഒരു റൺസെടുത്ത ഓപണർ അലക്സ് ഹെയിൽസിന്റെ കുറ്റി ഷാഹിൻ അഫ്രീദി പിഴുതപ്പോൾ ഒമ്പത് പന്തിൽ 10 റൺസെടുത്ത ഫിൽ സാൾട്ടിനെ ഹാരിസ് റഊഫിന്റെ പന്തിൽ ഇഫ്തിഖാർ അഹ്മദ് പിടിച്ച് പുറത്താക്കി. 17 പന്തിൽ 26 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്‍ലറെ ഹാരിസ് റഊഫിന്റെ പന്തിൽ മുഹമ്മദ് റിസ്‍വാൻ പിടികൂടി. ഹാരി ബ്രൂക് (23 പന്തിൽ 20), മുയീൻ അലി (12 പന്തിൽ 19) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. ലിയാം ലിവിങ്സ്റ്റൺ ഒരു റൺസെടുത്ത് പുറത്താവാതെ നിന്നു. പാകിസ്താനു വേണ്ടി ഹാരിസ് റഊഫ് രണ്ടും ഷഹീൻ അഫ്രീദി, ഷദാബ് ഖാൻ, മുഹമ്മദ് വസീം എന്നിവർ ഓരോ വിക്കറ്റും നേടി.

ലോകകിരീടത്തിലേക്ക് അടിച്ചു തകർക്കാനൊരുങ്ങിയ പാകിസ്താനെ ഇംഗ്ലണ്ട് 137 റൺസിൽ തളക്കുകയായിരുന്നു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ കണിശതയോടെ പന്തെറിഞ്ഞ ഇംഗ്ലണ്ടിനു മുന്നിൽ കൂറ്റനടികൾ സാധ്യമാവാതെ കുഴങ്ങിയ പാക് നിരയിൽ ഷാൻ മസൂദ് (28 പന്തിൽ 38), ക്യാപ്റ്റൻ ബാബർ അസം (28 പന്തിൽ 32), ഷദാബ് ഖാൻ (14 പന്തിൽ 20) എന്നിവർ മാത്രമാണ് ചെറുത്തുനിന്നത്. മുഹമ്മദ് റിസ്‍വാൻ (14 പന്തിൽ 15) ആണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാൻ. ഇന്നിങ്സിൽ മൊത്തം പിറന്നത് രണ്ടു സിക്സറുകൾ മാത്രമായിരുന്നു. 

ഓപണിങ്ങിൽ ബാബറും റിസ്‍വാനും ചേർന്ന് 29 റൺസ് ​ചേർത്തെങ്കിലും സാം കറന്റെ പന്തിൽ ക്ലീൻ ബൗൾഡായി റിസ്‍വാൻ മടങ്ങി. വൺ ഡൗണായെത്തിയ മുഹമ്മദ് ഹാരിസ് 12 പന്തിൽ എട്ടുറൺസെടുത്ത് ആദിൽ റഷീദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ബാബറും മസൂദും 39 റൺസിന്റെ കൂട്ടുകെട്ടുമായി മുന്നോട്ടു നീങ്ങവെ 12ാം ഓവറിലെ ആദ്യ പന്തിൽ പാക് ക്യാപ്റ്റനെ റഷീദ് സ്വന്തം പന്തിൽ പിടിച്ച് പുറത്താക്കി. രണ്ടു ഫോറടക്കമാണ് ബാബർ 32 റൺസെടുത്തത്. രണ്ടു ഫോറും ഒരു സിക്സുമടക്കം 38ലെത്തിയ മസൂദ് 17ാം ഓവറിൽ കൂടാരം കയറിയതോടെ പാകിസ്താൻ അഞ്ചിന് 121 എന്ന നിലയിലായി. ഷദാബ് രണ്ടു ഫോറക്കമാണ് 20ലെത്തിയത്. അവസാന ഘട്ടത്തിൽ വിക്കറ്റുകൾ വീണതോടെ 150 കടക്കാമെന്ന പാക് മോഹങ്ങളും പച്ചതൊട്ടില്ല. 

നാലോവറിൽ 12 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത സാം കറനും 22 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ആദിൽ റഷീദുമാണ് ഇംഗ്ലീഷ് ബൗളിങ്ങിൽ തിളങ്ങിയത്. ക്രിസ് ജോർഡാൻ 27 റൺസിന് രണ്ടു വിക്കറ്റെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more