1 GBP = 103.12

യു.കെ മലങ്കര കത്തോലിക്കാ സഭയുടെ മരിയൻ തീർത്ഥാടനവും പുനരൈക്യ വാർഷികവും അവിസ്മരണീയമായി…

യു.കെ മലങ്കര കത്തോലിക്കാ സഭയുടെ മരിയൻ തീർത്ഥാടനവും പുനരൈക്യ വാർഷികവും അവിസ്മരണീയമായി…

ജോൺസൻ ജോസഫ്

സീറോ മലങ്കര കത്തോലിക്കാ സഭയുടെ യു. കെ. റീജിയനിലുള്ള പതിനഞ്ചു മിഷനുകൾ ഒന്നുചേർന്ന  വാൽസിങ്ഹാം മരിയൻ വാർഷിക തീർഥാടനവും , 88 മത് പുനരൈക്യ വാർഷികവും ഭക്തിസാന്ദ്രവും അവിസ്മരണീയവുമായി.  സെപ്റ്റംബർ 29 ശനിയാഴ്ച  ഉച്ചക്ക് 11.30ന് ലിറ്റിൽ വാൽസിങ്ഹാമിലെ മംഗളവാർത്ത ദേവാലയത്തിൽ  മലങ്കര കത്തോലിക്കാ സഭയുടെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ  ബിഷപ്പ് ഡോ.യൂഹാനോൻ മാർ തിയോഡോഷ്യസിന്റെ കാർമികത്വത്തിൽ പ്രാരംഭപ്രാർത്ഥനയോടെ തീർത്ഥാടനത്തിന് തുടക്കമായി. ഏതു പ്രതിസന്ധിയിലും സുവ്യക്തമായ സഹായമാണ് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥമെന്നു  അനുഭവ സാക്ഷ്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് അഭിവന്ദ്യ പിതാവ് അനുഗ്രഹ പ്രഭാഷണത്തിലൂടെ ഓർമിപ്പിച്ചു.

മലങ്കര സഭയുടെ യു.കെ റീജിയൻ കോർഡിനേറ്റർ ഫാ. തോമസ് മടുക്കമൂട്ടിൽ, ചാപ്ലെയിൻമാരായ ഫാ.രഞ്ജിത് മടത്തിറമ്പിൽ , ഫാ. ജോൺ അലക്‌സ്, ഫാ. ജോൺസൻ മനയിൽ എന്നിവർ ശുശ്രൂഷകളിൽ സഹകാർമ്മികരായി. നൂറ്റാണ്ടുകളായി വാൽസിങ്ഹാം തീർത്ഥാടകർ നഗ്നപാദരായി സഞ്ചരിച്ച  ഹോളി മൈൽ പാതയിലൂടെ  പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് മലങ്കര മക്കൾ ജപമാലയും മാതൃഗീതങ്ങളും ചൊല്ലി  ഭക്തി സാന്ദ്രമായ പ്രദക്ഷിണമായി നീങ്ങിയപ്പോൾ, പങ്കെടുത്തവരുടെയും കാഴ്ചക്കാരായി തടിച്ചുകൂടിയ ഇംഗ്ളീഷ് ജനതയുടെയും മനസ്സിൽ അനുഗ്രഹമഴ പെയ്തിറങ്ങി.

വാൽസിങ്ഹാം കാത്തലിക് മൈനർ ബസലിക്കയിൽ എത്തിചേർന്ന  പ്രദക്ഷിണത്തെ ബസലിക്ക റെക്ടർ മോൺസിഞ്ഞോർ ജോൺ ആമിറ്റേജിന്റെ നേതൃത്വത്തിലുള്ള  തീർത്ഥാടനകമ്മറ്റി ഔപചാരികമായിസ്വീകരിച്ചു.  തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ബിഷപ്പ് ഡോ.യൂഹാനോൻ മാർ തിയോഡോഷ്യസ്‌ കർമ്മികത്വം വഹിച്ചു. ഫാ. തോമസ് മടുക്കമൂട്ടിൽ,  ഫാ.രഞ്ജിത് മടത്തിറമ്പിൽ , ഫാ. ജോൺ അലക്‌സ്, ഫാ. ജോൺസൻ മനയിൽ എന്നിവർ വിശുദ്ധബലിയിൽ സഹകാർമ്മികരായി.  പുനരൈക്യത്തിന്റെ 88 മത്‌ വാർഷികത്തിൽ അഭിവന്ദ്യ പിതാവ്  പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിലേക്കു   യു.കെ യിലെ പതിനഞ്ച് മിഷനുകളെ സമർപ്പിക്കുകയും, ഏറ്റവും പുതിയ മിഷനായ സെന്റ് സ്റ്റീഫൻസ് അബെർദീൻ , ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ദൈവഹിതത്തിനു പൂർണമായി കീഴ് വ ഴങ്ങുക വഴി സകലതലമുറകളും  ഭാഗ്യവതി എന്നു പ്രകീത്തിക്കത്തക്ക വിധം മറിയത്തിന്റെ സ്ഥാനം രക്ഷാകര ചരിത്രത്തിൽ സ്ഥാനം പിടിച്ചുവെന്നും, ഏത് ജീവിതാവസ്ഥയിലും മാനുഷിക പരിഹാരങ്ങൾക്കുപരി, പരിശുദ്ധ അമ്മയെപ്പോലെ  ദൈവഹിതത്തിനു മുൻപിലുള്ള സമ്പൂർണ സമർപ്പണമാണ്‌ അനുഗ്രഹങ്ങളുടെയും, നിലനിൽക്കുന്ന വിജയങ്ങളുടെയും അടിസ്ഥാനമെന്ന് മാർ തിയോഡോഷ്യസ് , ബസലിക്കയിൽ  തിങ്ങിനിറഞ്ഞ വിശ്വാസികളെ സുവിശേഷ പ്രസംഗമധ്യേ ഓർമ്മിപ്പിച്ചു.

പുണ്യശ്ലോകനായ മാർ ഇവാനിയോസ് പിതാവ് തികഞ്ഞ മാതൃഭക്തനായിരുന്നു വെന്നു പിതാവ് അനുസ്മരിച്ചു. ഈ പുണ്യദിനം പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി തിരഞ്ഞെടുത്ത അതുല്യ ജെയ്സനെയും, മാതാപിതാക്കളെയും, ഒപ്പം തീർഥാടന കേന്ദ്രത്തിൽ  ജന്മദിനം ആഘോഷിക്കുവാൻ തീരുമാനിച്ചവരെയും പിതാവ് ശ്ലാഘിച്ചു.

കുർബാനക്ക് ശേഷം യു. കെ മലങ്കര സഭയുടെ മതബോധന ഡയറി മാർ തിയോഡോഷ്യസ് പ്രകാശനം ചെയ്തു. ശുശ്രൂഷ ഗീതങ്ങൾക്ക് നേതൃത്വം നൽകാനായി രൂപപ്പെടുത്തിയ മലങ്കര നാഷണൽ കൊയറിന്റെ പ്രഥമ ആലാപനം ഭക്തിനിർഭരമായിരുന്നു. നാഷണൽ കൗൺസിൽ സെക്രട്ടറി ജോൺസൺ ജോസഫ് നന്ദിപ്രകാശനം നടത്തി.

പുനരൈക്യ വാർഷികത്തിന്റെ സ്മരണയിൽ നടത്തപ്പെട്ട  മരിയൻ തീർഥാടനം ഭക്തി സന്ദ്രതകൊണ്ടും പങ്കാളിത്തം കൊണ്ടും, സംഘാടക മികവ് കൊണ്ടും ഏറെ ശ്രദ്ധനേടി.  പ്രളയ ദുരിതബാധിതരെ സഹായിക്കാനായി ഇത്തവണത്തെ പുനരൈക്യ വാർഷികം മലങ്കര സഭയിൽ ആഘോഷങ്ങളില്ലാതെയാണ് ആചരിച്ചത്. ആഘോഷങ്ങൾക്ക് വേണ്ടി വരുന്ന തുക പ്രളയസഹായ നിധിയിലേക്ക്  നൽകി സഭ മാതൃക കാട്ടിയിരുന്നു.

സഭയുടെ യു.കെ കോർഡിനേറ്റർ ഫാ.തോമസ് മടുക്കമൂട്ടിലിന്റെ നേതൃത്വതിലുള്ള വൈദികരും, നാഷണൽ കൗണ്സിൽ അംഗങ്ങളും മിഷൻ ഭാരവാഹികളും അടങ്ങുന്ന സമിതിയാണ്  ഇത്തവണത്തെ തീര്ഥാടനത്തിനും പുനരൈക്യ വർഷികത്തിനും ചുക്കാൻ പിടിച്ചത്.  ഗ്ലാസ്ഗോ മുതൽ സൗത്താംപ്ടൺ വരെയുള്ള  കുടുംബങ്ങളും ആവേശപൂർവം പ്രാർത്ഥനയോടെ ഒന്നുചേർന്നപ്പോൾ മലങ്കര സഭയുടെ ചരിത്രത്തിൽ പൊൻലിപികളാൽ എഴുതി ചേർക്കപ്പെട്ട അദ്ധ്യായമായി വാൽസിങ്ഹാം തീർഥാടനം മാറി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more