1 GBP = 103.68
breaking news

സിറിയയിലേക്ക്​ എണ്ണ കൊണ്ടുവന്ന ഒരു ഡസൻ കപ്പലുകൾക്കുനേരെയെങ്കിലും ഇസ്രായേൽ ബോംബ്​ വർഷിച്ചതായി വെളിപ്പെടുത്തൽ

സിറിയയിലേക്ക്​ എണ്ണ കൊണ്ടുവന്ന ഒരു ഡസൻ കപ്പലുകൾക്കുനേരെയെങ്കിലും ഇസ്രായേൽ ബോംബ്​ വർഷിച്ചതായി വെളിപ്പെടുത്തൽ

ടെൽ അവീവ്​: കഴിഞ്ഞ രണ്ടു വർഷത്തിനിടെ അയൽ രാജ്യമായ സിറിയയിലേക്ക്​ എണ്ണ കൊണ്ടുവന്ന ഒരു ഡസൻ കപ്പലുകൾക്കുനേരെയെങ്കിലും ഇസ്രായേൽ ബോംബ്​ വർഷിച്ചതായി വെളിപ്പെടുത്തൽ. യു.എസ് ഉദ്യോഗസ്​ഥരെയുൾപടെ ഉദ്ധരിച്ച്​ മുൻനിര മാധ്യമമായ വാൾ സ്​ട്രീറ്റ്​ ജേണലാണ്​ റിപ്പോർട്ട്​ ചെയ്​തത്​. നേരിട്ട്​ ബോംബുവർഷം നടത്തുന്നതിന്​ പകരം ജല കുഴിബോംബുകൾ സ്​ഥാപിച്ചും മറ്റുമാണ്​ ഇവക്കെതിരെ ആക്രമണം നടത്തിയത്​​. ഇറാന്‍റെ കപ്പലുകളാണ്​ ആക്രമിക്കപ്പെട്ടവയിലേറെയും.

സിറിയയിൽ ഇറാൻ ഇടപെടുന്നത്​ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട്​ ​നിരവധി ​തവണ ബോംബാക്രമണങ്ങൾ നടത്തിയതിന്‍റെ റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്‍റെ തുടർച്ചയായാണ്​ കരയിലെന്ന പോലെ കടലിലും ആക്രമണം നടന്നതെന്ന്​ റിപ്പോർട്ട്​ പറയുന്നു. ഇരു രാജ്യങ്ങളും തമ്മിൽ പുതിയ പോർമുഖം തുറക്കുന്നതാണ്​ ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തൽ. 

എണ്ണ കടത്തിനു പുറമെ ആയുധ കൈമാറ്റവും തിരിച്ചറിഞ്ഞ്​ ഇസ്രായേൽ ആക്രമണം നടത്തി. എണ്ണ കടത്ത്​ ഇറാ​ന്​ സാമ്പത്തിക ലാഭം നൽകുമെന്ന്​ കണ്ടായിരുന്നു പിന്തിരിപ്പിക്കൽ. കപ്പലുകൾ തകർന്നില്ലെങ്കിലും തിരിച്ചുപോകാൻ നിർബന്ധിതമായതായി റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. 

അടുത്തിടെ ഇസ്രായേൽ ടാങ്കർ ഹെലിയോസ്​ റേ ആക്രമിക്കപ്പെട്ടിരുന്നു. ഇറാനാണ്​ പിന്ന​ിലെന്ന്​ ഇസ്രായേൽ ആരോപിക്കുകയും ചെയ്​തു. ആരോപണം ഇറാൻ നിഷേധിച്ചു. സമാനമായി, സിറിയയിലേക്കുള്ള മാർഗമധ്യേ ഇറാൻ ടാങ്കറിൽനിന്ന്​ ഒഴുകിയ എണ്ണ ഇസ്രായേൽ തീരത്ത്​ അടിഞ്ഞുകൂടിയിരുന്നു. ഇത്​ ബോധപൂർവം ഒഴുക്കിക്കളഞ്ഞതാണെന്നായിരുന്നു ഇസ്രാ​േയൽ ആരോപണം. എന്നാൽ, നേരത്തെ നടന്ന ആക്രമണങ്ങൾക്കു സമാനമായ നീക്കത്തിൽ എണ്ണ ഒഴുകിയതാണോയെന്നും വ്യക്​തമല്ല. 

ഇറാനെ വരുതിയിൽ നിർത്താനെന്നു പറഞ്ഞ്​ ഏറെയായി ഇസ്രായേൽ ആക്രമണം തുടർക്കഥയാണ്​. ഏറ്റവുമൊടുവിൽ ഇറാനിലെ മുൻനിര ആണവ ശാസ്​ത്രജ്​ഞൻ അടുത്തിടെ കൊല്ലപ്പെട്ടത്​ ഇസ്രായേൽ ആക്രമണത്തിലായിരുന്നു. 

യു.എസുമായി സഹകരിച്ചാണ്​ മിക്കപ്പോഴും ഇസ്രായേൽ മേഖലയിൽ സൈനിക നീക്കങ്ങൾ നടത്തുന്നത്​. ഡോണൾഡ്​ ട്രംപ്​ പൂർണമായി ഇസ്രായേൽ നീക്കങ്ങളെ പിന്തുണ​ച്ചപ്പോൾ പുതുതായി അധികാരമേറ്റ ബൈഡൻ എത്രകണ്ട്​പിന്തുണക്കുമെന്ന ആശങ്ക ഇസ്രായേൽ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹുവിനുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more