1 GBP = 103.12

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് ആവേശകരമായ സ്വീകരണം; അണിയറയിൽ ഒരുങ്ങുന്നത് ഇരുന്നൂറ്റിയമ്പതിലേറെ കലാകാരന്മാർ; കലാമേള സ്വാഗത സംഘം രൂപീകരിച്ചു

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് ആവേശകരമായ സ്വീകരണം; അണിയറയിൽ ഒരുങ്ങുന്നത് ഇരുന്നൂറ്റിയമ്പതിലേറെ കലാകാരന്മാർ; കലാമേള സ്വാഗത സംഘം രൂപീകരിച്ചു

എം പി പദ്മരാജ്

ഓക്സ്ഫോർഡ്: യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് അംഗ അസ്സോസിയേഷനുകളിൽ നിന്ന് ലഭിക്കുന്നത് ആവേശകരമായ സ്വീകരണം. അക്ഷരമുറ്റമായ്‌ ഓക്സ്ഫോർഡിൽ തുടർച്ചയായി മൂന്നാം തവണ ഓക്സ്ഫോർഡ് മലയാളി സമാജം(ഓക്‌സ്മാസ്) ആതിഥേയത്വം വഹിക്കുന്ന കലാമേളയ്ക്ക് കൂടുതൽ ജനപങ്കാളിത്തമാണ് ലഭിക്കുന്നത്. ഇരുന്നൂറ്റിയമ്പതിലേറെ കലാകാരന്മാരാണ് വിവിധ വേദികളിൽ മത്സരങ്ങളിൽ മാറ്റുരയ്ക്കാനെത്തുന്നതെന്ന് പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ അറിയിച്ചു.

കലാമേളയോടനുബന്ധിച്ച് ഒക്ടോബർ ഇരുപതിന് ഓക്സ്ഫോർഡിൽ കൂടിയ പ്രത്യേക യോഗത്തിൽ കലാമേള സ്വാഗത സംഘം രൂപീകരിച്ചു. റീജിയണൽ കമ്മിറ്റിയും ഓക്‌സ്മാസ് അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളായി യോഗത്തിനെത്തിയവരും ചേർന്നാണ് സ്വാഗത സംഘം രൂപീകരിച്ചത്. റീജിയണൽ പ്രസിഡന്റ് ഡോബിജു പെരിങ്ങത്തറ ചെയർമാനും ഓക്‌സ്മാസ് പ്രസിഡന്റ് ജയകൃഷ്ണൻ ബാലകൃഷ്ണൻ വൈസ് ചെയർമാനുമായുള്ള സ്വാഗത സംഘത്തിൽ റീജിയണൽ സെക്രട്ടറി എം പി പദ്മരാജ് ജനറൽ കൺവീനറും വർഗ്ഗീസ് ചെറിയാൻ, സജീഷ് ടോം( യുക്മ പി ആർ ഓ), എം പി പദ്മരാജ് എന്നിവർ കലാമേള കോർഡിനേറ്റർമാരുമായി പ്രവർത്തിക്കും. ബാക്ക് ഓഫീസ് ചുമതല യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു  ജോസഫ് , കലാമേള ചെയർമാൻ ഡോ ബിജു പെരിങ്ങത്തറ എന്നിവർക്കാണ് . റിവ്യൂ കമ്മിറ്റി അംഗങ്ങളായി നാഷണൽ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ്, ഡോ. ബിജു പെരിങ്ങത്തറ, സജീഷ് ടോം എന്നിവരും റിസപ്‌ഷൻ കമ്മിറ്റി അംഗങ്ങളായി ട്രഷറർ ജോ സേവ്യറും ജോയിന്റ് ട്രഷറർ ജിജി മാത്യുവും പ്രവർത്തിക്കും.

നാല് വേദികളിലായി നടക്കുന്ന മത്സരങ്ങൾ നിയന്ത്രിക്കുന്നതിനായി സ്റ്റേജ് ഒന്നിന്റെ ചുമതല വൈസ് പ്രസിഡന്റ് ബെറ്റി തോമസിനും, സിൽവി ജോസിനും , വൈസ് പ്രസിഡന്റ് ജിജി വിക്ടറിനും , ചാരിറ്റി കോർഡിനേറ്റർ ഉമ്മച്ചനും സ്റ്റേജ് രണ്ടിൽ ജോയിന്റ് സെക്രട്ടറി മേഴ്‌സി സജീഷും കോശിയാ ജോസും, സ്റ്റേജ് മൂന്നിന്റെ ചുമതല ജോയിന്റ് സെക്രട്ടറി ജോബി തോമസിനും ചാർളി മാത്യുവിനും, സ്റ്റേജ് നാലിന്റ ചുമതല സ്പോർട്സ് കോർഡിനേറ്റർ എബിൻ എലിയാസിനും രേഖ കുര്യനുമായിരിക്കും.

രാവിലെ ഒമ്പത് മണിയോടെ യുക്മ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്രരചനാ മത്സരങ്ങളോടെയായിരിക്കും കലാമേള വേദിക്ക് തുടക്കമാവുക. യുക്മ സാംസ്‌കാരിക വേദി അംഗവും റീജിയണൽ വൈസ് പ്രസിഡന്റുമായ ജിജി വിക്ടറുടെ നേതൃത്വത്തിലായിരിക്കും ചിത്രരചനാ മത്സരങ്ങൾ നടക്കുക. തുടർന്ന് ഒമ്പതര മണിയോടെ റീജിയണൽ കലാമേള മത്സരങ്ങൾ ആരംഭിക്കും. തിരുവാതിരയോടെയാകും മത്സരങ്ങൾക്ക് തുടക്കമാകുകയെന്ന് ജനറൽ കൺവീനർ എം പി പദ്മരാജ് അറിയിച്ചു.

ഓക്സ്ഫോർഡിലെ സൗകര്യപ്രദമായ ബിസ്റ്ററിലെ ദി ബിസ്റ്റർ സ്‌കൂളിലാണ് കലാമേളയ്ക്ക് വേദിയൊരുങ്ങുക. നാല് വേദികളിലായി ഒരുങ്ങുന്ന കലാമേള രാവിലെ ഒമ്പതര മണിയോടെ തന്നെ സമാരഭിക്കും.  ഉത്‌ഘാടന സമ്മേളനത്തിൽ സൗത്ത് വെസ്റ്റ് റീജിയണിൽ നിന്നുള്ള യുക്മ നാഷണൽ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് അടക്കമുള്ള ദേശീയ ഭാരവാഹികളും റീജിയണൽ ഭാരവാഹികളും പങ്കെടുക്കും. ഇക്കുറിയും സമയബന്ധിതമായി പരിപാടികൾ നടത്തി തീർക്കുന്നതിന് സമയക്രമങ്ങൾ പാലിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഇതിനകം തന്നെ നൽകിക്കഴിഞ്ഞു. പരിപാടികൾക്ക് പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി ഒക്ടോബർ 23 ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ അവസാനിക്കും. കഴിഞ്ഞ വര്ഷത്തെപ്പോലെ തന്നെ ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യമാണ് ഇക്കുറിയും നടത്തേണ്ടത്. ഇതിനായുള്ള വെബ്സൈറ്റ് അഡ്രസ്സും, ലോഗ് ചെയ്യാനുള്ള യൂസർ നെയിം, പാസ്വേർഡ് എന്നിവ അതാതു അംഗ അസോസിയേഷനുകളുടെ പ്രസിഡന്റ് / സെക്രട്ടറി എന്നിവർക്ക് ഇമെയിൽ ചെയ്യുന്നതായിരിക്കും. വ്യക്തിഗത ഇനങ്ങൾക്ക് മൂന്ന് പൗണ്ടും ഗ്രൂപ്പിനങ്ങൾക്ക് ഒരു ഗ്രൂപ്പിന് പന്ത്രണ്ട് പൗണ്ടുമാണ് രജിസ്‌ട്രേഷൻ ഫീസ്.

വിശാലമായ കാർ പാർക്കിംഗ് സൗകര്യമുള്ള ബിസ്റ്റർ സ്‌കൂളിൽ മിതമായ നിരക്കിൽ കേരളീയ വിഭവങ്ങളടങ്ങിയ ഭക്ഷണശാലയും സംഘാടകർ ഒരുക്കിയിട്ടുണ്ട്. അക്ഷരമുറ്റമായ ഓക്സ്ഫോർഡിലേക്ക് എല്ലാ കലാകാരന്മാരെയും കലാപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സൗത്ത് വെസ്റ്റ് റീജിയണൽ നിർവ്വാഹക സമിതി അറിയിച്ചു.

കലാമേള വേദിയുടെ വിലാസം

THE BICESTER SCHOOL

QUEENS AVENUE

BICESTER, OXFORD

OX26 2NS

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more