ജഡ്ജിമാര്‍ക്ക് കേസുകള്‍ വിഭജിച്ച് നല്‍കുന്നതിനുള്ള റോസ്റ്റര്‍ സംവിധാനം സുപ്രിം കോടതിയില്‍ ഇന്ന് മുതല്‍ നിലവില്‍വരും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് റോസ്റ്റര്‍ സംവിധാനത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഇന്ന് മുതല്‍ റോസ്റ്റര്‍ പ്രകാരമായിരിക്കും ജഡ്ജിമാര്‍ക്ക് കേസുകള്‍ അനുവദിക്കുക.
ജഡ്ജിമാര്‍ക്ക് കേസുകള്‍ വിഭജിച്ച് നല്‍കുന്നതിന് കൃത്യമായ മാനദണ്ഡം വേണമെന്നത് ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനം ഉന്നയിച്ച നാല് മുതിര്‍ന്ന ജഡ്ജിമാരുടെ പ്രധാന ആവശ്യമായിരുന്നു. പൊതു താത്പര്യ ഹര്‍ജികള്‍, സാമൂഹ്യ നീതി വിഷയങ്ങള്‍, ഭരണഘടനാ പദവികളില്‍ നിയമനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് പരിഗണിക്കും. തൊഴില്‍, നഷ്ടപരിഹാരം, ക്രിമിനല്‍, ഭൂകേസുകള് എന്നിവ ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ച് പരിഗണിക്കും.
ആദായനികുതി, കോടതിയലക്ഷ്യം, വ്യക്തിനിയമ കേസുകള്‍ എന്നിവ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ബെഞ്ചാവും പരിഗണിക്കുക. സാമൂഹ്യനീതി, പരിസ്ഥിതി, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍ ജസ്റ്റിസ് മദന്‍ ലോകുറിന്റെ ബെഞ്ചിനാവും വിടുക.
കുടുംബ നിയമം, സര്‍വീസ് വിഷയങ്ങള്‍, മത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ തുടങ്ങിയ ജസ്റ്റിസ് കുര്യന് ജോസഫിന്റെ ബെഞ്ചും ക്രിമിനല്‍ വിഷയങ്ങള്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചും പരിഗണിക്കും.
സുപ്രിം കോടതിയില്‍ ജഡ്ജിമാര്‍ക്ക് കേസുകള്‍ വിഭജിച്ച് നല്‍കുന്നത് യുക്തിപൂര്വമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സഹപ്രവര്‍ത്തകരായ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ജനുവരി 12 ന് കോടതി നിര്‍ത്തിവെച്ച് വാര്‍ത്താസമ്മേളനം വിളിച്ച് ചീഫ് ജസ്റ്റ്സിനെതിരെ ആരോപണം ഉന്നയിച്ചത്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ ജുഡീഷ്യറില്‍ അസാധാരണമായ പ്രതിസന്ധിയായിരുന്നു ഉടലെടുത്തത്. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രശ്നപരിഹാരത്തിലേക്ക് നീങ്ങിയിരിക്കുന്നത്.
ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന് ജോസഫ് എന്നിവരായിരുന്നു വാര്‍ത്താ സമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
click on malayalam character to switch languages