1 GBP = 103.69

പരമാധികാരം ചീഫ് ജസ്റ്റിസിനെന്ന് സുപ്രീംകോടതി

പരമാധികാരം ചീഫ് ജസ്റ്റിസിനെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്ക് വിഭജിച്ച് നല്‍കാനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിനാണെന്ന് സുപ്രീം കോടതി. കേസുകള്‍ വിഭജിച്ചു നല്‍കാനുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരം ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാൽപര്യഹർജി കോടതി തള്ളി.

സുപ്രീം കോടതിയിലെ കേസുകൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ജോലി വിഭജനത്തിൽ ചീഫ് ജസ്റ്റിസിനുള്ള അധികാരത്തിൽ (മാസ്റ്റർ ഓഫ് റോസ്റ്റർ) വ്യക്തത ആവശ്യപ്പെട്ടാണു മുൻ നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷന്‍ ഹർജി നൽകിയത്. ഭരണഘടനയിൽ ചീഫ് ജസ്റ്റിസിന്റെ അധികാരം നിർവചിച്ചിട്ടില്ലെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്.

ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസുകള്‍ വിഭജിക്കുന്ന സമയത്ത് കൊളീജിയത്തിലെ അംഗങ്ങളുമായി ചര്‍ച്ച ചെയ്ത് ഏതു ബെഞ്ചിനു നല്‍കണമെന്ന് തീരുമാനിക്കണമെന്ന ഹര്‍ജിക്കാരന്റെ നിര്‍ദേശം പ്രായോഗികമല്ലെന്ന് കോടതി പറഞ്ഞു. അടിയന്തര സ്വഭാവമുള്ള കേസുകളാകും കോടതിക്കു മുന്നിലെത്തുക. ഈ സമയത്ത് കൊളിജീയം കൂടി തീരുമാനമെടുക്കുക എന്നത് അപ്രായോഗികമാണെന്ന് കോടതി നിരീക്ഷിച്ചു.

ഇതേ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെയും രണ്ട് വിധി പ്രസ്താവങ്ങള്‍ സുപ്രീം കോടതിയിൽ നിന്നുണ്ടായിരുന്നു. ഇതിലൊന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതും മറ്റൊന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതുമായിരുന്നു. ഈ രണ്ട് വിധിപ്രസ്താവങ്ങളിലും പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അതേപടി ശരിവയ്ക്കുന്നതാണ് ഇന്നത്തെ വിധിയും. ഹൈക്കോടതിയിലും ഏത് ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടതെന്ന തീരുമാനമെടുക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് അധികാരമെന്നും കോടതി പറഞ്ഞു.

ശാന്തിഭൂഷന്റെ ഹർജിയിൽ ചീഫ് ജസ്റ്റിസിനെയും എതിർകക്ഷിയാക്കിയിരുന്നു. മകൻ പ്രശാന്ത് ഭൂഷൺ മുഖേനയാണു ശാന്തിഭൂഷൺ ഹർജി നൽകിയത്. ജോലി വിഭജനത്തിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ നാലു മുതിർന്ന ജഡ്ജിമാർ അധികാര ദുർവിനിയോഗം ആരോപിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more