പ്രെസ്റ്റൺ:- യു കെ മലയാളികളെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വീണ്ടുമൊരു മലയാളി കൂടി മരണമടഞ്ഞു. കോവിഡ് രോഗബാധയെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന പ്രെസ്റ്റൺ സ്വദേശി സണ്ണി ജോൺ (70) മരണത്തിന് കീഴടങ്ങി. രണ്ട് ആഴ്ചയായി വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരുന്നത്. ആന്തരികാവയവങ്ങൾ തകരാറിലായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ നിന്നും മാറ്റുകയായിരുന്നു.
കൂത്താട്ടുകുളം രാമമംഗലം, കിഴുമുറി സ്വദേശിയാണ് ക്രിസ്റ്റൽ ഭവനിൽ സണ്ണി ജോൺ. കൂത്താട്ടുകുളം ചൊറിയംമാക്കിൽ കുടുംബാംഗമാണ്. ഭാര്യ എൽസി, കിഴുമുറി പരതംമാക്കിൽ കുടുംബാംഗമാണ്. മക്കൾ: നെൽസൺ, നിക്‌സൺ മരുമകൾ റിയോ ജോസഫ്.
2004-ൽ ഗൾഫിൽ നിന്നുമാണ് സണ്ണിച്ചേട്ടനും കുടുംബവും യുകെയിലെത്തുന്നത്.പ്രെസ്റ്റണിലെ മലയാളികളുടെ കാരണവർ ആയിരുന്നു ഏവർക്കും പ്രിയങ്കരനായിരുന്ന സണ്ണി ചേട്ടൻ. കൂത്താട്ടുകുളം സ്വദേശിയായ സണ്ണിച്ചേട്ടൻ ഇപ്പോൾ കോലഞ്ചേരിക്കടുത്ത് രാമമംഗലത്ത് ആണ് താമസിച്ചിരുന്നത്.
ഭാര്യ എൽസി സ്റ്റാഫ് നഴ്‌സാണ്. മൂത്ത മകൻ നെൽസൺ കുടുംബസമേതം മാഞ്ചസ്റ്ററിലാണ് താമസിക്കുന്നത്. ഇളയ മകൻ നിക്സൺ ലണ്ടൻ ഇൻപീരിയർ കോളേജിൽ പി എച്ച് ഡി ചെയ്യുന്നു.
കോവിഡ് രോഗബാധിതനായി മരണമടയുന്ന പതിനൊന്നാമത് മലയാളിയാണ് സണ്ണി ജോൺ. മൃതദേഹം നാട്ടിൽ കൊണ്ടു പോകണമെന്ന് കുടുംബം ആഗ്രഹിക്കുന്നെങ്കിലും ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ യുകെയിൽ തന്നെ അടക്കം ചെയ്യുമെന്നാണ് കരുതുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
സണ്ണിച്ചേട്ടൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൺ തോമസ് തുടങ്ങിയവർ അനുശോചനം അറിയിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ!!!
click on malayalam character to switch languages