1 GBP = 104.05

സണ്ണി സ്റ്റീഫന്‍-നാല് പതിറ്റാണ്ട് പിന്നിടുന്ന നന്മയുടെ ജീവിതസാക്ഷ്യം

സണ്ണി സ്റ്റീഫന്‍-നാല് പതിറ്റാണ്ട് പിന്നിടുന്ന നന്മയുടെ ജീവിതസാക്ഷ്യം

സിസ്റ്റര്‍ ഡോ. ജോവാന്‍ ചുങ്കപ്പുര

2021 ഒക്ടോബർ 9, സണ്ണിസ്റ്റീഫന്റെ അൻപത്തിയൊൻപതാം ജന്മദിനമാണ്. കാലദേശങ്ങള്‍ക്കും ജാതിമതചിന്തകള്‍ക്കുമതീതമായ് പ്രവര്‍ത്തിക്കുന്ന മനുഷ്യസ്നേഹി, അനാഥര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പണം ചെയ്ത കര്‍മ്മയോഗി,  ലോകത്തിന്റെ അതിര്‍ത്തിവരെ സാക്ഷിയായിരിക്കുക എന്ന ദൈവവിളിയുടെ ആഹ്വാനം ഹൃദയത്തില്‍ ഏറ്റുവാങ്ങി നിയോഗശുദ്ധിയോടെ ജീവിക്കുന്ന കാരുണ്യത്തിന്റെ അപ്പസ്തോലന്‍, ഒരു ഹൃദയം ഒരു ലോകം എന്ന ഉള്‍ക്കരുത്തുള്ള ദര്‍ശനത്തോടെ ആയിരത്തിതൊള്ളായിരത്തിതൊണൂറ്റിയഞ്ചില്‍ സ്ഥാപിക്കപെട്ട വേള്‍ഡ് പീസ്‌ മിഷന്‍ എന്ന സംഘടനയുടെ സ്ഥാപകന്‍.

ഭൂമിയിലെ എല്ലാ മനുഷ്യരെയും താരതമ്യങ്ങളോ,  വേര്‍തിരിവുകളോ,  വിധിവാചകങ്ങളോ,  വിഭാഗീയതയോയില്ലാതെ കരം കൂപ്പിയും കൃതജ്ഞതയോടെയും സ്വീകരിക്കുവാനും ആദരിക്കുവാനും ഉച്ചത്തില്‍ പ്രഘോഷിക്കുകയും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിലുള്ള വേള്‍ഡ് പീസ്‌ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇരുപത്തിയേഴു വര്‍ഷം പിന്നിടുകയാണ്. ലോകസമാധാന പരിശ്രമങ്ങള്‍ക്കും, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും, മതൈക്യത്തിനും, ഉപവിപ്രവര്‍ത്തനങ്ങള്‍ക്കും കാൽനൂറ്റാണ്ടിലേറെയായ് ജീവിതംകൊണ്ട് അടയാളപ്പെടുത്തിയ വ്യക്തിത്വത്തെ ജറുസലേം യൂണിവേഴ്സിറ്റി മാനവികതയുടെ വിശ്വപൗരന്‍ എന്ന ബഹുമതിയോടെ ഈ വര്‍ഷം ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ജ്വലിക്കുന്ന ആത്മവിശ്വാസവുമായി ജീവിതത്തിന്റെ വെല്ലുവിളികള്‍ നേരിട്ട് മുന്നേറുമ്പോഴും സണ്ണി സ്റ്റീഫന്‍ നമുക്കിടയില്‍ വെറും സാധാരണക്കാരനെപ്പോലെ സഞ്ചരിക്കുന്ന അസാധാരണ വ്യക്തിത്വമാണ്.

നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ലോകസമാധാനത്തിന്റെ പ്രായോഗിക പാഠങ്ങളിലൂടെയും നിശബ്ദസേവനങ്ങളിലൂടെയും മനുഷ്യരോടൊപ്പം സഞ്ചരിച്ച ഈ മനുഷ്യസ്നേഹി,  ആയിരത്തിതൊള്ളായിരത്തിതൊണൂറ്റിയഞ്ചില്‍ കേരളത്തിലാരംഭിച്ച്, ഇന്ത്യയിലാകെ വേരൂന്നിവളര്‍ന്ന് അഞ്ച്ഭൂഖണ്ഡങ്ങളില്‍ ശാഖോപശാഖകളായി വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന വേള്‍ഡ് പീസ്‌ മിഷന്‍ എന്ന സംഘടനയെ ലോകത്തിന്റെ നെറുകയില്‍ കാരുണ്യത്തിന്റെ അടയാളമായി നിലനിര്‍ത്തുമ്പോള്‍, കഠിനപ്രയത്നത്തിന്റെയും അതിലേറെ പ്രാര്‍ത്ഥനയുടേയും ശ്രമഫലമാണ് ഉപമാനമില്ലാത്ത ഈ വിജയം.

അദ്ധ്യാപകന്‍, സംഗീതജ്ഞന്‍, ഫാമിലി കൗണ്‍സിലര്‍ എന്നീ മികവിനൊപ്പം കവി, ഗാനരചയിതാവ്, ഗ്രന്ഥകാരന്‍, സംവിധായകന്‍, പ്രഭാഷകന്‍, പത്രാധിപര്‍, ജീവകാരുണൃപ്രവര്‍ത്തകന്‍ എന്നീ നിലകളിലും  സണ്ണി സ്റ്റീഫന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.  ഇചഛാശക്തിയുടെയും, നിശ്ചയദാര്‍ഢൃത്തിന്റെയും നല്ല പാഠങ്ങളാണ് ഈ സമാധാനദൂതന്‍ നമുക്കു നല്‍കുന്നത്. രാജ്യരാജ്യാന്തരങ്ങള്‍ വളര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് മുന്നേറുമ്പോഴും അതൊന്നും വാര്‍ത്തയാക്കാനും ഇദ്ദേഹം ശ്രമിക്കാറില്ല.

ആഹാരത്തിനും, വിദ്യാഭ്യാസത്തിനുമായി വിശക്കുന്നവര്‍ക്കു മുന്‍പില്‍ അന്നവും അക്ഷരവും ആദരവോടെ നല്‍കിയും, സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരേയും, സ്വന്തബന്ധങ്ങള്‍ കൈവിട്ടവരേയും, ഏറ്റുവാങ്ങി കരുണയുടെയും കരുതലിന്റെയും ദാഹജലമായി മാറിയും, ജാതിമതവര്‍ഗ്ഗവര്‍ണ്ണ വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങള്‍ക്കുമിടയിലുള്ള മനുഷ്യരേയും ഒരു നല്ല സമരിയാക്കാരനെപ്പോലെ പരിരക്ഷിച്ചും, അന്യന്റെ സ്വകാര്യതകളെ സംരക്ഷിക്കുകയും, വീണവനെ വീണ്ടും ചവിട്ടാതെ വീണ്ടെടുക്കുകയും ചെയ്യുന്ന മനുഷ്യത്വത്തിന്റെ ദൈവീകഭാവമായും, രോഗികളും, അവശരും, ആലംബഹീനരുമായ് ദുരിതക്കയത്തിലായവരെ ആശുപത്രികളിലും വീടുകളിലും പരിചരണവും ശുശ്രൂഷകളും നല്‍കിയും, തടവറപോലെ ജീവിക്കുന്ന മനുഷ്യര്‍ക്കിടയില്‍, കൗണ്‍സിലിങ്ങിലൂടെയും,  പരിപാലനശുശ്രൂഷകളിലൂടെയും പുതിയ ആകാശവും പുതിയ ഭൂമിയും കാണിച്ചു കൊടുത്തും, ദൈവത്തോടൊപ്പം നടക്കുന്നവര്‍ മനുഷ്യരോടൊപ്പം നടക്കണമെന്ന കാപട്യമില്ലാത്ത മാനുഷികനന്മയുടെ അകപ്പൊരുള്‍ജീവിതമാക്കിയും ഈ സ്നേഹസഞ്ചാരി നമുക്കു മുന്നില്‍ തുറന്നിട്ട വേള്‍ഡ് പീസ്‌ മിഷന്‍ എന്ന സംഘടന വഴി സാധൃമാകുന്നു.

ലളിതമായി ആരംഭിച്ച വേള്‍ഡ് പീസ്‌ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്നാണ് ജനശ്രദ്ധ നേടിയത്. നടന്നതെല്ലാം അവിശ്വസനീയം. ദൈവം തനിക്കു ദാനമായി തന്ന സംഗീതം എന്ന താലന്തില്‍നിന്ന് ആരംഭിച്ചു.പാട്ടെഴുതി സംഗീതം നല്‍കി രണ്ടു മാസത്തിലൊരിക്കല്‍ ഒരു സംഗീത ആല്‍ബം എന്ന ക്രമത്തില്‍ പുറത്തിറക്കി. താല്പര്യമുള്ള പ്രതിനിധികളെ കണ്ടെത്തി വീടുകള്‍തോറും എരിയാ തിരിച്ച് വിതരണം ക്രമീകരിച്ചു. വില്‍ക്കുന്ന ആല്‍ബത്തിന്റെ വിലയില്‍ അമ്പതു ശതമാനം അവര്‍ക്ക് നല്‍കി. ഒന്നര വര്‍ഷത്തിനുള്ളില്‍ ആയിരത്തിഎണ്ണൂറ്റിയിരുപത് കുടുംബങ്ങള്‍ക്ക് അത് ജീവിതമാര്‍ഗ്ഗമായി.  ഒപ്പം അതാത് ഏരിയായിലുള്ള ദരിദ്രരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസസഹായം നല്‍കാന്‍ തീരുമാനിച്ച്-വില്‍ക്കുന്ന ഓരോ ആല്‍ബത്തിന്റെയും മുപ്പതു ശതമാനം കുട്ടികള്‍ക്കും പ്രതിമാസം വിദ്യാഭ്യാസസഹായം നല്‍കി. നന്മമരങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കേരളത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ വേറിട്ട വഴിയായിരുന്നത്. രണ്ടു പതിറ്റാണ്ട് ഈ ശുശ്രൂഷകള്‍ സജീവമായി നിലനിര്‍ത്തി. ഒരു മനുഷ്യന്റെ നിശ്ചയദാര്‍ഢൃത്തിന്റെ ഫലങ്ങളാണിവ.
മഹാപ്രളയകാലത്ത് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണകിറ്റുകളും, മറ്റ് വീട്ടുപകരണങ്ങളും വിതരണം ചെയ്തും ചികിത്സാസഹായങ്ങള്‍ നല്‍കിയും അവരുടെ കെടുതികളില്‍ മുന്നില്‍ നിന്ന് സഹായിച്ചത് എന്നും മറക്കാനാവാത്ത സുകൃതങ്ങളാണ്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഭക്ഷണകിറ്റുകളുടെ വിതരണവും, വിദ്യാഭ്യാസ സഹായവും, കൗണ്‍സിലിങ്ങും നല്കി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു. ബിഷപ്പ് ജോര്‍ജ് പള്ളിപറമ്പില്‍, ഗോരഗോണ്‍ ബിഷപ്പ് മാര്‍ ജേക്കബ്‌ ബര്‍ണബാസ് എന്നിവരുടെ നിര്‍ലോപമായ സഹകരണം വഴി മിഷന്‍ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ വിന്യസിപ്പിക്കാനും വളരാനും ഇടവന്നുവെന്ന് ഇന്നും നന്ദിയോടെ സണ്ണിസ്റ്റീഫന്‍ ഓര്‍ക്കുന്നു.

ഇന്ത്യയ്ക്ക് പുറത്തു പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചുകൊണ്ട്‌ വളര്‍ച്ചയുടെ സാധ്യതകള്‍ ദൈവകരങ്ങളാല്‍ സജ്ജമായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷമായി ആഫ്രിക്കയിലെ നിര്‍ദ്ധനരായ മനുഷ്യരുടെ ഇടയില്‍ വേള്‍ഡ്പീസ്‌മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ഒന്‍പത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭക്ഷണകിറ്റ് വിതരണവും വിദ്യാഭ്യാസസഹായപദ്ധതികളും വിപുലമായി നടത്തപ്പെടുന്നു. വിവിധ സന്യാസ സഭകളിലെ സഹോദരിമാരാണ് ഓരോ രാജ്യത്തെയും ചുമതലകള്‍ ഏറ്റെടുത്ത് “അന്നവും അക്ഷരവും ആദരവോടെ” എന്ന പദ്ധതി നടപ്പാക്കുന്നത്. വേള്‍ഡ് പീസ്‌ മിഷന്റെഫാമിലി കോണ്‍ഫെറന്‍സുകളിലൂടെയും, സുഹൃദ്ബന്ധങ്ങളിലൂടെയുമുള്ള ആയിരത്തിലേറെ സുമനസ്സുകളാണ് ഇതിനാവശ്യമായ ഫണ്ട്‌ സ്പോണ്‍സര്‍ ചെയ്യുന്നത്. അതാത് സ്ഥലങ്ങളിലേക്ക് അവര്‍ നേരിട്ട് പണം അയച്ചു കൊടുക്കുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്ത് പണമിടപാടുകള്‍ സുതാര്യമാക്കിയിരിക്കുന്നു. ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതും വിതരണം ചെയ്യുന്നതും വിദ്യാഭ്യാസ സഹായം നല്കുന്നതും കൃത്യമായി സ്പോണ്‍സര്‍മാരെ അറിയിക്കുകയും ചെയ്യുന്നു. ലോകത്ത് സംഘര്‍ഷങ്ങളും ദുരിതങ്ങളും നിറഞ്ഞ മേഖലകളില്‍ മനുഷ്യരുടെ വിശപ്പകറ്റാനും, വിദ്യാഭ്യാസത്തിലൂടെ വീണ്ടെടുക്കുവാനും യത്നിക്കുന്ന വേള്‍ഡ്പീസ്‌മിഷന്റെ കാരുണ്യപദ്ധതികള്‍ ലോകം മുഴുവനും ഇന്ന് ആദരവോടെ നോക്കിക്കാണുന്നു. സൗത്ത് ആഫ്രിക്കന്‍ ബിഷപ്പ് കൗണ്‍സില്‍ പ്രസിഡന്റ്‌ ബിഷപ്പ് സിപൂക്കയുടെ മേല്‍നോട്ടവും സഹായസഹകരണങ്ങളും വേള്‍ഡ് പീസ്‌ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലമായി.

“അപരന്റെ കണ്ണീരില്‍ സ്വന്തദുഃഖവും അന്യന്റെ ഹൃദയത്തില്‍ സ്വര്‍ഗ്ഗരാജ്യവും” കാണാനുള്ള മനുഷ്യസ്നേഹത്തിന്റെ ഉദാത്തമായ അടയാളമാണ് സണ്ണി സ്റ്റീഫന്‍. നിലപാടുകളിലെ സത്യസന്ധതകൊണ്ടും, ജീവിതലാളിത്യംകൊണ്ടും, ആശയഗാംഭീര്യംകൊണ്ടും ഈ വ്യക്തിപ്രഭാവം നമ്മെ അതിയിപ്പിക്കുന്നു. മതമല്ല മനുഷ്യനും മനുഷ്യത്വവുമാണ് വലുതെന്ന ദര്‍ശനത്തിന്റെ പ്രകാശം പരത്തി ത്യാഗമാണ് സമ്പാദ്യം, താഴ്മയാണ് സിംഹാസനമെന്നും ജീവിതം കൊണ്ട് നമ്മെ ഇദ്ദേഹം പഠിപ്പിക്കുന്നു.

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രബോധകനായി ലോകസമൂഹത്തിന്‍ പുതിയ ചിന്തകള്‍ നല്‍കി, നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഗള്‍ഫ് നാടുകള്‍ ഉള്‍പ്പെടെ നാല്‍പ്പതിലേറെ രാജ്യങ്ങളില്‍ ഫാമിലി കോണ്‍ഫറന്‍സുകള്‍, മോട്ടിവേഷണല്‍ ക്ലാസുകള്‍, യുവജനസെമിനാറുകള്‍, ഫാമിലി കൗണ്‍സിലിങ് തുടങ്ങി നൂറിലേറെ പ്രോഗ്രാമുകളില്‍ ഓരോ വര്‍ഷവും പങ്കെടുക്കുന്നു. ഇതിനിടയില്‍ ഓരോ സംഗീതാല്‍ബവം വര്‍ഷംതോറും പുറത്തിറക്കുന്നുണ്ട്.ഡോ. ശശിതരൂര്‍ അവതാരിക എഴുതി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒന്‍പതാമത്തെ പുസ്തകമാണ് ജനപ്രീതി നേടിയ “എസ്സന്‍സ് ഓഫ് ലൈഫ്” എന്ന ജീവിതപാഠപുസ്തകം.

വിവിധരാജ്യങ്ങളിലെ ആദിവാസിമേഖലകളിലും അവഗണിക്കപ്പെടുന്ന വിഭാഗങ്ങള്‍ക്കുമിടയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ശ്രദ്ധിക്കുകയും, ഭക്ഷണവും മരുന്നും വാസസ്ഥലവും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി സഹായങ്ങള്‍ എത്തിക്കുന്നതിലും സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിലുള്ള വേള്‍ഡ് പീസ്‌ മിഷന്‍സംഘം മുന്നിലാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, അവിവാഹിതരായ അമ്മമാര്‍,  അസ്വഭാവികമരണം, ലഹരിമരുന്നു നല്‍കിയുള്ള ചൂഷണം തുടങ്ങി ആദിവാസിമേഖലകളെ ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയശ്രമങ്ങള്‍ക്കെതിരെയും സണ്ണി സ്റ്റീഫന്‍ പോരാടുന്നു.
മതമൈത്രിയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി നാല് പതിറ്റാണ്ട് പിന്നിടുന്ന ഈ സ്നേഹസംഗീതം, വിമര്‍ശനങ്ങളുടെ വേലിയേറ്റമുണ്ടാകുമ്പോഴും ആത്മസംയമനം നല്ലൊരു പരിചയായ് നിലനിര്‍ത്തുന്നു.

ദൈവസ്നേഹത്തിന്റെ അതിരില്ലായ്മയെക്കുറിച്ച് സൗമ്യതയോടെ പറഞ്ഞു തരുന്ന ശാന്തഗംഭീരമായ പ്രഭാഷണങ്ങള്‍, ഒരിക്കലും മറക്കാനാവാത്ത സ്നേഹവിരുന്നുകളാണ്. വിവിധ സമൂഹങ്ങളില്‍ സങ്കീര്‍ണ്ണമായി നില്‍ക്കുന്ന തര്‍ക്കവിഷയങ്ങളില്‍ ഇടപെട്ട് ഏറ്റം ലളിതമായ നിര്‍ദ്ദേശങ്ങളിലൂടെ പരിഹരിക്കുന്നതും, പ്രതീക്ഷ നല്‍കി വീണ്ടെടുക്കുന്നതും ഒരു അത്ഭുതംപോലെയാണ് അനുഭവപ്പെടുന്നത്. പ്രതിഫലേച്ഛകൂടാതെ നാലു പതിറ്റാണ്ടിനിടയില്‍ ഇരുപത്തിയെണ്ണായിരത്തിലേറെ കുടുംബങ്ങള്‍ക്ക് ഫാമിലി കൗണ്‍സിലിങ്ങിലൂടെ സമാധാന ജീവിതത്തിനുള്ള വെളിച്ചം നല്‍കിയും, സാമൂഹ്യ പ്രശ്നങ്ങള്‍ക്കും തര്‍ക്കവിഷയങ്ങള്‍ക്കും മുറിവേല്‍പ്പിക്കാതെ പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചും ഈ മനുഷ്യസ്നേഹി നമ്മെ അമ്പരിപ്പിക്കുന്നു.

“ഒരു ഹൃദയം ഒരു ലോകം” എന്ന ആശയം വിളംബരം ചെയ്യുന്ന മതാന്തരസംവാദങ്ങള്‍, സെമിനാറുകള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ആഗോളതലത്തില്‍ മൂല്യാധിഷ്ഠിത വിദ്യഭ്യാസപദ്ധതികള്‍, മെഡിക്കല്‍ക്യാമ്പുകള്‍, പാല്യേറ്റീവ് കെയര്‍,ക്യാന്‍സര്‍ ചികിത്സാസഹായം, സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള ഒട്ടനവധി പദ്ധതികള്‍, ഗ്രീന്‍വേള്‍ഡ് മിഷന്റെ നേതൃത്വത്തില്‍ എക്കോ എഡൂക്കേഷന്‍, ആധുനിക സാങ്കേതിക സങ്കേതങ്ങളുപയോഗിച്ചുള്ള മീഡിയ പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍, ജീവിതസായാഹ്നത്തിലെത്തിയവര്‍ക്കായി പീസ്‌ ഗാര്‍ഡന്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് വേള്‍ഡ് പീസ്‌ മിഷന്റെ കുടക്കീഴില്‍ കാല്‍നൂറ്റാണ്ട് പിന്നിട്ട് സജീവമായി പ്രവര്‍ത്തിക്കുന്നത്.

സണ്ണി സ്റ്റീഫന്റെ ആഗോള ഉപവിപ്രവര്‍ത്തനങ്ങളെ ആദരിച്ച് കോട്ടയം-കുടമാളൂരില്‍ പ്രവര്‍ത്തിച്ചിരുന്ന കരുണാഭവന്‍ ട്രസ്റ്റിന്റെ മുപ്പത്തിമൂന്നു സെന്‍റ്  സ്ഥലവുംകെട്ടിടവും വേള്‍ഡ് പീസ്‌മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സൗജന്യമായ് കൈമാറി.

ലോകസമൂഹത്തിന് ഒട്ടേറെ വിഷയങ്ങളില്‍ പുതിയ ചിന്തകളും പ്രവര്‍ത്തനമേഖലകളും തുറന്നു കാണിച്ച ഈ ബഹുമുഖപ്രതിഭ, മാനവികതയുടെ വിശാലലോകത്ത് ഒരു അടയാളമാണ്, മനുഷ്യസേവനത്തിന് മാതൃകയാണ്, പ്രവൃത്തിയാണ് പ്രാര്‍ത്ഥനയെന്ന് ജീവിതം കൊണ്ട് വെളിപ്പെടുത്തുകയാണ്. സമാനതകളില്ലാത്ത ജീവിതസാക്ഷ്യം നല്‍കിയ സണ്ണിസ്റ്റീഫന്‍ നമുക്കു നല്‍കുന്നത് സ്നേഹത്തിന്റെയും. കാരുണ്യത്തിന്റെയും, സമാധാനത്തിന്റെയും നല്ല പാഠങ്ങളാണ്. ആയുസ്സിന്റെ നീളത്തെക്കാള്‍ കര്‍മ്മങ്ങളിലെ നന്മയാണ് ജീവിതത്തിന്റെ നന്മയെന്ന് ഈ സ്നേഹഗായകന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

•••••••••••••••••••••••••••••••••
Box news

ജീവിതം സംഗീതസാന്ദ്രം

ഒന്‍പത് സിനിമകള്‍, അവയില്‍ ജയരാജിന്റെ കരുണം എന്ന ചിത്രത്തിലെ സംഗീതത്തിന് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഇന്‍റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലില്‍ ജൂറിയുടെ പ്രത്യേക പ്രശംസ. സംസ്ഥാന അവാര്‍ഡിന് പുറമേ പതിനേഴ്‌ ബഹുമതികള്‍കൂടി. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ ജോണ്‍ എബ്രഹാം അവാര്‍ഡ്, ഫിലിം ക്രിടിക്സ്‌ അവാര്‍ഡ്, സംഗീതരത്നം അവാര്‍ഡ്, നാനാ അവാര്‍ഡ്, കൂടാതെ തിരുനാമകീര്‍ത്തനത്തിന് കെ.സി.ബി.സിയുടെ സ്പെഷ്യല്‍ അവാര്‍ഡും ലഭിച്ചു.

സിനിമാഗാനങ്ങള്‍ക്കു പുറമേ ഗസലുകള്‍, ഉത്സവഗാനങ്ങള്‍, നാടന്‍ പാട്ടുകള്‍, നാടോടി പാട്ടുകള്‍, വിഷാദഗീതങ്ങള്‍, ഭക്തിഗാനങ്ങള്‍ തുടങ്ങി ഒട്ടനവധി സംഗീതആല്‍ബങ്ങളിലൂടെ മലയാളസംഗീതശാഖയ്ക്ക് ഓർക്കാനും ഓമനിക്കാനും എത്രയോ ഗാനങ്ങള്‍ ഈ സംഗീതമാന്ത്രികന്‍ സമ്മാനിച്ചു.

ഉത്രാടപ്പൂവിളിയില്‍ കേരളമുണരുകയായ്, ആടിക്കാറിന്‍ മഞ്ചല്‍, ഓര്‍മ്മയില്‍ കാണുന്നതീ മുഖം മാത്രം, പൊന്‍ചിങ്ങച്ചില്ലയിലാരോ, സണ്ണി സ്റ്റീഫന്‍ രചിച്ച് സംഗീതം നല്‍കിയ അനുഭൂതി പൂക്കും നിന്‍ മിഴികളില്‍, തുടങ്ങി ഒരിക്കലും മരിക്കാത്ത, സംഗീതസുഗന്ധം നല്‍കുന്ന, ഒട്ടേറെ ഗാനങ്ങള്‍ മലയാളികള്‍ക്ക് നല്‍കിയ അതുല്യ പ്രതിഭ.

യേശുദാസ്, എസ്.പി.ബാലസുബ്രമണൃം, മലേഷ്യാ വാസുദേവന്‍, എസ്. ജാനകി, വാണി ജയറാം, കെ.എസ്. ചിത്ര, സുജാത തുടങ്ങി ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക ഗായകരും സണ്ണി സ്റ്റീഫന്റെ ഗാനങ്ങള്‍ പാടി. പ്രഗത്ഭരായ പി. ഭാസ്കരന്‍, ഒ.എന്‍.വി, കൈതപ്രം, ബിച്ചു തിരുമല, ഗിരീഷ്‌ പുത്തഞ്ചേരി, കെ. ജയകുമാര്‍ തുടങ്ങിയവരോടൊപ്പം ചേര്‍ന്ന് മറക്കാനാവാത്ത അനേകം സുപ്പര്‍ഹിറ്റുകള്‍ മലയാളത്തിനു സമ്മാനിച്ചു. മധു ബാലകൃഷ്ണന്‍, ദലീമ, രാജേഷ്. എച്ച്, ബിനോയ്‌ ചാക്കോ തുടങ്ങി അനവധി ഗായകരെ മലയാള സംഗീതലോകത്തിന് പരിചയപ്പെടുത്തി. മനോരമവിഷന്റെ തപസ്യ, നിറമാല, ദേശാടനപക്ഷി, ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഓമനത്തിങ്കള്‍പക്ഷി എന്നിങ്ങനെ പന്ത്രണ്ട് സീരിയലുകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു.

1996 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ കോട്ടയം സന്ദര്‍ശനവേളയില്‍ നൂറ്റിയിരുപത് പേരടങ്ങുന്ന ഗായകസംഘത്തിന് നേതൃത്വം നല്കിയതും, മാര്‍പ്പാപ്പയെ സ്വീകരിച്ച് ഗായകസംഘം ആലപിച്ച ജനനിരപാടും മധുമയ ഗാനം, സ്വര്‍ഗ്ഗത്തിന്‍ നാഥന്‍ ഭൂമിക്കധിപന്‍, അജപാലന്‍ മമകര്‍ത്താവ് തുടങ്ങിയ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതും ഇദ്ദേഹമാണ്.

ആത്മാവിന്നാഴങ്ങളില്‍, താരിളം മെയ്യില്‍, പിതാവേ അനന്തനന്മയാകും, ഇത്ര നാള്‍ ഞാന്‍ മറന്ന, തന്നാലും നാഥാ, നിന്‍ ഗേഹത്തില്‍, യേശു വിളിക്കുന്നു തുടങ്ങി ആത്മാവില്‍ നിറഞ്ഞ നാലായിരത്തോളം ഗാനങ്ങള്‍ കൊണ്ട് ക്രിസ്തീയസംഗീതശാഖയെ സമ്പന്നമാക്കിയ ഈ സംഗീതരത്നത്തിന്റെ തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ എന്ന ഗാനം ഒരു തവണയെങ്കിലും പാടാത്ത ഭക്തര്‍ ചുരുക്കം.

ശ്രീനാരായണഗുരു രചിച്ച സമ്പൂര്‍ണ്ണ കാവ്യങ്ങളുടെ സംഗീതാവിഷ്കരണം, വിശുദ്ധനായ ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചന്റെ ആത്മാനുതാപം എന്ന കാവ്യസമാഹാരം, ഫ്ലോറന്‍സ് നൈറ്റിംഗേലിന്റെ ജീവിതത്തെ ആസ്പദമാക്കി അമേരിക്കയിലെ നേഴ്സസ് അസ്സോസിയേഷന്‍ ചിക്കാഗോ നാഷണല്‍ കണ്‍വന്‍ഷനില്‍ അവതരിപ്പിച്ച എയ്ഞ്ചല്‍സ് ഓഫ് മേഴ്സി എന്ന ഓപ്പറെ, ചരിത്രസംഭവമായി മാറിയ ബൈബിള്‍ സംഭവങ്ങളുടെ ദൃശൃവിസ്മയം തുടങ്ങിയവ കലാജീവിതത്തിലെ നാഴികക്കല്ലുകളാണ്.

വസുധയോട് (കവിതകള്‍), കുടുംബജീവിതത്തിന് പത്തു പ്രമാണങ്ങള്‍, രോഗപ്രതിരോധത്തിന് മ്യൂസിക് തെറാപി, എയ്ഞ്ചല്‍സ് ഓഫ് മേഴ്സി, ആദിമസഞ്ചയം, ദ പവര്‍ ഓഫ് ലൗവ്‌, മ്യുസിക് മെഡിറ്റേഷന്‍ ഫോര്‍ ഹെല്‍ത്ത്, ഒരു ഹൃദയം ഒരു ലോകം, എസ്സന്‍സ് ഓഫ് ലൈഫ് തുടങ്ങി ഒന്‍പത് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇരുപത്തിയഞ്ച് വീഡിയോ ആല്‍ബങ്ങള്‍ സംവിധാനം ചെയ്തു.

പേരൂര്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ് സി.ബി.എസ്.ഇ സ്കൂള്‍ ആന്റ്‌ജൂനിയര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിസിയാണ് ഭാര്യ. ന്യുസിലന്റിൽ മൈക്രോബയോളജിസ്റ്റും ചലച്ചിത്ര പിന്നണിഗായികയുമായ അലീന മകളാണ്. ഡിങ്കിരി ഡിങ്കിരി പട്ടാളം, പഞ്ചാരക്കെണിയില് എന്നീ ഗാനങ്ങളിലൂടെ പ്രശസ്തനും, ഇപ്പോള്‍ സ്വീഡനില്‍ ഐ. ടി മേഖലയില്‍ ഉദ്യോഗസ്ഥനുമായ അലന്‍ മകനാണ്‌.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more