1 GBP = 103.92

“ജലജേടത്തി” സുനിത ജോർജ് എഴുതിയ ചെറുകഥ…

“ജലജേടത്തി” സുനിത ജോർജ് എഴുതിയ ചെറുകഥ…

 വല്ലാതെ വിയർത്തുകൊണ്ടാണ് ഞാൻ സ്കൂളിൽ നിന്നും വീട്ടിലേക്കു വന്നു കയറിയത്! നെറ്റിയിൽ കൈ വച്ച് നോക്കി അമ്മമ്മ പറഞ്ഞു. “ഈ കുട്ടിക്ക് നല്പ പനിയുണ്ടല്ലോ?”.അമ്മമ്മയുടെ മുഖത്ത് വേവലാതിയുടെ ഒരു നിഴൽ ഞാൻ  കണ്ടു.എന്റെ ദേഹം മുഴുവൻ കിടുകിടാന്ന് വിറക്കുകയാണ്.നല്ല തണുപ്പ്, മാംസപേശികൾ തുളച്ചു അസ്ഥികളിൽ കൊള്ളുന്ന അത്രെയും തണുപ്പ്. അമ്മമ്മ എന്റെ കൈക്കു പിടിച്ചു വലിച്ചു അകത്തേക്ക് കൊണ്ടുപോയി. അമ്മമ്മയുടെ മുറിയിലെ കട്ടിലിൽ കിടത്തി പുതപ്പു കൊണ്ട് ദേഹം മൂടി. പണ്ടാരോ സിലോണിൽ നിന്നും കൊണ്ട് കൊടുത്ത മഞ്ഞ നിറമുള്ള കട്ടിയുള്ള പുതപ്പ് എനിക്ക് പക്ഷെ ഇപ്പോഴും തണുക്കുന്നു. ഇതിനിടെ അമ്മമ്മ അമ്മയോട് വിളിച്ചു പറയുന്നത് ഞാൻ ഒരു മുരൾച്ച പോലെ കേട്ടു  “സുമതീ, നീ ഇത്തിരി ചുക്ക് കാപ്പി ഉണ്ടാക്കൂ””രാവിലെ സ്കൂളിൽ പോയപ്പോൾ ഒരു സൂക്കേടും ഉണ്ടായിരുന്നില്ലല്ലോ ഭഗവതി!!!” അമ്മമ്മ ആത്മഗതം പറഞ്ഞു.

അമ്മമ്മയുടെ ഇളയ മകൻ, എന്റെ കുഞ്ഞമ്മാവൻ, കുറെ നാൾ ദീനക്കാരനായി കിടന്നാണ് മരിച്ചത്. അതിൽപ്പിന്നെ അമ്മമ്മ എപ്പോഴും ഇങ്ങനെയാണ്. വീട്ടിൽ ആർക്ക്‌ ദീനം വന്നാലും അമ്മാമ്മക്ക് ആധിയാണ് .’അമ്മ കാപ്പിയുമായി വന്നു. കരിപ്പെട്ടി ശർക്കരയുടെ കയ്പു കലർന്ന മധുരിപ്പും, ചുക്കിന്റെ പുകച്ചിലും, ആ കാപ്പി ചെറു ചൂടോടെ ഞാൻ ഊതിയൂതി കുടിച്ചു. ഇപ്പോൾ ഒരു  ചൂട് തോന്നുന്നുണ്ട് . “ന്റെ കുട്ടി ഇനി ഒന്ന് മയങ്ങിക്കോളൂ” അമ്മമ്മ പറഞ്ഞു.ഞാൻ കണ്ണടച്ച് കിടന്നു. കൺപോളകൾക്കു മുകളിൽ നല്ല ഭാരം!ഞാൻ ഉറക്കത്തിലേക്കു വഴുതി വീഴുകയാണ്.

പെട്ടന്ന് പടിഞ്ഞാറേ  വശത്തെ ജനലിൽ ആരോ തട്ടുന്ന കടകട ശബ്ദം എന്നെ ഉണർത്തി!തലയുയർത്തി ഞാൻ നോക്കി. പടിഞ്ഞാറേ മുറ്റത്തു നിൽക്കുന്ന വെള്ള ചെമ്പകത്തിന്റെ ചില്ലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന അസ്തമയ സൂര്യന്റെ കടും ചുവപ്പു രശ്മികൾക്കിടയിൽ ഞാൻ കണ്ടു, ജലജേടത്തി!ജലജേടത്തി എന്നോട് പുറത്തേക്കു വരുവാൻ കൈ കൊണ്ട് ആംഗ്യം കാട്ടി. ചെമ്പകമൊട്ടുകളെ തലോടിക്കൊണ്ട് പടിഞ്ഞാറൻ കാറ്റ് എന്നെ പുതഞ്ഞു. ഒരു കുളിർമ തോന്നുന്നു, ദേഹമാകെ.ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു. പുറത്തേക്കു പോകുവാൻ ഞാൻ മടിച്ചു. അമ്മമ്മ എങ്ങാനും കണ്ടാലോ! പക്ഷെ ജലജേടത്തി പിന്നെയും പിന്നെയും വിളിക്കുന്നു. ഞാൻ മെല്ലെ കട്ടിലിൽ നിന്നും എഴുന്നേറ്റു, മെല്ലെ മെല്ലെ നടന്നു മുറ്റത്തെത്തി.അമ്മാമ്മക്ക് ജലജേടത്തിയെ പറ്റി പറയുമ്പോൾ നൂറു നാവാണ്. നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി എന്നാണ് ജലജേടത്തിയെ പറ്റി അമ്മമ്മ പറയാറ്. ജലജേടത്തി അടുത്തു വരുമ്പോൾ ചെമ്പകപ്പൂവിന്റെ സുഗന്ധമാണ് എനിക്കനുഭവപ്പെടാറുള്ളത്.”വരൂ കുട്ടീ , ഞാൻ ഒരുകൂട്ടം കാണിച്ചു തരാം”. പറയുമ്പോൾ ജലജേടത്തിയുടെ ഉണ്ടക്കണ്ണുകൾ ഒന്ന് കൂടി വലുതായി, മുഖം ചുവന്നുമിരിക്കുന്നു. ജലജേടത്തി എന്റെ കൈക്കു പിടിച്ചു വലിച്ചു കൊണ്ട് ധൃതിയിൽ പടിഞ്ഞാറേ പറമ്പിലേക്ക് നടന്നു. എനിക്കും ആകാംഷയായി.

ഞാൻ ജലജേടത്തിയുടെ പുറകെ നടന്നു. തിടുക്കത്തിൽ നടക്കുന്നതിനിടെ വേലിക്കരുകിലെ തൊടലിമുള്ളു കൊണ്ട് എന്റെ മഞ്ഞപ്പാവാട കീറി!വല്യപാവാട ഇടാൻ  തുടങ്ങിയപ്പോൾ അമ്മമ്മ വാങ്ങിത്തന്ന പാവാടയാണ്.ഞങ്ങൾ ഓടുകയാണ്, ഞാൻ ഇപ്പോഴും ജലജേടത്തിയുടെ പുറകിലും… എത്ര ആഞ്ഞു പിടിച്ചിട്ടും എനിക്ക് ജലജേടത്തിയുടെ ഒപ്പം എത്താൻ പറ്റുന്നില്ല.ഞങ്ങളുടെ പറമ്പിലെ വേലി കഴിഞ്ഞു കല്ലുവെട്ടാം മലയിലൂടെ ഞങ്ങൾ ഓടി.

അങ്ങിങ്ങായി അനുസരണയില്ലാതെ വളരുന്ന കറുകപ്പുല്ലുകളുടെ ഇടയിലൂടെ തെളിഞ്ഞു കിടക്കുന്ന നടപ്പാതയിലൂടെ, പാതി കൂമ്പിയ മുക്കുറ്റിപ്പൂവുകളും വിടരാൻ വെമ്പി നിൽക്കുന്ന കലമ്പറ്റ മൊട്ടുകളും നോക്കി ഞാൻഒരു നിമിഷം നിന്നു.ജലജേടത്തി എന്റെ കൈ പിടിച്ചുവീണ്ടും വലിച്ചു കൊണ്ട്നടന്നു. മലയിലെ കല്ല് വെട്ടിയ കുഴികളിൽ ഇന്നലെ പെയ്ത മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട്.

മലയിറങ്ങി ഞങ്ങൾതൊട്ടു വക്കിലെത്തി, തോടിനപ്പുറത്താണ് നമ്മന്നാലി കുടുംബക്ഷേത്രം.അവിടെ ഇന്നലെ രാത്രി തീയ്യട്ടായിരുന്നു.തീയ്യാട്ടുണ്ണി വാളും തീവെട്ടിയുമായിട്ടു തീയിൽ ചാടുന്ന കാഴ്ച എന്നെ ശരിക്കും പേടിപ്പിച്ചിരുന്നു.നിലയില്ലാത്ത, ആഫ്രിക്കൻ  പായൽ നിറഞ്ഞ അമ്പലക്കുളവും സർപ്പ പ്രതിഷ്ടട യും പിന്നിട്ടു ഞങ്ങൾ പാടവരമ്പത്തെത്തി. ജലജേടത്തി ഒന്ന് തിരിഞ്ഞു പോലും നോക്കാതെ  മുന്നിലും,  ഞാൻ പിന്നിലും പടിഞ്ഞാറൻ കാറ്റിന്റെ ആരവങ്ങൾ ആഘോഷമാക്കി മാറ്റുന്ന പാടവരമ്പിലെ ഇല്ലിപ്പൊന്തകൾ. ഇളം മഞ്ഞ ഇല്ലിത്തണ്ടുകൾ കാറ്റത്തു ആടുമ്പോളുണ്ടാകുന്ന ശബ്ദം എന്നിൽ ഒരൽപം പേടി തോന്നിപ്പിച്ചു. നേരം നന്നേ ഇരുട്ടിത്തുടങ്ങിയിട്ടുണ്ട്. ചീവീടുകൾ കരഞ്ഞു തുടങ്ങിയിരിക്കുന്നു….

അമ്മമ്മ ഇപ്പോൾ അന്വേഷിക്കുന്നുണ്ടാവുമോ ആവോ?  എന്റെ ഉള്ളൊന്നു കാളി! “ജലജേടത്തീ നമുക്ക് തിരിച്ചു പോകാം, , എനിക്ക് പേടി തോന്നുന്നു “” ദാ,  ഇപ്പോൾ തന്നെ  നമ്മൾ എത്തും, എന്റെ കുട്ടിയെ!! നീ ഇങ്ങോട്ടു പെട്ടന്ന് നടക്കൂ”. ജലജേടത്തി തിരിഞ്ഞു നോക്കാതെ പറഞ്ഞു.പാടവരമ്പത്തു കൂടി നടന്നപ്പോൾ എന്റെ കാലുകൾ പലവട്ടം വഴുതി കണ്ടത്തിലേക്കു വീണു. എന്റെ മഞ്ഞപ്പാവാടയുടെ നിറം ഇരുണ്ട ചെളിയുടെ നിറമായി.എനിക്ക് നന്നേ സങ്കടം വന്നു.സന്ധ്യ മയങ്ങിയാൽ പിന്നെ എനിക്ക് പുറത്തിറങ്ങുവാൻ തന്നെ പേടിയാണ്. ജലജേടത്തിക്കു അത് നന്നായി അറിയാം. എന്നിട്ടും എന്നെ എങ്ങോട്ടാണ് ഈ കൊണ്ടുപോകുന്നത്?

അമ്പക്കുളത്തിലെ തവളകൾ ചീറിക്കരയുന്നുണ്ട്, നീർക്കോലികൾ അവയെ പിടിക്കുവാൻ ഓടിക്കുന്നുണ്ട്, ,തീർച്ച!. ജലജേടത്തിയുടെ ഒപ്പം വരേണ്ടിയിരുന്നില്ല! ശെരിക്കും ഒന്നും ആലോചിക്കാതെ പെട്ടെന്നിറങ്ങി!!! ഇനിയിപ്പോൾ എന്ത് ചെയ്യും? വീട്ടിൽ തിരിച്ചു ചെല്ലുമ്പോൾ അടി ഉറപ്പാണ്!എനിക്ക് ഉറക്കെ കരയണമെന്നുണ്ട്!ജലജേടത്തി അപ്പോഴേക്കും തോട് മുറിച്ചു കടന്നു മറുകര എത്തി. ചുവന്നു തുടുത്ത തൊണ്ടിപ്പഴവും ,, ആനച്ചൊറിയന്നവും പടർന്നു കിടക്കുന്ന പൊന്തക്കാട്ടിലേക്കാണ് ജലജേടത്തി പോകുന്നതെന്ന് എനിക്കു തോന്നി.അതുവരെ അടക്കി വച്ചിരുന്ന കരച്ചിൽ വലിയ വായിൽ പുറത്തു വന്നു. തൊട്ടു വക്കിൽ നിന്നും എന്റെ കാലുകൾ വഴു വഴുപ്പ് നിറഞ്ഞ പായലിലേക്കു തെന്നിപ്പോയി. തോട്ടിലേക്ക് വീണ ഞാൻ ജലജേടത്തിയുടെ പാവാടത്തുമ്പിലെങ്കിലും പിടിക്കുവാൻ നോക്കി, പക്ഷെ എത്ര ശ്രമിച്ചിട്ടും എന്റെ കൈ എത്തുന്നില്ല! ഒന്നും കാണുന്നുമില്ല!എവിടെപ്പോയി ഈ ജലജേടത്തി!

ഞാൻകണ്ണു ഇറുക്കി അടച്ചു. എന്റെ കരച്ചിൽ മാത്രം ഉച്ചത്തിൽ എനിക്കു കേൾക്കാം! തണുത്ത എന്തോ ഒന്ന് എന്റെ നെറ്റിയിൽ വന്നു പതിച്ചപ്പോൾ ഞാൻ പേടിച്ചു പേടിച്ചുകണ്ണുകൾ തുറന്നു.അമ്മ എന്റെ നെറ്റിയിൽ വെള്ളത്തിൽ മുക്കി പിഴിഞ്ഞ തുണി കൊണ്ട് തുടക്കുകയാണ്. അമ്മമ്മ എന്റെ രണ്ടു കൈകളും കൂട്ടി പിടിച്ചിരിക്കുന്നു. “പേടിക്കേണ്ട കുട്ടിയെ നീ, ഭഗവതിക്ക് ഞാനൊരു തീയാട്ട്  നേർന്നിട്ടുണ്ട് “.കരച്ചിൽ ഒന്നടങ്ങിയപ്പോൾ ഞാൻ പടിഞ്ഞാറേ ജനലിൽ കൂടി പുറത്തേക്കു നോക്കി. ചെമ്പകച്ചോട്ടിൽ ജലജേടത്തി ചിരിച്ചു കൊണ്ട് നിൽക്കുന്നു !

ചെമ്പകപ്പൂവിന്റെ നല്ല സുഗന്ധം. ഞാൻ പതിയെ പുതപ്പു മാറ്റി, മഞ്ഞപ്പാവാട കീറിയിട്ടുണ്ടോ എന്ന് നോക്കി. അപ്പോൾ അമ്മ  പറഞ്ഞു. ഞാനപ്പോൾ ഇട്ടിരിക്കുന്നത് പഴയ നരച്ച  സാരിപ്പാവാട! അപ്പോൾ ‘അമ്മ പറഞ്ഞു “നീ സ്കൂളിൽ നിന്നും വന്നപ്പോൾ മഞ്ഞപ്പാവാട മുഴുവൻ പാടത്തെ ചെളിയായിരുന്നു”. ഞാൻ അമ്മയെ നോക്കി! പിന്നെ വീണ്ടും കട്ടിലിലേക്ക് കിടന്നു. ദേഹം നല്ലതു പോലെ തണുക്കുന്നുണ്ട് .അസ്ഥികൾ വരെ തുളച്ചു കയറുന്ന തണുപ്പ് !എന്റെ കണ്ണുകൾ വീണ്ടും അടഞ്ഞു….  

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more