1 GBP = 103.12

ഓർമ്മകളിലെ നിറക്കൂട്ടുകൾ….

ഓർമ്മകളിലെ നിറക്കൂട്ടുകൾ….

സുനിത ജോർജ് 

എനിക്കെന്നും പ്രണയമായിരുന്നു എന്റെ മഹാരാജാസിനോട് ! പടർന്നു പന്തലിച്ചു നിൽക്കുന്ന സർപ്പഗന്ധിപ്പൂക്കൾ വിരിയുന്ന പടുകൂറ്റൻ മരത്തിനോടും, പിരിയൻ ഗോവണിയോടും,സമരമരത്തിനോടും ഒക്കെ എനിക്ക് പ്രണയമായിരുന്നു.ആദ്യമായ് മഹാരാജാസിലെ പടി കയറുമ്പോൾ, മുൻപേ പോയ പേരറിയാവുന്നതും, അറിയാത്തതുമായ മഹാന്മാരെയെല്ലാം മനസ്സിലോർത്തു.മരഗോവണികൾ കയറി, ഗ്യാലറിക്ക് സമാനമായ ക്‌ളാസ് മുറികൾ പകുതി പോലും നിറയാറില്ല.സമരച്ചൂടിൽ ക്ലാസ്സ്മുറികളേതെന്ന് പോലുമറിയാത്ത വിപ്ലവവീര്യം നെഞ്ചിലേറ്റ ഒരു വലിയ കൂട്ടം.ഭാവിയിലെ ശാസ്ത്രജ്ഞരാകാൻ വേണ്ടി ഭൂതക്കണ്ണാടി കൂട്ടിൽ പുസ്തകങ്ങളെ മാത്രം സ്നേഹിക്കുന്ന മറ്റൊരു വലിയ കൂട്ടം.

സമരമരത്തണലിൽ തോളുരുമ്മിയിരുന്നു മധുരം നുണയുന്ന ഇണക്കിളികൾ !ഫാഷൻ ലോകത്തെ പുതു വെളിച്ചം കോളേജിലേക്ക് എത്തിച്ചു കൊണ്ടിരുന്ന കോളേജ് കുമാരി-കുമാരന്മാർ !നഗരത്തിലെ തിരക്കും  ,ഇംഗ്ലീഷ് പറയുന്ന മിടുക്കികളും മിടുക്കന്മാരുംഇംഗ്ലീഷ് മാത്രം ചവച്ചു തുപ്പുന്ന കേമന്മാരായ പ്രൊഫസർ മാരും , ഒക്കെ എനിക്ക് ആദ്യമാദ്യം കൗതുകം മാത്രമായിരുന്നു !അറിയാതെയാണെങ്കിലും അവരിലൊരാളാകുവാൻ ഞാനും ഒരു വിഫല ശ്രമം നടത്തി.കോളേജ് ഇലക്ഷന് മാത്രം അടുത്ത് വന്നു കുശലം പറയുന്ന സംരക്ഷകരായ സീനിയർസ്, ബസിൽ എസ് ടി ടിക്കറ്റിന് വേണ്ടി മാത്രം സൂക്ഷിച്ചു വച്ചിരുന്ന ചില്ലറ ഒരു രൂപ തുട്ടിന്റെ ഭാരമളക്കുവാൻ പിരിവു പെട്ടിയുമായി വരുന്ന പേടിപ്പിക്കുന്ന മുഖങ്ങൾ.എന്തിനാണെന്ന് പോലുമറിയാതെ കോളേജ് മുറ്റത്തു മനുഷ്യച്ചങ്ങല തീർത്തു പല തവണ !എപ്പോഴും കൊതുകു ശല്യക്കാരനായി വന്നിരുന്ന ഹിന്ദി ക്ലാസുകൾ, ബോട്ടണി ലാബിന്റെ മുൻപിലുള്ള പിരിയൻ ഗോവണി, ഞാൻ ഒരുപാടു പ്രണയിച്ചു കാണാനെത്തിയ  പിരിയൻ ഗോവണി ആദ്യമായി കണ്ടപ്പോൾ എനിക്ക് പേടി തോന്നി. ഒന്നും മനസിലാകാതെ അന്തം വിട്ടു കുന്തം വിഴുങ്ങിയിരുന്ന ഫിസിക്സ് ക്ലാസുകൾ! മലയാളം എല്ലാ അർത്ഥത്തിലും സാഹിത്യത്തിലും ഉച്ചാരണം തെറ്റാതെ പറയുന്ന ഇംഗ്ലീഷ് പ്രൊഫസര്മാര്! ഇവർക്ക് മലയാളം പേടിപ്പിച്ചാലെന്തെന്നു ഇംഗ്ലീഷ് ക്ലാസിലിരുന്ന് ഞാൻ ചിന്തിച്ചു.മഴവെള്ളം പ്ലാസ്റ്റിക് ബക്കറ്റിൽ പിടിച്ചു ഞങ്ങൾ കെമിസ്ട്രി ലാബുകൾ പുകപടലമാക്കി!

നാഗവല്ലിയുടേതെന്നു തോന്നിപ്പിക്കുന്ന, മാറാലകൾ പൊതിഞ്ഞു അടഞ്ഞു കിടക്കുന്ന പഠന മുറികൾ, നടക്കുമ്പോൾ ശബ്ദമുണ്ടാക്കുന്ന നീണ്ടു നിവർന്നു വിശാലമായി കിടക്കുന്ന വരാന്തകൾ, തുറക്കുന്തോറും വീണ്ടും വീണ്ടും കാണുന്ന അടഞ്ഞ വാതിലുകൾ, എല്ലാം ഞാൻ കണ്ടു. ചില്ലു പൊട്ടിയ ജനാലകളിലൂടെ നോക്കുമ്പോൾ, പടർന്നു കിടക്കുന്ന കമ്മ്യൂണിസ്റ് പച്ചകളിൽ വീഴുന്ന ചാറ്റൽ മഴ എന്നും ഒരുപാടു സുന്ദരിയായിരുന്നു. ബോട്ടണി ലാബിലെ മൈക്രോസ്കോപ്പിന്റെ ലെൻസിനടിയിൽ ഇരിക്കുന്ന മഴിതണ്ടിന്റെ കഷണങ്ങൾ വലിയ അത്ഭുതത്തോടെ ഞാൻ കണ്ടു!കോളേജ് ഡേക്കു പാടുന്ന ഗാനകോകിലങ്ങൾ, അവരുടെ തൊണ്ടയിൽ സ്വർണ്ണവും, വെള്ളിയും കെട്ടുമ്പോൾ കൈയ്യടിച്ചു മാത്രം പാട്ട് നിർത്തിച്ച മര്യാദക്കാരായ വിദ്യാർഥികൾ. യൂണിവേഴ്സിറ്റി യൂത്ഫെസ്ടിവൽ സമയത്തു ‘കപ്പു ‘ കിട്ടുവാൻ നെട്ടോട്ടമോടുന്ന കോളേജ് ചെയര്മാന്! ക്ലാസ്സുകളും ,പരീക്ഷകളും, പ്രാക്ടിക്കലുകളും ,റെക്കോർഡ് എഴുത്തും ഒക്കെ തകൃതിയായി നടന്നു.

അപ്പോഴും വിചിത്രമായി തോന്നിച്ച ഒരു കാര്യമാണ്, പരീക്ഷാച്ചൂടിലെ മഹാരാജാസ് !അതുവരെ മാറാല പിടിച്ചു കിടന്നിരുന്ന ഡിപ്പാർട്ടമെന്റ് ലൈബ്രറികൾ തിരക്കുള്ളവയായി മാറും! കൊടികളേന്തിയ കൈകളിൽ പുസ്തകങ്ങൾ നിറയും.സമരമരത്തണൽ നിശബ്ദമാകും! പരീക്ഷ റിസൾട്ട് വരുമ്പോൾ റാങ്കുകാരുടെ പേരിനു ചേർന്ന് മഹാരാജാസിന്റെ പേരും ഉണ്ടാകും! റാങ്കുകൾ ഒന്നും ഇല്ലാതെ ഞാനും മഹാരാജാസിൻറെ പടിയിറങ്ങി. നിറക്കൂട്ടുകളും നിറഭേദങ്ങളും ഏതോ ഭണ്ഡാരപ്പെട്ടിയിൽ ഉപേക്ഷിച്ചു , അലോസരമായ പകലിന്റെ ചൂടിലേക്ക്, ഒരു കടലാസുകഷ്ണത്തിന്റെ ബലത്തിൽ മാത്രം!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more