1 GBP = 99.33
breaking news

“ഒരു തുടർക്കഥ” സുനിത ജോർജ് എഴുതിയ ചെറുകഥ.

“ഒരു തുടർക്കഥ” സുനിത ജോർജ് എഴുതിയ ചെറുകഥ.
സുനിതയുടെ ഈ ചെറുകഥ, കൊറോണ വൈറസിന്റെ കടന്നാക്രമണം കൊണ്ട് അകാലത്തിൽ ജീവൻ പൊലിഞ്ഞവരുടെ ആത്മാവിന്റെ കാത്തിരിപ്പിന് മുൻപിൽ സമർപ്പിക്കുന്നു .
കഥാകാരി സുനിത ജോർജ് വൽസാൾ നിവാസിയാണ്. ജോർജ് മാത്യുവാണ് ഭർത്താവ്. മക്കൾ സൂസൻ ജോർജ്, സാറാ ജോർജ്, മാത്യൂസ് ജോർജ്. 2004 മുതൽ യുകെയിൽ വസിക്കുന്ന സുനിതയും കുടുംബവും കുറച്ച് കാലം അമേരിക്കയിലും കഴിഞ്ഞിട്ടുണ്ട്. റോയൽ വോൾവർഹാംപ്റ്റൺ എൻ.എച്ച്.സ് ഹോസ്പിറ്റലിൽ റൂമറ്റോളജി ഡിപ്പാർട്ട്മെൻ്റിൽ ക്ലിനിക്കൽ സ്പെഷ്യലിസ്റ്റ് നഴ്സായി ജോലി ചെയ്യുന്നു. സുനിതയുടെ കലാസൃഷ്ടികൾ നിരവധി മാഗസിനുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു തുടർക്കഥ
സുനിത ജോർജ്
മഞ്ഞ നിറമുള്ള കോളാമ്പിപ്പൂക്കളും , ചുവപ്പു നിറമുള്ള കൊങ്ങിണിപൂക്കളും , തെല്ലും അനുസരണമില്ലാതെ പന്തലിച്ചു കിടക്കുന്ന നട്ടുവഴിയിലേക്കു ഞാൻ കണ്ണും നട്ടിരിക്കുവാൻ തുടങ്ങിയിട്ട് കുറെ നാളുകളായി . ‘അമ്മ ഇപ്പോൾ രഘുവിന്റെ വീട്ടിൽ ആയിരിക്കും .രഘുവിന്റെ കുട്ടികൾ വലുതായെങ്കിലും ‘അമ്മ മിക്കപ്പോളും അവിടെ തന്നെയാണ് .ഞാനാണെങ്കിൽ വീട്ടിൽ പോയിട്ട് രണ്ടു മൂന്നു ദിവസങ്ങളായി.രാജി പോയതിൽ പിന്നെ എന്നും രാവിലെ ഒന്ന് പോയി റോന്തു ചുറ്റും.പിന്നെ ദിവസം  മുഴുവനും എവിടെയെങ്കിലും കറങ്ങി നടക്കും.രാജി പോയതിൽ പിന്നെ രുചിയുള്ള ഒരു ഉരുള ചോറ് കിട്ടിയിട്ടില്ല !
‘അമ്മ വരുന്നുണ്ട്. അമ്മയുടെ കൂടെ ആരോ ഉണ്ട് .നോക്കിയിട്ടു മനസിലായില്ല ! “നിനക്കറിയില്ലേ ഇതാരാണെന്നു ഉണ്ണിയേ”? ഞാൻ ഇല്ലാ എന്ന് തലയനക്കി. “ഇത് രഘുവിന്റെ ഭാര്യയുടെ ചിറ്റ ആണ് ഞാൻ ഇന്ന് രഘുവിന്റെ വീട്ടിൽ പോയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല .അവർ എല്ലാം ചിറ്റയുടെ വീട്ടിൽ ആയിരുന്നു .ഞാൻ അവിടെ ചെന്നപ്പോൾ ഇവൾ വിഷമിച്ചു ,കരഞ്ഞു അവിടെയിരിക്കുന്നു.പിന്നെ ഞാൻ അവളെയും കൂട്ടി ഇങ്ങോട്ടു പോന്നു, കഴിക്കാനാണെങ്കിൽ ചോറ് കിട്ടിയതുമില്ല.”
തെക്കേപറമ്പിലെ കപ്പലുമാവിന്റെ മാങ്ങകൾ ഉണ്ട് . അതൊന്നു ചെന്ന് നോക്കാം.പറ്റുമെങ്കിൽ ഒന്നുരണ്ടെണ്ണം പറിച്ചു കൊണ്ട് വരാം. ഞാൻ മനസ്സിലോർത്തു.രാജിയും രഘുവിന്റെ  ഭാര്യയുടെ ചിറ്റമ്മയും ഒരേ നാട്ടുകാരാണ്.അവരെ പ്രതീക്ഷ്യ്ക്കാതെ കണ്ടപ്പോൾ രാജിയെ കാണുവാനുള്ള എന്റെ ആഗ്രഹം ഒന്ന്കൂടെ തീവ്രമായി.
“ഈയിടെയായി വരവ് ഇയ്ത്തിരി കൂടിയിട്ടുണ്ട് “. ‘അമ്മ പറഞ്ഞു. അപ്പോൾ ചിറ്റമ്മ പറഞ്ഞു ” നിങ്ങൾ അറിഞ്ഞില്ലേ ഇപ്പോൾ ഇന്നാട്ടിൽ ഒരു പുതിയ സൂക്കേട് ഇറങ്ങിയിട്ടുണ്ട് .കൊറോണ എന്നോ മറ്റോ ആണ് പേര്.ഏതോ ചൈനീസ് രാജ്യത്തു നിന്നുമാണ് ഉണ്ടായതു എന്ന് പത്രത്തിലും മറ്റും എഴുതിയിട്ടുണ്ട് .”‘അമ്മ ഭീതിയോടും ആകാംഷയോടും കൂടിയാണ് കേട്ടത്. രഘുവിനെയും കുടുംബത്തെയും ഓർത്തു അമ്മക്ക് എന്നും വേവലാതിയാണ്.പ്രത്യേകിച്ചും ഞാൻ ഇങ്ങോട്ടു പോന്നതിൽ പിന്നെ.
ഈ കൊറോണ വൈറസ്നെ പറ്റി ഞാൻ ഒരുപാടു കേട്ടിട്ടുണ്ട്.അതില്പിന്നെയാണ് രാജിയുടെ വരവിനു വേണ്ടിയുള്ള ഈ കാത്തിരുപ്പു തുടങ്ങിയത്.കുട്ടികളുടെ അടുത്തേക്ക് പോയതിൽ പിന്നെ രാജിയെ ഞാൻ കണ്ടിട്ടില്ല.അവൾ ഇങ്ങോട്ടു  വന്നതുമില്ല. ഇപ്പോൾ  കുറെയേറെ നാളുകൾ കഴിഞ്ഞു.രാജി പോയ ദിവസം ഇന്നലെ പോലെ ഓർക്കുന്നു .അവൾ കയറിയ കാറിന്റെ മുൻ വശത്തെ ചില്ലിൽ തലയിട്ടടിച്ചു ഞാൻ കാ കാ എന്ന് കൂക്കി വിളിച്ചപ്പോൾ , ഡ്രൈവർ ഒരു ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പിയെടുത്തു എന്റെ നേരെ എറിഞ്ഞു.അത് വന്നു കൊണ്ടതോ വയ്യാത്ത എന്റെ വലതു ചിറകിലും.പണ്ട് പട്ടത്തിന്റെ  നൂല് കുടുങ്ങി നാലഞ്ച് തൂവലുകൾ പോയ അതെ ചിറകു തന്നെ .
രാജിയെ അന്വേഷിച്ചു ഞാൻ പല തവണ തെക്കു ദിശ ലാക്കാക്കി പറക്കുവാൻ തുടങ്ങിയതാണ്.പക്ഷെ ‘അമ്മ വിലക്കി.വയ്യാത്ത ഈ ചിറകുമായി ഒരുപാടു ദൂരമൊന്നും പറക്കുവാൻ പറ്റില്ല എന്ന് എനിക്കും നന്നായി അറിയാമായിരുന്നു.തന്നെയുമല്ല രാജി ഇങ്ങോട്ടു തന്നെ  വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
കുട്ടികളും രാജിയും ഏല്ലാ വർഷവും ബലിയിടാറുണ്ട്.പക്ഷെ ഒരുപാടു ദൂരമായതിനാൽ എനിക്ക് പോകാൻ കഴിഞ്ഞിട്ടില്ല.എനിക്കറിയാം രാജിക്ക് അതിൽ നന്നേ പരിഭവം ഉണ്ടെന്നു.രഘുവിന്റെ വീട്ടിൽ എനിക്കും അമ്മയ്ക്കും കൃത്യമായി ബലിയിടാറുണ്ട്.രഘുവും കുട്ടികളും കൈ കൊട്ടി വിളിക്കുമ്പോൾ ഞാനും അമ്മയും പിന്നെ ബന്ധക്കാരും ഒക്കെയായിട്ടു ഒരു കൂട്ടം കാക്കകൾ ഉണ്ടാകും- ബാലികാക്കകൾ.
വീടിന്റെ മുൻവശത്തെ വേലിക്കൽ നിൽക്കുന്ന മൂവാണ്ടൻ മാവിന്റെ ചാഞ്ഞ കൊമ്പിൽ ഞാനൊരു ചെറിയ കൂടുണ്ടാക്കിയിട്ടുണ്ട്.ചകിരിയും ചിലക്കാമ്പുകളും ഒക്കെ അമ്മയാണ് പെറുക്കി തന്നത്.വലതു ചിറകിനു  ബലക്ഷയം ആയതു കൊണ്ട് ആരെങ്കിലും വന്നോ ടിച്ചാൽ പെട്ടന്ന് പറക്കൽ സാധ്യമല്ല.രാജി വന്നെങ്കിൽ ഒരു ആശ്വാസം ആയേനെ  ; എനിക്കും അമ്മയ്ക്കും !ഞാൻ നെടുവീർപ്പിട്ടു.
രാജി ഇങ്ങോട്ടു വന്നാൽ പിന്നെ കുട്ടികൾക്ക് ആരാണ് ഉള്ളത്  ? അതും ശരിയാണ്. അവളിപ്പോൾ ഇളയ കുട്ടിയുടെ കൂടെയാണ്.അല്ലെങ്കിലും രാജിക്ക് ഇളയവനോട് ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു.
ഈ കൊറോണ വൈറസ് വന്നതില്പിന്നെ ആളുകൾ കുറെയേറെ മരണപ്പെടുന്നുണ്ട്.കുട്ടിയേടത്തിയുടെ ബലിക്ക് പോയപ്പോൾ അവിടെയുണ്ടായിരുന്ന തിക്കും തിരക്കും ഞാൻ ശ്രദ്ധിച്ചിരുന്നു.ബന്ധുക്കളിൽ ചിലരൊക്കെ വന്നിട്ടുണ്ട്.എല്ലാവരും വലിയ വിഷമത്തിലാണ്.ഉറ്റവരെ പെട്ടന്ന് വിട്ടു പോന്നതിലുള്ള വിഷമം.
കുട്ടിയേടത്തിയുടെ കാര്യം അൽപ്പം കഷ്ട്ടം തന്നെയായിരുന്നു.ഏടത്തിയുടെ ഭർത്താവു പക്ഷാഘാതം വന്നു കിടപ്പിലായിട്ടു രണ്ടുമൂന്നു വർഷങ്ങൾ  തന്നെയായി.രണ്ടു കുട്ടികൾ പഠിക്കുന്നു.ഏടത്തി നേഴ്സ് ആണ്. ആ ജോലി ഉണ്ടായിരുന്നത് കൊണ്ട് അവർ നന്നായി തന്നെ ജീവിച്ചിരുന്നു.ഇനി അവരുടെ കര്യം എന്താവുമെന്നു അറിയില്ലയെന്നും പറഞ്ഞു ഏടത്തി അമ്മയുടെ അടുത്ത് ഇരുന്നു  കരയുന്നുണ്ടായിരുന്നു.
ഓരോന്ന് ഓർത്തിരുന്നു രാവ് ഏറെയായി.മൂവാണ്ടൻ മാവിലെ ചകിരിക്കൂട്ടിൽ  ഞാൻ തനിച്ചാണ്.അമ്മയുടെ കൂടു രഘുവിന്റെ വീട്ടുവളപ്പിലെ നെല്ലി മരത്തിലാണ്.ഇന്നവിടെ രഘുവിന്റെ ചിറ്റയുമുണ്ട്.
രാജി വന്നാൽ ഈ കൂടു മതിയാകില്ല. ഒരു വലിയ കൂടുണ്ടാക്കണം. അമ്മയോട് നാളെത്തന്നെ പറയണം.അല്ലെങ്കിൽ വേണ്ട തന്നെ ഒന്ന് ശ്രമിച്ചു നോക്കാം.
ഇന്നിനി ഇപ്പോൾ ആരും വരില്ല.സന്ധ്യ മയങ്ങിക്കഴിഞ്ഞാൽ പിന്നെ ആരും വരാറില്ല.ഇനി നാളെ രാവിലെ വരെ ഒന്നും ചെയ്യാനില്ല.വഴിയിലേക്ക് നോക്കിയാൽ ഒന്നും കാണാനുമില്ല.എങ്ങും കൂരാകൂരിരുട്ടാണ്.രാജി വരുമോ ആവൊ ?മനസിലൊരു ശങ്ക ! അവൾ വരും.
രാജിക്ക് വേണ്ടി കാത്തിരിക്കാനൊരു പകലിനു വേണ്ടി ഞാൻ ഉറങ്ങി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more