1 GBP =
breaking news

വെറുമൊരു തുറന്നു പറച്ചിലല്ല; സുധീരന്‍ പങ്കുവച്ചത് പ്രവര്‍ത്തകരുടെ വികാരം

വെറുമൊരു തുറന്നു പറച്ചിലല്ല; സുധീരന്‍ പങ്കുവച്ചത് പ്രവര്‍ത്തകരുടെ വികാരം

തിരുവനന്തപുരം: സുധീരന്‍ നടത്തിയത് വെറുമൊരു തുറന്നു പറച്ചിലല്ല, പാര്‍ട്ടിയെ ബാധിച്ച അര്‍ബുദത്തെ ഒഴിവാക്കി അനിവാര്യമായ തലമുറമാറ്റമെന്ന ആവശ്യത്തിന് കൂടുതല്‍ ശക്തി പകരുന്നതും സാധാരണ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതുമാണ്.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്നാണ് ഏറെക്കാലത്തിനു ശേഷം കോണ്‍ഗ്രസില്‍ വീണ്ടും അസ്വാരസ്യം തലപൊക്കിയത്. ഇതിനിടെ രാജ്യസഭാ സീറ്റ് കൈമാറ്റത്തെച്ചൊല്ലിയുണ്ടായ പ്രതിഷേധം സകലസീമകളും ലംഘിച്ച് നേതൃത്വത്തിനെതിരെ തിരിയാന്‍ പ്രദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും പ്രേരിപ്പിച്ചിരിരുന്നു.

പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ അണികള്‍ക്കിടയില്‍ അവമതിപ്പ് നിലനില്‍ക്കുന്നതിനിടയിലാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. ഇരുട്ടടിയായി രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള വിവാദവുമുണ്ടായി. ഇതോടെ വര്‍ഷങ്ങളായി താഴേത്തട്ടില്‍ പാര്‍ട്ടിക്കു വേണ്ടി പണിയെടുത്തിരുന്ന പലരും കോണ്‍ഗ്രസ് വിടുന്നതിനെക്കുറിച്ച് ചിന്തിക്കുകയോ എല്ലാം അവസാനിപ്പിക്കുകയോ ചെയ്തു.

പ്രത്യേകിച്ച് മധ്യതിരുവിതാംകൂര്‍ മേഖലയിലെ അടിയുറച്ച കോണ്‍ഗ്രസുകാര്‍ക്കിടയിലാണ് പാര്‍ട്ടിക്കെതിരായ ചിന്ത ശക്തമായത്. പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലായിരുന്ന കാലത്തു പോലും അടിയുറച്ചു നിന്നവരാണ് ഇപ്പോള്‍ നേതൃത്വത്തോട് മുഖം തിരിച്ചു നില്‍ക്കുന്നതെന്നും ശ്രദ്ധേയം.

രാജ്യസഭ സീറ്റ് കൈമാറ്റത്തോടെ ഉണ്ടായ നാണക്കേടില്‍ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ് പാര്‍ട്ടിക്കെതിരെ ചിന്തിക്കാന്‍ ബൂത്തു തലത്തിലുള്ള നേതാക്കളെ പ്രേരിപ്പിച്ചത്. മാണിയുമായി കരാറുണ്ടാക്കിയതോടെ ഉമ്മന്‍ ചാണ്ടി -രമേശ് ചെന്നിത്തല എന്നീ നേതാക്കളുടെ വിശ്വാസ്യതയിലും അണികള്‍ക്കു സംശയമായി. ഇതു തന്നെയാണ് പാര്‍ട്ടിയോടു മുഖം തിരിക്കാനോ ബദല്‍ സംവിധാനങ്ങള്‍ തേടാനോ പലരെയും പ്രേരിപ്പിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്കായി അറിയപ്പെട്ടിരുന്ന ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഇടതിന് അനുകൂലമായി ചിന്തിച്ചപ്പോള്‍ സവര്‍ണ ഹിന്ദുക്കളിലെ നല്ലൊരു ശതമാനവും ബി.ജെ.പിയില്‍ പോയാലും കുഴപ്പമില്ലെന്ന മനോനിലയിലെത്തി. ബി.ജെ.പി വിരോധത്തേക്കാള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസുകാര്‍ ഏറെ എതിര്‍ക്കുന്നത് സി.പി.എമ്മുകാരെയാണ്. കാലങ്ങളായുള്ള ഈ മനോഭാവമാണ് കോണ്‍ഗ്രസിന്റെ തളര്‍ച്ചയ്ക്കും ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കും വളമായിരുക്കുന്നതും.

അതേസമയം, വി.എം സുധീരന്റെ തുറന്നു പറച്ചില്‍ പാര്‍ട്ടിയുമായി അകന്നു നിന്ന ഒരു വിഭാഗം പ്രവര്‍ത്തകരെയും പ്രദേശിക നേതാക്കളെയും സന്തോഷിപ്പിക്കുന്നതാണ്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിരുന്ന കാലത്ത് സുധീരനെക്കുറിച്ച് പ്രവര്‍ത്തകര്‍ക്കിടയില്‍ കാര്യമായ മതിപ്പില്ലായിരുന്നെങ്കിലും നിലവിലെ നേതൃത്വത്തിനെതിരായ തുറന്നു പറച്ചില്‍ അദ്ദേഹത്തിന് വന്‍സ്വീകാര്യതയാണ് നല്‍കിയിരിക്കുന്നത്. ഇത് നേതൃമാറ്റമെന്ന കാലങ്ങളായുള്ള ആവശ്യത്തിനും ശക്തിപകരുന്നതാണ്.

അതേസമയം സുധീരന്റെ വിമര്‍ശനങ്ങള്‍ക്കു ചെവികൊടുക്കാതെ, പാര്‍ശ്വവര്‍ത്തികളുമായി മുന്നോട്ടു പോകാന്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തീരുമാനിച്ചാല്‍ നേതാക്കള്‍ മാത്രം കോണ്‍ഗ്രസില്‍ തുടരുകയും അണികള്‍ മറ്റു വഴികള്‍ തേടിപ്പോകുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല.

Post Your Comments Here ( Click here for malayalam )

Press Esc to close
show more