1 GBP = 104.01

കലിയടങ്ങാതെ സുധീരന്‍; തളര്‍ന്നു കിടന്നവരെ പരിഗണിച്ചപ്പോഴും തഴഞ്ഞെന്ന് ഉണ്ണിത്താന്‍

കലിയടങ്ങാതെ സുധീരന്‍; തളര്‍ന്നു കിടന്നവരെ പരിഗണിച്ചപ്പോഴും തഴഞ്ഞെന്ന് ഉണ്ണിത്താന്‍

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കെ.എം മാണിയുടെ പാര്‍ട്ടിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദവും നേതാക്കളുടെ പരസ്യ പ്രതികരണങ്ങളും അവസാനിക്കാതെ പ്രതിസന്ധിയിലായി കോണ്‍ഗ്രസ്. തിങ്കളാഴ്ചത്തെ രാഷ്ട്രീയകാര്യ സമിതിയിലും ചൊവ്വ നടന്ന കെ.പി.സി.സി നേതൃയോഗത്തിലും പരസ്പര വിമര്‍ശനങ്ങളുമായി നേതാക്കള്‍ രംഗത്തെത്തി. വിവാദം തുടരുന്ന സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ നേതാക്കള്‍ അഭിപ്രായം പറയുന്നതിന് കെ.പി.സി.സി നിയന്ത്രണമേര്‍പ്പെടുത്തി. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടത് ആരൊക്കെയെന്നും ഇനി പാര്‍ട്ടി നേതൃത്വം തീരുമാനിക്കും.

രാജ്യസഭ സീറ്റ് മാണിക്കു നല്‍കിയതിന് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ പി.ജെ കുര്യനും പി.സി ചാക്കോയും വിമര്‍ശനമുന്നയിച്ചതിനു പിന്നാലെ നേതൃയോഗത്തിനു ശേഷം ഗ്രൂപ്പ് മാനേജര്‍മാര്‍ക്കെതിരെ പരസ്യ വിമര്‍ശനവുമായി വി.എം സുധീരന്‍ പരസ്യമായി മാധ്യമങ്ങള്‍ക്കു മുന്നിലുമെത്തി.

ഗ്രൂപ്പ് മാനേജര്‍മാരുടെ സമ്മര്‍ദ്ദം സഹിക്കാനാകാതെയാണ് താന്‍ കെ.പി.സി.സി അധ്യക്ഷ പദം ഒഴിഞ്ഞതെന്നു വ്യക്തമാക്കിയ സുധീരന്‍ പാര്‍ട്ടി രക്ഷപെടില്ലെന്നും ഇതേ അവസ്ഥയില്‍ തുടരുമെന്നും നേതൃയോഗത്തില്‍ വ്യക്തമാക്കി. അതേസമയം സുധീരനെതിരെയും നേതൃയോഗത്തില്‍ രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. സുധീരന്റെ സര്‍ക്കാരിനെതിരായ നിലപാടുകളാണ് നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്കിടയാക്കിയതെന്ന് ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ ജോസഫ് ആരോപിച്ചു. എന്നാല്‍ മൂന്നു തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്നും കൂടുതല്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നുമുള്ള തന്റെ അഭിപ്രായം അവഗണിച്ചതാണ് തോല്‍വിക്കു പിന്നിലെന്നു സുധീരനും തിരിച്ചടിച്ചു.

നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തി. സ്വന്തം നാട്ടില്‍ സീറ്റ് ചോദിച്ചിട്ടുപോലും തനിക്കു തന്നില്ല. പാര്‍ട്ടിക്കു വേണ്ടി വെള്ളം കോരിയിട്ടു തന്നെ തഴഞ്ഞു. തളര്‍ന്നു കിടന്നവരെപ്പോലും കെ.പി.സി.സി അംഗങ്ങളാക്കിയപ്പോഴും തന്നെ ഒഴിവാക്കിയെന്നും അദ്ദേഹം ആരോപിച്ചു. എന്‍.എസ്.എസ് പുറത്താക്കിയ ആളെ ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറാക്കിയത് തോല്‍വിയ്ക്കിടയാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ ഉണ്ണിത്താനെ വക്താവ് സ്ഥാനത്ത് നിയമിച്ചതിനെ ചോദ്യം ചെയ്ത് ഹസനും രംഗത്തെത്തി. പാര്‍ട്ടി നിലപാട് വിശദീകരിക്കലാണ് വക്താക്കളുടെ പണി. അല്ലാതെ പാര്‍ട്ടിക്കെതിരെ സംസാരിക്കലല്ലെന്നും ഹസന്‍ പറഞ്ഞു. എന്നാല്‍ ഹസനല്ല, ഹൈക്കമാന്‍ഡാണ് തന്നെ വക്താവാക്കിയതെന്ന് ഉണ്ണിത്താനും തിരിച്ചടിച്ചു.

ഇതിനിടെ കെ.പി.സി.സി യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ സുധീരന്‍ മാധ്യമങ്ങള്‍ക്കു മുന്നിലും നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വ്യത്യസ്തമായി നേതൃയോഗത്തില്‍ എ.ഐ ഗ്രൂപ്പ് നേതാക്കള്‍ സുധീരനെതിരെ തിരിഞ്ഞതും ശ്രദ്ധേയമായി. നിലവിലെ സാഹചര്യത്തില്‍ രാജ്യസഭ സീറ്റുദാനത്തെ തുടര്‍ന്നുണ്ടായ മുറിവുണക്കാന്‍ കോണ്‍ഗ്രസിന് ഇനിയും സമയം വേണ്ടി വരുമെന്നാണ് സൂചന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more