1 GBP = 103.12

എ-ഐ ഗ്രൂപ്പുകള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍

എ-ഐ ഗ്രൂപ്പുകള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍

തിരുവനന്തപുരം: എ-ഐ ഗ്രൂപ്പുകള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണപരാജയത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ ബിജെപിയും സിപിഎമ്മും സംഘടിതമായി വര്‍ഗ്ഗീയ-രാഷ്ട്രീയ കുപ്രചരണങ്ങള്‍ അഴിച്ചു വിടുമ്പോൾ ഇതിന് ബദലായി ഉയർന്നു വരേണ്ട കോൺ​ഗ്രസ് നേതാക്കളിൽ ചിലർ ​ഗ്രൂപ്പുകളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് വി.എം.സുധീരൻ കുറ്റപ്പെടുത്തി.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ടർ പട്ടികയിലേക്ക് അർഹരായവരെ ചേർക്കേണ്ട നിർണായകമായ ഈ സന്ദർഭത്തിൽ അതിനൊന്നും വേണ്ടപോലെ ശ്രമിക്കാതെ വോട്ടർപട്ടിക വെച്ച് യൂത്ത് കോൺഗ്രസിലേക്ക് കൃത്രിമമായി അംഗങ്ങളെ ചേർക്കുന്ന പ്രക്രിയയിലാണ് ഗ്രൂപ്പുകൾ ഏർപ്പെട്ടിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുധീരൻ വിമർശിക്കുന്നു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും എകെ ആൻറണിയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കാര്യങ്ങൾ നന്നായി പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ അതിനെല്ലാം വിരുദ്ധമായ നിലപാടാണ് ഗ്രൂപ്പ് നേതാക്കൾ കൈക്കൊള്ളുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വി.എം.സുധീരൻ കുറ്റപ്പെടുത്തുന്നു.

വി.എം.സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്… 

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണ പരാജയത്തിൽനിന്നും ജനദ്രോഹ പ്രവർത്തനങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനായി ഇരു സർക്കാരുകളും അതിനെയെല്ലാം നയിക്കുന്ന ബിജെപിയും സിപിഎമ്മും സംഘടിതമായി വർഗീയ-രാഷ്ട്രീയ കുപ്രചരണങ്ങൾ പൂർവ്വാധികം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിലാകട്ടെ കേന്ദ്ര-സംസ്ഥാന ഭരണകക്ഷികളുടെ ഒത്തുകളി കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. അന്ധമായ കോൺഗ്രസ് വിരോധത്താൽ പരസ്പരം ഒത്തുചേർന്ന് ഒളിഞ്ഞും തെളിഞ്ഞും കള്ളക്കളികളുമായി ഇക്കൂട്ടർ മുന്നോട്ടുപോകുന്നത് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.

ഇതിനെയെല്ലാം ശക്തമായി ചെറുക്കാനും യഥാർത്ഥ സ്ഥിതി ജന മനസ്സിലേക്ക് എത്തിക്കാനും ബാധ്യതപ്പെട്ട കോൺഗ്രസ് നേതാക്കളിൽ ചിലരാകട്ടെ ‘ഗ്രൂപ്പുകളി’യിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൻ്റെ പേരിലാണ് ഇത്തവണ ഗ്രൂപ്പ് പോര് രൂക്ഷമാക്കിട്ടുള്ളത്.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ടർ പട്ടികയിലേക്ക് അർഹരായവരെ ചേർക്കേണ്ട നിർണായകമായ ഈ സന്ദർഭത്തിൽ അതിനൊന്നും വേണ്ടപോലെ ശ്രമിക്കാതെ വോട്ടർപട്ടിക വെച്ച് യൂത്ത് കോൺഗ്രസിലേക്ക് കൃത്രിമമായി അംഗങ്ങളെ ചേർക്കുന്ന പ്രക്രിയയിലാണ് ഗ്രൂപ്പുകൾ ഏർപ്പെട്ടിരിക്കുന്നത്.

പണച്ചെലവ് വരുന്ന ഇതിനായി ഗ്രൂപ്പുകൾ ഒഴുക്കുന്നത് കോടികളാണ്. പണത്തിൻ്റെയും ഗ്രൂപ്പുകളുടെയും പിന്തുണയില്ലാതെ നല്ല പ്രവർത്തകർക്ക് കടന്നുവരാൻ പ്രയാസകരമായ സാഹചര്യമാണ് നിലവിലുത്.

‘എൻറെ ബൂത്ത് എൻറെ അഭിമാനം’ എന്ന മുദ്രാവാക്യത്തിന് പകരം ‘എൻറെ ഗ്രൂപ്പ് എൻറെ അഭിമാനം’ എന്ന ദുരവസ്ഥയിലേക്ക് പൂർണമായി തന്നെ കാര്യങ്ങൾ എത്തിയിരിക്കുന്നു. ഏറ്റവും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന നേതാക്കൾ തന്നെയാണ് തങ്ങളുടെ ഗ്രൂപ്പുകളുടെ ആധിപത്യം ഉറപ്പിച്ചെടുക്കാനുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

‘പാർട്ടി തകർന്നാലും വിരോധമില്ല, യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ പിടിച്ചെടുത്താൽ മതി’ എന്ന ക്രൂര മനോഭാവത്തോടെ ഗ്രൂപ്പ് കിടമത്സരം അതിൻ്റെ പാരമ്യത്തിൽ എത്തിയിരിക്കുകയാണ്. ഗ്രൂപ്പ് നേതാക്കൾ ചെയ്യുന്ന ഈ മഹാപാതകത്തിൻ്റെ അനന്തരഫലം എന്തായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

കോൺഗ്രസിൻ്റെ വളർച്ച ആഗ്രഹിക്കുന്ന നിസ്വാർത്ഥരായ പ്രവർത്തകരുടെയും കോൺഗ്രസിനെ സ്നേഹിക്കുന്ന ജനാധിപത്യ വിശ്വാസികളുടേയും മനസ്സിനെ വേദനിപ്പിക്കുന്നതും സ്വയം വിനാശകരവുമായ ഈ ഗ്രൂപ്പ് കിടമത്സരത്തിൽ നിന്നും ഇനിയെങ്കിലും പിൻവാങ്ങാൻ ഗ്രൂപ്പ് നേതാക്കൾക്ക് കഴിഞ്ഞില്ലെങ്കിൽ പരിതാപകരമായ അവസ്ഥയിലായിരിക്കും പാർട്ടി എത്തിച്ചേരുക എന്നതിൽ യാതൊരു സംശയവുമില്ല.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുതിർന്ന നേതാവ് എ കെ ആൻറണിയും നമ്മുടെ പ്രസിഡണ്ട് മുല്ലപ്പള്ളിയും കാര്യങ്ങൾ നന്നായി പോകണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ അതിനെല്ലാം വിരുദ്ധമായ നിലപാടാണ് ഗ്രൂപ്പ് നേതാക്കൾ കൈക്കൊള്ളുന്നത്.

ഇനിയെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിനാശകരമായ ഇത്തരം ദുഷ്ചെയ്തികളിൽ നിന്നും ഗ്രൂപ്പ് നേതാക്കൾ പിന്തിരിഞ്ഞേ മതിയാകൂ. ഇതിയായി ബന്ധപ്പെട്ട തലങ്ങളിൽ ഫലപ്രദമായ ഇടപെടലുകളുണ്ടാകട്ടെ എന്നാണ് പാർട്ടിയെ സ്നേഹിക്കുന്നവരെല്ലാം പ്രത്യാശിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more