1 GBP = 103.81

ബി.ജെ.പിയിലേക്ക് പോകില്ല: കെ.സുധാകരൻ

ബി.ജെ.പിയിലേക്ക് പോകില്ല: കെ.സുധാകരൻ

കണ്ണൂർ: താൻ ഒരിക്കലും ബി.ജെ.പിയിലേക്ക് പോകില്ലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരൻ പറഞ്ഞു. ബി.ജെ.പിയിൽ ചേരാൻ ക്ഷണം കിട്ടിയ കാര്യം താൻ പുറത്ത് പറഞ്ഞത് രാഷ്ട്രീയ ധാർമികത കൊണ്ടാണെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. താൻ ബി.ജെ.പിയിൽ ചേരുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലങ്ങോളമിങ്ങോളം ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് പ്രസംഗിക്കുന്ന കോൺഗ്രസിലെ പ്രമുഖ നേതാക്കളിൽ ഒരാളാണ് താൻ. അങ്ങനെയുള്ള താൻ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും സുധാകരൻ ചോദിച്ചു.

തന്റെ പ്രസ്താവനയെ ചിലർ ദുരുപയോഗം ചെയ്യുകയായിരുന്നു. താൻ ബി.ജെ.പിയിൽ പോകുമെന്ന ഇടതുപക്ഷത്തിന്റെ പ്രചാരണം ആരുടെയെങ്കിലും മനസിൽ ചെറുതായെങ്കിലും ഏശിയിട്ടുണ്ടെങ്കിൽ അതു നീക്കാനായാണ് ഇത് പറയുന്നത്. ഷുഹൈബ് വധക്കേസിൽ പ്രതിസ്ഥാനത്തുള്ള സി.പി.എമ്മിന് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ പ്രചാരണം. ഗുജറാത്തിൽ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കിയതു പോലെ കേരളത്തിൽ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നത് സി.പി.എമ്മാണെന്നും സുധാകരൻ ആരോപിച്ചു.സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ മാനസികനില തെറ്റിയതു പോലെയാണ് സംസാരിക്കുന്നത്.

എന്തൊക്കെ സംഭവിച്ചാലും ബി.ജെ.പിയിലേക്കോ സി.പി.എമ്മിലേക്കോ ഇല്ല. സി.പി.എം നാണംകെട്ട പാർട്ടിയാണ്. ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ സി.പി.എം ചെപ്പടിവിദ്യ കാണിക്കുകയാണ്. വിവാദമായ ചാനൽ അഭിമുഖത്തിലെ യഥാർഥ ദൃശ്യങ്ങളും, സിപിഎം കേന്ദ്രങ്ങൾ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ച ഭാഗങ്ങളും സുധാകരൻ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more