1 GBP = 103.85

അന്തര്‍വാഹിനി കരാറില്‍നിന്ന് പിന്മാറി; ഓസ്ട്രേലിയയുടെ തീരുമാനത്തിൽ കടുത്ത രോഷം പ്രകടിപ്പിച്ച് ഫ്രാൻസ്

അന്തര്‍വാഹിനി കരാറില്‍നിന്ന് പിന്മാറി; ഓസ്ട്രേലിയയുടെ തീരുമാനത്തിൽ കടുത്ത രോഷം പ്രകടിപ്പിച്ച് ഫ്രാൻസ്

പാരീസ്: ഫ്രാൻസുമായുള്ള വമ്പൻ അന്തർവാഹിനി കരാർ റദ്ദാക്കാനുള്ള ഓസ്ട്രേലിയയുടെ അപ്രതീക്ഷിത തീരുമാനത്തിൽ കടുത്ത രോഷം പ്രകടിപ്പിച്ച് ഫ്രാൻസ്. ഓസ്ട്രേലിയയുടെ ഈ നീക്കം തികഞ്ഞ വിശ്വാസവഞ്ചനയാണെന്ന് ഫ്രാൻസ് ആരോപിച്ചു. അമേരിക്കൻ ആണവ അന്തർവാഹിനികളിൽ കണ്ണുവച്ചാണ് ഓസ്ട്രേലിയ കരാറിൽനിന്ന് പിന്മാറിയത്.

‘ഇത് ഞങ്ങൾക്ക് ശരിക്കും പുറകിൽ നിന്നുള്ള കുത്താണ്. ഞങ്ങൾ ഓസ്ട്രേലിയയുമായി വിശ്വാസ ബന്ധം സ്ഥാപിച്ചു എന്നാൽ വിശ്വാസവഞ്ചനയാണ് അവർ കാണിച്ചത്’ – ഫ്രാൻസ് വിദേശകാര്യ മന്ത്രി ജാൻ യീവ്സ് ലെ ഡ്രിയാൻ ഫ്രാൻസ് ഇൻഫോ റേഡിയോയോട് പറഞ്ഞു.

ഏകപക്ഷീയവും അപ്രതീക്ഷിതവുമായ ഈ തീരുമാനം മുൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ അനുസ്മരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ട്രംമ്പ് അമേരിക്കൻ പ്രസിഡന്റ് ആയിരിക്കുമ്പോൾ യൂറോപ്പിനെ പ്രവചനാതീതമായ തീരുമാനങ്ങളെടുത്ത് പ്രകോപിപ്പിച്ചിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫ്രാൻസിന്റെ ഭാഗിക ഉടമസ്ഥതയിലുള്ളതാണ് നേവൽ ഗ്രൂപ്പ്. ഫ്രാൻസിന്റെ ബാരാക്കുഡ ആണവോർജ്ജ അന്തർവാഹിനികളുടെ മാതൃകയിൽ 12 അന്തർവാഹിനികൾ നിർമ്മിക്കാൻ ഓസ്ട്രേലിയ ഫ്രാൻസിന്റെ നേവൽ ഗ്രൂപ്പിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഏകദേശം 31 ബില്യൺ യൂറോ ആയിരുന്നു കരാർ തുക. 2016ൽ ആയിരുന്നു ഔദ്യോഗികമായി ഇത് പ്രഖ്യാപിക്കുന്നത്.

എന്നാൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഓസ്ട്രേലിയയിലെയും ബ്രിട്ടനിലെയും പ്രധാനമന്ത്രിമാരും ബുധനാഴ്ച ഒരു പുതിയ പ്രതിരോധ ഉടമ്പടി പ്രഖ്യാപിക്കുകയായിരുന്നു. ഇത് പ്രകാരം ഓസ്ട്രേലിയയ്ക്ക് ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഒരു അന്തർവാഹിനി ലഭിക്കും. ഇത് വളരെ കുറച്ച് അമേരിക്കൻ സഖ്യകക്ഷികൾക്ക് മാത്രം ലഭിക്കുന്ന ഒരു അപൂർവ്വ അന്തർവാഹിനിയാണ്. 

ഇന്തോ-പസഫിക് മേഖലയിൽ വർധിക്കുന്ന ചൈനയുടെ സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് ഈ നീക്കം അടിവരയിടുന്നു. ഇവിടെ ന്യൂ കാലിഡോണിയ, ഫ്രഞ്ച് പോളിനേഷ്യ എന്നീ ഫ്രാൻസിന്റെ പ്രദേശങ്ങളിലെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഫ്രാൻസും ശ്രമിക്കുകയാണ്.

ഫ്രാൻസിന്റെ നാവിക യാർഡുകൾക്ക് ലഭിക്കുന്ന ‘നൂറ്റാണ്ടിന്റെ കരാർ’ എന്ന് ഒരിക്കൽ ലെ ഡ്രിയാൻ വിശേഷിപ്പിച്ചിരുന്നു. അമേരിക്ക ഫ്രാൻസിനെ ‘കബളിപ്പിച്ചോ’ എന്ന ചോദ്യത്തിന് ‘നിങ്ങളുടെ വിശകലനം ഏറെക്കുറെ ശരിയാണ്.’ എന്നാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി മറുപടി നൽകിയത്. 

‘ഞങ്ങൾ ഈയിടെ അമേരിക്കയുമായി ഇന്തോ-പസഫിക് മേഖലയിൽ വർധിക്കുന്ന ചൈനയുടെ സ്വാധീനത്തെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു അതിനിടെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.’ ലെ ഡ്രിയാൻ പറഞ്ഞു, അമേരിക്കയും തങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ വലിയ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

‘ഞങ്ങൾക്ക് ഇക്കാര്യത്തിൽ വ്യക്തത ആവശ്യമാണ്. ഞങ്ങൾക്ക് ഓസ്ട്രേലിയയുമായി കരാറുകളുണ്ട്, അവയിൽ നിന്ന് എങ്ങനെ പിൻവലിയാനാണ് അവർ ഉദ്ദേശിക്കുന്നതെന്ന് തങ്ങളോട് പറയേണ്ട ബാധ്യത ഓസ്ട്രേലിയയ്ക്കുണ്ട്,’ ജാൻ യീവ്സ് ലെ ഡ്രിയാൻ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more