1 GBP =
breaking news

മാർ സ്രാമ്പിക്കലിന്റെ അനുഗ്രഹീത സാന്നിദ്ധ്യവും, വിശുദ്ധ ഗ്രൻഥ സംഭവങ്ങൾക്കു ജീവൻ പകർന്ന ആവിഷ്ക്കാരങ്ങളും; സ്റ്റീവനേജ് ‘പാരീഷ് ഡേ’ വർണ്ണാഭമായി.

മാർ സ്രാമ്പിക്കലിന്റെ അനുഗ്രഹീത സാന്നിദ്ധ്യവും, വിശുദ്ധ ഗ്രൻഥ സംഭവങ്ങൾക്കു  ജീവൻ പകർന്ന ആവിഷ്ക്കാരങ്ങളും; സ്റ്റീവനേജ് ‘പാരീഷ് ഡേ’ വർണ്ണാഭമായി.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: വെസ്റ്റ് മിൻസ്റ്റർ ചാപ്ലൈൻസിയുടെ കീഴിലുള്ള ലണ്ടനിലെ പ്രമുഖ സീറോ മലബാർ കുർബ്ബാന കേന്ദ്രമായ സ്റ്റീവനേജിലെ കമ്മ്യുണിറ്റി തങ്ങളുടെ പ്രഥമ പാരീഷ് ദിനാഘോഷം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. ഹോളിഡേ ഇന്നിൽ നടത്തപ്പെട്ട പാരീഷ് ദിനാഘോഷത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാതിഥിയായിരുന്നു. അഭിവന്ദ്യ പിതാവ് കേക്ക് മുറിച്ചു കൊണ്ട് പാരീഷ് ദിനാഘോഷം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു സന്ദേശം നൽകി.

കുടുംബ ബന്ധങ്ങളെ കാര്യമാത്ര പ്രസക്തമായി തന്റെ സന്ദേശത്തിലൂന്നി സംസാരിച്ച പിതാവ് “ദൈവ കൽപ്പനകളും തിരു ലിഖിതങ്ങളും പാലിച്ചു ജീവിക്കുന്നവരുടെ മക്കൾ അനുസരണയുള്ളവരായിരിക്കും.വിവാഹമെന്ന കൂദാശയിൽ ദൈവത്തെ സാക്ഷ്യമാക്കി വാഗ്‌ദാനങ്ങൾ നൽകി ആശീർവദിച്ചു തുടങ്ങുന്ന ബന്ധങ്ങൾ ഉലച്ചിലില്ലാതെ നയിക്കപ്പെടണമെന്നും പ്രാർത്ഥനയിലും സ്നേഹത്തിലും അധിഷ്‌ഠിതമായി ബന്ധം കാത്തു സൂക്ഷിക്കുവാൻ കടമയുണ്ടെന്നും പിതാവോർമ്മിപ്പിച്ചു. കൂടുമ്പോൾ ഇമ്പമേകുന്നതാണ് കുടുംബം.ആ കുടുംബങ്ങളിൽ എന്നും സന്തോഷവും ആരോഗ്യവും സമാധാനവും ഉണ്ടാവും. അവിടെ ഈശ്വര സാന്നിദ്ധ്യവും അനുഗ്രഹങ്ങളും സദാ ഉണ്ടായിരിക്കും. ഇണയുടെ കുറവുകളെ തേടി പോവുകയല്ല അവരിലെ നന്മകളെ കണ്ടെത്തലാണ് കുടുംബ വിജയങ്ങളുടെ അടിസ്ഥാനവും അതാണ് കുടുംബത്തെ ദൈവത്തോട് ഗാഢമായി ചേർക്കുക” എന്നും പിതാവ് ഓർമ്മിപ്പിച്ചു.


ഏറെ ചിന്തോദീപകമായ പിതാവിന്റെ പാരീഷ് ഡേ സന്ദേശത്തിനു ശേഷം ചാപ്ലൈനും സ്റ്റീവനേജ് പ്രീസ്റ്റ് ഇൻ ചാർജുമായ ഫാ.സെബാസ്റ്റ്യൻ ചാമക്കാല ഫാ.സോണി കടന്തോട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

അഭിവന്ദ്യ മാർ സ്രാമ്പിക്കൽ പിതാവിനെയും,സെക്രട്ടറി ഫാൻസുവ പത്തിൽ അച്ചനെയും എന്തിനു സദസ്യരെ മുഴുവൻ അതിശയിപ്പിക്കുകയും ഇമവെട്ടാതെ ഇരിപ്പിടത്തിൽ പിടിച്ചിരുത്തുകയും ചെയ്ത വൈവിദ്ധ്യമാർന്ന മികച്ച കലാ പരിപാടികൾ ‘പാരീഷ് ഡേ’ ആഘോഷത്തെ പ്രൗഢ ഗംഭീരമാക്കി.

ബൈബിൾ സംഭവങ്ങളുടെ പുനരാവിഷ്ക്കാരമായ ‘സമാഗമവും’ ആല്മീയ ചൈതന്യം മുറ്റിയ ‘ഫാത്തിമായുടെ സന്ദേശവും’ വിശ്വാസ പ്രഘോഷണങ്ങളായ കലാപ്രകടനങ്ങളും, ദിവ്യ സന്ദേശങ്ങൾ വിളിച്ചോതിയ ദൃശ്യാവിഷ്ക്കാരങ്ങളും ആല്മീയ ശോഭ നിറച്ച അത്ഭുത വേദി മുഴു നീളം ആസ്വാദ്യകരമായി. നൃത്തങ്ങളിലൂടെയും ഗാനാവിഷ്കാരങ്ങളിലൂടെയും ദിവ്യ സന്ദേശങ്ങൾ പ്രഘോഷിച്ച പാരീഷ് ദിനാഘോഷം ആല്മീയോത്സവമാകുകയായിരുന്നു.

സ്റ്റീവനേജ് കമ്മ്യുണിറ്റി അംഗങ്ങൾ ചേർന്നൊരുക്കിയ ‘സമാഗമം’ എന്ന ബൈബിൾ നാടകത്തിൽ കഥാപാത്രങ്ങൾ മത്സരിച്ചു നടത്തിയ അഭിനയ പാഠവം, ബൈബിൾ കഥാപാത്രങ്ങളെ നേർക്കു നേർ കൺമുമ്പിൽ കാണുന്ന അവാച്യമായ അനുഭവം പകരുന്നതായി.ജോഷി സംവിധാനം ചെയ്തു പ്രിൻസൺ പാലാട്ടി മുഖ്യകഥാപാത്രമായും, ജോയി, സിസിലി, തോമസ്, സിബി, ജിനേഷ്,സജൻ, തങ്കച്ചൻ,ടെസ്സി, ജിമ്മി, മേഴ്‌സി തുടങ്ങിയവർ ജീവൻ നൽകിയ ‘സമാഗമം’ ‘പാരീഷ്ഡേ’യുടെ മുഖ്യാകർഷണമായി.

കുട്ടികൾ അവതരിപ്പിച്ച ‘ഫാത്തിമായുടെ സന്ദേശവും’ പാരീഷ് ദിനാഘോഷത്തിൽ മികച്ച ഹൈലൈറ്റുകളിലൊന്നായി.മാതൃ സ്നേഹത്തിന്റെ ഉറവ തേടുന്നവർക്കുള്ള നിർദ്ദേശങ്ങളും ശുദ്ധീകരണ സ്ഥലത്തെ ആല്മാക്കളുടെ മുക്തിക്കായുള്ള പ്രാർത്ഥനാ യാചനകളും സന്ദേശമായി നൽകിയ അവതരണത്തിൽ ലിസ് ജോയി മാതാവായും മരിറ്റ, സാവിയോ, ലെന എന്നിവർ ലൂസിയ, ഫ്രാൻസിസ്‌കോ, ജസീന്ത എന്നിവരായും മികച്ച പ്രകടനമാണ് അഭിനയ വേദിയിൽ പുറത്തെടുത്തത്. ടെറീന ഷിജി കലാ സംവിധാനം നിർവ്വഹിച്ചു.

ക്യാറ്റക്കിസം ബൈബിൾ കലോല്സവം തുടങ്ങിയവയിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ സ്രാമ്പിക്കൽ പിതാവ് വിതരണം ചെയ്തു. നാഷണൽ ബൈബിൾ കലോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ അല്മാ സോയിമോനെ പ്രത്യേക അച്ചീവ്മെന്റ് അവാർഡും നൽകി തഥവസരത്തിൽ പിതാവ് അഭിനന്ദിച്ചു.

സ്റ്റീവനേജ് ‘പാരീഷ് ഡേ’ വേദിക്കായി സൗകര്യം ഒരുക്കുവാനും ആഘോഷം വിജയപ്രദമാക്കുവാനും സജീവ നേതൃത്വം നൽകി സഹകരിച്ച സാംസൺ ജോസഫിന് കമ്മ്യുണിറ്റി പ്രത്യേകമായ നന്ദി പ്രകാശിപ്പിച്ചു.

ട്രസ്റ്റിമാരായ അപ്പച്ചൻ കണ്ണഞ്ചിറ സ്വാഗതവും, ജിമ്മി ജോർജ്ജ് നന്ദിയും നേർന്നു. വിഭവ സമൃദ്ധമായ സ്നേഹ വിരുന്നും ഉണ്ടായിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more