1 GBP = 104.37
breaking news

സ്റ്റീവനേജിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാളും, പാരീഷ് ദിനാചരണവും വിശ്വാസ പ്രഘോഷണമായി. 

സ്റ്റീവനേജിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാളും, പാരീഷ് ദിനാചരണവും വിശ്വാസ പ്രഘോഷണമായി. 

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്. ഗ്രേറ്റ് ബ്രിട്ടൻ സിറോമലബാർ എപ്പാർക്കിയുടെ കീഴിൽ ലണ്ടൻ റീജണിലെ നിർദ്ധിഷ്‌ഠ സെന്റ് സേവ്യർ  മിഷന്റെ നേതൃത്വത്തിൽ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുന്നാൾ ഭക്തിപുരസ്സരം കൊണ്ടാടി.  
സ്റ്റീവനേജ് സെന്റ് ജോസഫ്സ് പള്ളിയിൽ നടത്തിയ തിരുന്നാൾ ആഘോഷത്തിന് ഫാ. നൈജിൽ വൂളൻ പ്രാർത്ഥനക്കും,
ആശീർവ്വാദത്തിനും ശേഷം കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. സെന്റ് സേവ്യർ മിഷന്റെ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. അനീഷ് നെല്ലിക്കൽ  ആഘോഷമായ പാട്ടു കുർബ്ബാനക്കു കാർമ്മികത്വം വഹിക്കുകയും, തിരുന്നാൾ സന്ദേശം നൽകുകയും ചെയ്തു. ആഘോഷമായ തിരുന്നാൾ കുർബ്ബാനയും സന്ദേശവും ഏവർക്കും ആല്മീയോത്സവ അനുഭവ വിരുന്നായി.

തിരുന്നാൾ കുർബ്ബാനയ്ക്ക് ശേഷം, ആഘോഷത്തിലെ ഏറ്റവും ആകർഷകവും ശ്രദ്ധേയവും വിശ്വാസ പ്രോഘോഷണവുമായി മാറിയ തിരുന്നാൾ പ്രദക്ഷിണത്തിനു കുടുംബ യൂണിറ്റുകൾ നേതൃത്വം നൽകി. കുരിശു വഹിച്ചു നീങ്ങിയ പ്രക്ഷിണത്തിൽ തുടർന്ന് തിരുന്നാൾ പതാക, വി.തോമാശ്ലീഹായുടെ രൂപം അതിനും പിന്നിലായി ഓരോ കുടുംബ യൂണിറ്റുകൾ തങ്ങളുടെ മാദ്ധ്യസ്ഥന്മാരുടെ രൂപങ്ങളും മുത്തുക്കുടകളും വഹിച്ചും നീങ്ങി. വി.യൗസേപ്പിതാവിന്റെ രൂപത്തിന് പിന്നിൽ വർണ്ണാഭമായ പുഷ്‌പാലങ്കാരത്തോടെ  ഏറ്റവും മനോഹരമായി  തയ്യാറാക്കിയ രൂപക്കൂട്ടിൽ പരിശുദ്ധ അമ്മയെയും വഹിച്ചും അതിനു പിന്നിലായി സീറോമലബാർ കുരിശും വഹിച്ചു അനീഷച്ചനും അൾത്താര ബാലരും അണിനിരന്നു. ജപമാല സമർപ്പിച്ചുകൊണ്ട് നടത്തിയ പ്രദക്ഷിണം സ്കൂൾ അസംബ്ലി പാർക്കിൽ  ഒത്തുകൂടി നടത്തിയ ലുത്തീനിയക്ക് ശേഷം ദേവാലയത്തിൽ തിരിച്ചെത്തി നടത്തിയ ലദീഞ്ഞിനു ശേഷം സമാപന ആശീർവാദത്തോടെ തിരുന്നാളിന് മംഗളകരമായ സമാപനമായി.

നൂറു കണക്കിന് വിശ്വാസികൾ പങ്കുചേർന്ന തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ശേഷം രൂപം വണങ്ങലും, കഴുന്നെടുക്കലും തുടർന്ന് വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. തിരുക്കർമ്മങ്ങളിൽ അരുൺ,ജോർജ്ജ്, സൂസൻ, ഓമന,ബിൻസി, അനു, റജി തുടങ്ങിയവർ നയിച്ച ഗാന ശുശ്രുഷ ആല്മീയസാന്ദ്രമായി. 

തുടർന്ന് നടന്ന പാരീഷ് ഡേ ആഘോഷങ്ങൾ സെന്റ് വിൻസന്റ് സ്കൂൾ ഹാളിൽ സംയുക്തമായി മെഴുതിരി തെളിച്ചു കൊണ്ട് ഫാ. അനീഷ് നെല്ലിക്കൽ, സെന്റ് വിൻസന്റ് ഡീ പോൾ സ്കൂൾ പ്രിൻസിപ്പൾ ജോൺ വൈറ്റ് ട്രസ്റ്റിമാരായ സാംസൺ ജോസഫ്, ജിൻടോ മാവറ എന്നിവർ   ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഈശ്വര പ്രാർത്ഥനാലാപനത്തോടെ ആരംഭിച്ച ഇടവകാ ദിനാഘോഷത്തിൽ ജിൻടോ മാവറ സ്വാഗതം ആശംസിച്ചു. ജോൺ വൈറ്റ് നടത്തിയ ആശംസാ പ്രസംഗത്തിൽ തനതായ ആല്മീയ ആചാര അനുഷ്‌ടാനങ്ങൾ മുടക്കാതെയും പാരമ്പര്യ പൈതൃകം കാത്തു സൂക്ഷിച്ചും,വിശ്വാസം മുറുകെ പിടിച്ചും മുന്നോട്ടു പോകേണ്ടതിന്റെ അനിവാര്യത ഉദ്‌ബോധിപ്പിച്ചു. അനീഷച്ചൻ മുഖ്യ സന്ദേശം നൽകി. 
ജിസിഎസ്ഇ, എ ലെവൽ പരീക്ഷകളിൽ വിജയിച്ചവർക്കും,വേദപാഠ ക്ലാസ്സുകളിൽ ഏറ്റവും കൂടുതൽ ഗ്രെയിഡുകൾ ലഭിച്ചവർക്കും, പാരീഷ് തലത്തിൽ നടത്തിയ ദശദിന ജപമാലയിൽ ദിവസവും മുടങ്ങാതെ പങ്കുചേർന്ന ഡെറോൺ സെബാസ്ത്യനും സമ്മാനങ്ങൾ വിതരണം നടത്തി.വേദപാഠ അദ്ധ്യാപകർക്കുള്ള പാരിതോഷകങ്ങളും വിതരണം ചെയ്തു 

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വനിതാഫോറം വിഭാവനം ചെയ്യുന്ന പദ്ധതികളെപ്പറ്റിയും, പ്രവർത്തന മണ്ഡലങ്ങളെപ്പറ്റിയും, നാളിതു വരെ നടത്തിയ ആല്മീയ-സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ തലങ്ങളിലെ നേട്ടങ്ങളും പ്രദിപാതിച്ച ടെസ്സി ജെയിംസ് സംഘടനയിൽ വനിതകൾ പങ്കു ചേരേണ്ടതിന്റെ അനിവാര്യതയും എടുത്തു പറഞ്ഞു.  സ്റ്റീവനേജ് വനിതാ  ഫോറം നടത്തിയ മരിയൻ ക്വിസ് മത്സരവിജയികൾക്കുള്ള ഉപഹാരങ്ങൾ തദവസരത്തിൽ ജോണ് വൈറ്റ് വിതരണം ചെയ്തു. ടിന്റു മെൽവിൻ ഒന്നാം സ്ഥാനം നേടി.

പാരീഷ് ഡേയിൽ ബൈബിളിനെ അടിസ്ഥാനമാക്കി അവതരിപ്പിച്ച സ്‌കിറ്റുകൾ, സംഘനൃത്തം, ഗാനങ്ങൾ, ഡാൻസുകൾ എന്നിവ ഇടവകാദിനത്തിൽ വിശ്വാസ ദീപ്തി പകരുന്നവയായി.സജൻ സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ‘പ്രാർത്ഥനാധിഷ്‌ഠിത കുടുംബം’  ജോയി,ടെസ്സി,റയാൻ    മെൽവിൻ തുടങ്ങിയവർ അഭിനയിച്ച ‘അബ്രഹാമിന്റെ ബലി’ തുടങ്ങിയവ ആഘോഷത്തിൽ ശ്രദ്ധേയമായി. 

സെന്റ് സേവ്യർ  പ്രോപോസ്ഡ് മിഷൻ തിരുന്നാളും, പാരീഷ് ദിനവും വിജയപ്രമാക്കുന്നതിൽ സഹകരിച്ച എല്ലാവർക്കും അപ്പച്ചൻ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more