1 GBP = 103.33

അദ്ദേഹം പറഞ്ഞതല്ല നിങ്ങൾ കേട്ടത് ; ശ്രീനിവാസനെ വിമർശിച്ചവർക്ക് സ്റ്റാജന്റെ മറുപടി

അദ്ദേഹം പറഞ്ഞതല്ല നിങ്ങൾ കേട്ടത് ; ശ്രീനിവാസനെ വിമർശിച്ചവർക്ക് സ്റ്റാജന്റെ മറുപടി

ശ്രീനിവാസനെ വിമർശിച്ചവർക്ക് മറുപടിയുമായി സംവിധായകൻ സ്റ്റാജൻ വി.ജെ രംഗത്ത്. ശ്രീനിവാസൻ തിരക്കഥ എഴുതുന്ന പുതിയ സിനിമയുടെ സംവിധായകനാണ് സ്റ്റാജൻ. കഴിഞ്ഞ ദിവസം ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായി വിമർശനം ഉയർന്നിരുന്നു.ഇതിനെതിരെയാണ് സംവിധായകന്റെ മറുപടി.

‘അദ്ദേഹം പറഞ്ഞതല്ല നിങ്ങൾ കേട്ടത്,കേട്ടതല്ല നിങ്ങൾ മനസിലാക്കിയതെന്നും’ സംവിധായകൻ കുറിപ്പിൽ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം. . .

ക്ഷമിക്കണം സുഹൃത്തേ – അദ്ദേഹം പറഞ്ഞതല്ല നിങ്ങൾ കേട്ടത്,കേട്ടതല്ല നിങ്ങൾ മനസിലാക്കിയത്………

സ്റ്റാജൻ വി ജെ

രണ്ടു മൂന്നു ദിവസമായി പ്രതികരിക്കണം എന്ന് തോന്നിയെങ്കിലും എഴുതാൻ ഒരു മനസുവന്നിരുന്നില്ല.ശ്രീനിച്ചേട്ടൻ (ശ്രീനിവാസൻ)ആശുപത്രികിടക്കിയിലാണ് എന്നത് ഒരു വേദനയായി ഉള്ളിലുണ്ടായിരുന്നു.എന്നാൽ ചിലരുടെ വേദന സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആഘോഷിക്കുന്ന കണ്ടപ്പോൾ എഴുതാതിരിക്കാനായില്ല.

കുറച്ചു ദിവസങ്ങളായി, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതന്റെ ഒരു ദിവസം മുൻപുവരെ ഞങ്ങൾ ഒരുമിച്ചായിരുന്നു, -ഒരു തിരക്കഥാചർച്ചയിൽ.മണിക്കൂറുകളോളം നീളുന്ന ആശയസംവാദത്തിനിടയിൽ ചിലപ്പോഴൊക്കെ കഥയെഴുത്തു,അതായിരുന്നു രീതി.പലപ്പോഴും അദ്ദേഹം നടത്തിയിട്ടുള്ള വിവാദപ്രസ്താവനകളും ഇതിനിടയിൽ ചർച്ചയായിരുന്നു.അദ്ദേഹത്തിന്റെ വിശദീകരങ്ങളിൽ നിന്നും എനിക്ക് മനസിലായത് ഇതാണ് – സുഹൃത്തേ,അദ്ദേഹം പറഞ്ഞതല്ല നിങ്ങൾ കേട്ടത്,കേട്ടതല്ല നിങ്ങൾ മനസിലാക്കിയത്.

കൂടുതലും പേർ അദ്ദേഹത്തെ വിമർശിച്ചുകണ്ടതു ‘പ്രകൃതി ചികിത്സാ വാദിയായ” ശ്രീനിവാസൻ അലോപ്പതി ആശുപത്രിയിൽ ജീവൻ രക്ഷിക്കാൻ അഭയം തേടി എന്നാണു.നിങ്ങൾ മനസിലാക്കിയത് തെറ്റാണ്.അദ്ദേഹം ഒരൊറ്റ ചികിത്സാ സമ്പ്രദായത്തിൽ വിശ്വസിക്കുന്ന ആളല്ല,അലോപ്പതിയും ആയുർവേദവും അടക്കം നിലവിലുള്ള പല ചികിത്സാ രീതികളിലേയും നല്ലവശങ്ങൾ ഉൾക്കൊള്ളുന്ന ആളാണ്.നമ്മുടെ മതവിശ്വാസം പോലെ ഒന്നിൽ മാത്രം അടിയുറച്ചു വിശ്വസിച്ചിരുന്ന ഒരു രീതിയല്ല അദ്ദേഹത്തിന്റേത്.തന്റെ മതം മാത്രം ശെരിയെന്നു കരുതുന്നവരാണ് ഭൂരിഭാഗം മതവിശ്വാസികളും,അത് പോലെ തന്നെ തന്റെ ചികിത്സരീതി മാത്രമാണ് ശരിയെന്നു കരുതുന്ന ഡോക്ടർമാരും.

കോഴിക്കോട്ടെ രാമചന്ദ്രൻ ഡോകടറെ പോലെ അലോപ്പതി മരുന്നും അതോടൊപ്പം ആയുർവേദ കഷായവും പ്രിസ്‌ക്രൈബ് ചെയ്യുന്ന അപൂർവം വ്യക്തികളെ വിസ്മരിക്കുന്നില്ല .പൊതുവെ ശ്രീനിവാസൻ അലോപ്പതി,ആയുർവേദ,ഹോമിയോ എന്നിവയിലെ നല്ല വശങ്ങൾ സ്വീകരിക്കുകയും മോശം വശങ്ങളെ നിർദാക്ഷിണ്യം തള്ളുകയും ചെയ്തു എന്നാണ് അദ്ദേഹവുമായിട്ടുള്ള സംഭാഷണങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ആരോഗ്യരംഗത്തെ മോശം പ്രാക്ടിസിനെയാണ് അദ്ദേഹം എതിർത്തിരുന്നത് അല്ലാതെ ശാസ്ത്രത്തെയല്ല..ചിന്തയിൽ അദ്ദേഹം ഒരു യുക്തിവാദിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്,അല്ലാതെ തീർച്ചയായും ഒരു അന്ധവിശ്വാസിയല്ല – മതത്തിലും ശാസ്ത്രത്തിലും.

പിന്നെ അലോപ്പതിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമർശനങ്ങൾ.

പഠനത്തിന് കോടികൾ ഇൻവെസ്റ്റുചെയ്ത ഡോക്ടർമാർ, അതിലേറെ ഇൻവെസ്റ്റ് ചെയ്ത ഹോസ്പിറ്റലുകൾ ,ചെറിയ പനിക്കുള്ള പരാസിറ്റാമോൾ ഗുളികയ്ക്കു തൊട്ടു മരണം മുഖ മുഖം കാണുന്ന കാൻസർ രോഗികൾക്കുള്ള മരുന്നുകൾക്കുവരെ മരുന്നിന്റെ വിലയുടെ 70 % വരെ കമ്മീഷൻ പങ്കെടുന്ന കൊള്ളക്കാർ.ഒന്ന് ഓർക്കുക പ്രമേഹ ചികിത്സക്കുപയോഗിക്കുന്ന “ഗ്ലിമിപ്രൈഡ് ” ഒരു രൂപമുതൽ അഞ്ചും ആറും മടങ്ങു വിലയിൽ ലഭ്യമാണ്(നാഷണൽ ഫർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി സിലിംഗ് പ്രൈസ് നടപ്പാക്കാത്ത മരുന്നുകൾക്ക് പറയുകയും വേണ്ട! )

.ജനറിക് മെഡിസിൻ പ്രിസ്‌ക്രൈബ് ചെയ്യാൻ ഇഷ്ടമില്ലാത്ത ഡോക്ടർ മാർ.കൂടാതെ മെഡിക്കൽ കമ്പനികൾക്കും ഡോക്ടർമാർക്കും മാത്രം പ്രയോജനമുള്ള ആയിരക്കണക്കിന് ഗുണമില്ലാത്ത കോമ്പിനേഷൻ തന്ത്രങ്ങൾ! 2016 മാർച്ചിൽ Ministry of Health Family welfare നിരോധിച്ചത് ഇത്തരത്തിലുള്ള 344 കോമ്പിനേഷൻ മരുന്നുകളാണ്.( https://www.nhp.gov.in/Complete-list-of-344-drugs-banned-by…)

ഇത്തരം മരുന്നുകൾ ‘അറബിക്കടലിൽ വലിച്ചെറിയാൻ ‘ആക്രോശിച്ചതു തെറ്റാണോ?
ആർക്കുവേണ്ടിയായിരുന്നു ഇതുവരെ നാം ഇതെല്ലാം കഴിച്ചത്?’നമ്മുടെ നഷ്ടപെട്ട പണവും ആരോഗ്യവും’ ഇതിനു ഉത്തരവാദികൾ ആരാണ്?
ഗവർമെന്റിന്റെ നിരോധനത്തിനെതിരെ സുപ്രീം കോടതി സ്റ്റേ നേടി ഈ മരുന്നുകൾ വീണ്ടും മാർക്കറ്റിലുണ്ടെന്നു പറയുന്നു.കോടതി Drugs advisory body തീരുമാനത്തിന് വിട്ടിരിക്കുകയാണെന്നും കേൾക്കുന്നു.

ഈയിടെ നാഷണൽ ഫർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി ഹൃദയ ധമനികളിൽ ഉപയോഗിക്കുന്ന സ്റ്റന്റിനു സീലിംഗ് പ്രൈസ് നടപ്പാക്കിയപ്പോൾ മുൻപ് ഹോസ്പിറ്റലുകാർ ഒന്നര ലക്ഷതിലധികം രൂപ വാങ്ങിയിരുന്ന സ്റ്റന്റിനു വില മുപ്പതിനായിരത്തിനു താഴെയായി.സാധാരണക്കാർ ഉപയോഗിക്കുന്ന ബെയർ മെറ്റൽ സ്റ്റന്റിനു അത് വെറും 7500 രൂപയോളമായി കുറഞ്ഞു.കൂടുതൽ കണക്കുകൾ പറയണോ ?

ഇനി അവയവ ദാനവും ശ്രീനിവാസനും.

അദ്ദേഹം അവയവ കച്ചവടത്തിന് എതിരായിരുന്നു.തീർച്ച.അതിനെതിരെ അദ്ദേഹം പലപ്പോഴും ആഞ്ഞടിച്ചിട്ടുണ്ട്.
ചില വാദങ്ങൾ കണ്ടു.ഒരാളുടെ മരണം മറ്റു ആറു പേർക്കു ജീവൻ കൊടുക്കുമെങ്കിൽ അത് നല്ലതല്ലേ?തീർച്ചയായും നല്ലത് .പക്ഷെ ഒരാളെ കൊന്നു മറ്റു ആറു പേർക്കു ജീവൻ കൊടുക്കണമോ?ഒരു പക്ഷെ അദ്ദേഹത്തിന്റെ നിരന്തരമായ ആക്രോശങ്ങൾ വിലവച്ചായിരിക്കണം കേരള ഗവണ്മെന്റ് കഴിഞ്ഞ വർഷം ഒരു നിയമം നടപ്പിലാക്കി.”കേരളത്തിലെ ഹോസ്പിറ്റലുകളിലെ മസ്തിഷ്‌കമരണം ഒരു ഗവണ്മെന്റ് ഡോക്ടർ കൂടി അടങ്ങുന്ന മെഡിക്കൽ ടീം സർട്ടിഫൈ ചെയ്യണം ”
Kerala Deceased Donor Transplant Data പ്രകാരം 2012 ൽ 36 brain Dead ഡോണേഴ്സ് അവയവങ്ങൾ ദാനം ചെയ്തു 2016 ൽ അത് 72 ഡോണേഴ്സ് ? ആയി വളർന്നു.പക്ഷെ 2017 ൽ കർശനമായ ഗവണ്മെന്റ് നിരീക്ഷണം വന്നപ്പോൾ അത് 72 നിന്ന് വെറും 18 ആയി ചുരുങ്ങി.

എങ്ങനെ?ഒരു വർഷം കൊണ്ട് ഇതെങ്ങിനെ സംഭവിച്ചു?ശ്രീനിവാസൻ മാത്രമല്ല അവയവങ്ങൾക്ക് വേണ്ടിയുള്ള കൊലപാതകങ്ങൾക്കെതിരെ ശബ്ദമുയർത്തിയത് ,കൊല്ലത്തു മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന Dr S. ഗണപതിയും( public interest litigation PIL)സമാന ആവശ്യവുമായി ഹൈ കോടതിയിൽ എത്തിയിരുന്നു.

ഡോക്ടർ ഗണപതി ചൂണ്ടിക്കാണിക്കുന്നു ‘മസ്‌തിഷ്‌ക്ക മരണം’ സംഭവിക്കുന്നത് കൂടുതലും പാവങ്ങൾക്കാണെന്നു. ഒരാൾക്കു മസ്തിഷ്‌കമരണം സംഭവിച്ചാൽ ഹോസ്പിറ്റലുകൾക്കു ലഭിക്കുന്നത് കോടികൾ ,തീർച്ചയായും ഡോക്ടർമാർക്കും അവയവ ബ്രോക്കർമാർക്കും ലക്ഷങ്ങൾ വീതം കാണും.പഠനത്തിന് കോടികൾ ഇൻവെസ്റ്റ് ചെയ്ത നമ്മുടെ ഡോക്ടർമാർക്കു അത് തിരിച്ചു പിടിക്കേണ്ടെ ?
ആദർശം കൊണ്ടും മനുഷ്യത്വം കൊണ്ടും അപ്പോത്തികിരിമാരായ സുഹൃത്തുക്കളെ ക്ഷമിക്കണം.നിങ്ങൾ വിരലിലെണ്ണാവുന്നവരാണ്.അത്തരം വിരലിലെണ്ണാവുന്ന സുഹൃത്തുക്കൾ ശ്രീനിവാസനുമുണ്ട്.അവർ ഇത്തരം മോശം പ്രാക്ടിസിനെ പറ്റി അദ്ദേഹത്തോട് പരിതപിക്കാറുമുണ്ടത്രെ.

അവയവ ദാനത്തേക്കാൾ അവയവ കച്ചവടമായി മാറിയ പരിതസ്ഥിതിയിൽ അദ്ദേഹത്തിന്റെ വിലാപങ്ങൾ ഒരു മനുഷ്യസ്‌നേഹി എന്നുള്ള രീതിയിൽ സ്വാഭാവിക പ്രതികരണമായി കണ്ടാൽ മതി.

ഇനി കാൻസർ ഇന്സ്ടിട്യൂട്ടിന്റെ കാര്യം.

വിഷലിപ്തമായ ഭക്ഷണം കഴിച്ചു രോഗം വരുത്തുന്നതിനേക്കാൾ നല്ലതു ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതല്ലേ?ഓരോരുത്തരും വിളകളിൽ അമിതമായ അളവിൽ രാസ കീടനാശിനികൾ ഉപയോഗിക്കുമ്പോൾ മനസ്സിൽ സ്വയം ന്യായീകരിക്കുന്ന ഒന്നുണ്ട് “എന്റെ മക്കൾ ഈ വിഷം കഴിക്കുന്നില്ലല്ലോ?ഞാനിതു വിൽക്കുകയല്ലേ ചെയ്യുന്നുള്ളു.”അന്യനു വേണ്ടി കൃഷിചെയ്യുമ്പോൾ മലയാളിക്കും തമിഴനും ഈ ന്യായമാണ് മനസ്സിൽ.

ഭക്ഷണത്തിലെ മായവും കീടനാശിനിയുടെ അമിതഉപയോഗവും നമ്മുടെ പുതിയതലമുറയെ നിത്യരോഗികളാക്കുന്നു.കാൻസർ പെരുകുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും ഉത്പാദിപ്പിക്കുന്ന പച്ചക്കറികളിൽ നിരോധിത കീടനാശിനികൾ ,ബ്രാൻഡഡ് മുളകുപൊടിയിൽ നൂലിന് ചുവന്ന നിറം കൊടുക്കുന്ന ‘സുഡാൻ’.കാശുകൊടുത്തു കുടിക്കുന്ന മിനറൽ വാട്ടറിൽ ഡി ഡി ടി !!.മായമോ വിഷമോ തടയാൻ നമ്മുടെ ഗവര്മെന്റിന് പണവും ആളും വേണ്ടത്രയില്ല! അതായത് രോഗം തടയാൻ നമുക്ക് പണമില്ല,ആളില്ല.

പക്ഷെ രോഗം വന്നു ചികിത്സിക്കാൻ – കാൻസർ സെന്റർ പണിയാൻ കോടികൾ ചിലവഴിക്കാം.അതിനെതിരെയാണ് അദ്ദേഹം പ്രതികരിച്ചത് “കാൻസർ സെന്ററുകളല്ല വേണ്ടത്,ഉത്തരവാദിത്തമുള്ള ഭരണാധികാരികൾ പൗരന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്” കാൻസർ വിളിച്ചുവരുത്തി പിന്നെ അതിനെ ചികിത്സിച്ചിട്ടു എന്ത് കാര്യം?ആർക്കു നേട്ടം?വയനാട്ടിലേക്ക് ഒന്ന് വന്നു നോക്കു “വീട്ടിലൊരു കർഷകൻ എന്നത് മാറി വീട്ടിലൊരു കാൻസർ രോഗി “എന്ന നിലയിലേക്ക് അതിവേഗം പുരോഗതി കൈവരിക്കുന്നു!

ജൈവപച്ചക്കറികൾ കൊണ്ടു മാത്രം ആരോഗ്യം സംരക്ഷിക്കാം എന്ന് അദ്ദേഹം കരുതുന്നില്ല,നമ്മൾ ശ്വസിക്കുന്ന വായു,കുടിക്കുന്ന വെള്ളം എന്നിവ ദിനം പ്രതി വിഷമയമായി കൊണ്ടിരിക്കുമാകയാണ്..അടുത്തയിടെ ചൈന സന്ദർശിച്ച അനുഭവം അദ്ദേഹം പറഞ്ഞു ‘ശ്വസിക്കാൻ ഓക്സിജൻ സിലിണ്ടറുമാറി പുറത്തിറങ്ങുന്ന ജനങ്ങളുണ്ടത്രേ ചില വ്യാവസായിക നഗരത്തിൽ !പുകകൊണ്ടു സൂര്യനെ കാണാത്ത മാസങ്ങളും!

നഗരത്തിലെ വായു ശുദ്ധീകരിക്കാൻ ലോകത്തിലെ ഏറ്റവും വലിയ ‘ടവർ എയർ പൂരിഫയറു’കളുള്ള രാജ്യമാണ് പുരോഗതിയിലേക്കു കുതിക്കുന്ന ചൈന.നമ്മുടെ രാജ്യവും ഏറെ പിന്നിലല്ല,കഴിഞ്ഞ മാസങ്ങളിലെ ഡൽഹി എയർ ക്വാളിറ്റി നമ്മൾ മാദ്ധ്യമങ്ങളിൽ കണ്ടതല്ലേ?നമ്മുടെ കേരളവും പുറകെ കുതിക്കുകയാണ് …കൊച്ചിയുടെ ചില വ്യാവസായിക ഭാഗങ്ങൾ ,ആലുവ പുഴ ,മുട്ടാർ പുഴ,ചാലിയാർ കാസർഗോഡിലെ എൻഡോ സൾഫാനെ തോൽപ്പിക്കുന്ന കുട്ടനാടൻ വയലുകൾ ,വയനാട്ടിലെ വാഴത്തോട്ടങ്ങൾ …ഉദാഹരണങ്ങൾ അനവധി ..ആരെങ്കിലും പ്രതികരിക്കേണ്ടേ ?
അദ്ദേഹം ഉപദേശിക്കുന്നത് ഇത്രമാത്രം “ഒരു കുടുംബത്തിനുള്ളതെങ്കിലും കൃഷിചെയ്യുക,അവനവനു കഴിക്കാനുള്ളതെങ്കിലും വിഷം കലക്കാതിരിക്കുക,.

നമ്മുടെ ആരോഗ്യം നമ്മൾ തന്നെ നോക്കണം,” ഉദയം പേരൂരിലെ തന്റെ വീടിന്റെ പരിസരത്തും വയനാട്ടിലെ പനമരത്തും കൂട്ടാളികളുമായി ചേർന്ന് അദ്ദേഹം വിഷരഹിത കൃഷി പ്രാവർത്തികമാക്കിയിട്ടുണ്ട്.പ്രസംഗം മാത്രമല്ല പ്രവൃത്തിയിലുമുണ്ട്‌ .

പിന്നെ ‘രാഷ്ട്രീയം – ആരോഗ്യം’ എന്ന മേഖലകളിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പ്രശസ്തിക്കുവേണ്ടിയാണെന്ന ചില പോസ്റ്റുകൾക്ക് മറുപടി അദ്ദേഹത്തിന്റെ സിനിമകളാണ്.സംവിധാനം ,തിരക്കഥ,അഭിനയം ഇവ മൂന്നും ചേർത്ത് പകരം വയ്ക്കാൻ ആരുണ്ട് മലയാളത്തിൽ?അതിൽ കൂടുതൽ പ്രശസ്തി ഇനി അദ്ദേഹത്തിനെന്തിന് ?

എന്റെ വീക്ഷണങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ചോദ്യങ്ങൾക്കും,പരിഹാസങ്ങൾക്കും മറുപടിയുമായി ഒരു ചിരിയോടെ അദ്ദേഹം അടുത്തുതന്നെ നിങ്ങളുടെ മുന്നിലേക്ക് വരും.രാഷ്ട്രീയക്കാരന്റെ ഒളിച്ചുകളികൾ അദ്ദേഹത്തിന് വശമില്ല.അദ്ദേഹം മറുപടിയുള്ളതേ ചെയ്യൂ,പ്രതികരിക്കാതിരിക്കാതിരിക്കാൻ ഭീരുവുമല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more