1 GBP = 103.12

ശ്രീലങ്കയില്‍ പാര്‍ലമെന്റില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും കയ്യാങ്കളി

ശ്രീലങ്കയില്‍ പാര്‍ലമെന്റില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും കയ്യാങ്കളി

ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും കൈയാങ്കളി. സ്പീക്കര്‍ക്കു നേരെ മുളകുപൊടി വാരിയെറിഞ്ഞും വെള്ളക്കുപ്പികളും പുസ്തകങ്ങളും വലിച്ചെറിഞ്ഞും എം.പിമാര്‍ സഭാനടപടികള്‍ തടസപ്പെടുത്തി. തുടര്‍ന്ന് സഭ സമ്മേളിക്കുന്നത് തിങ്കളാഴ്ച വരെ മാറ്റിവെച്ച സ്പീക്കര്‍, രാജ്യത്തിപ്പോള്‍ പ്രധാനമന്ത്രിയോ സര്‍ക്കാരോ ഇല്ലെന്ന് പ്രഖ്യാപിച്ചു.

വ്യാഴാഴ്ചത്തെ സംഭവങ്ങളുടെ തനിയാവര്‍ത്തനമാണ് ഇന്നലെയും നടന്നത്. രാജപക്‌സെ അനുകൂലികളായ എം.പിമാര്‍ സ്പീക്കറുടെ സീറ്റ് കൈയേറി സഭാനടപടികള്‍ തടസ്സപ്പെടുത്തി. സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് കസേരകളും വെള്ളക്കുപ്പികളും വലിച്ചെറിഞ്ഞു. രാജപക്‌സ അനുകൂലികളെ കുരുമുളക് സ്‌പ്രേയുമായാണ് പുറത്താക്കപ്പെട്ട റനില്‍ വിക്രമസിംഗെയുടെ അനുയായികള്‍ നേരിട്ടത്. 45 മിനിറ്റോളം കൈയാങ്കളി തുടര്‍ന്നു.

ഇരുപതോളം സാമാജികര്‍ സ്പീക്കറെ വളയുകയും ചെയ്തു. ഇതോടെ സ്പീക്കര്‍ പൊലീസിനെ വിളിക്കുകയായിരുന്നു. അതിനിടെ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തങ്ങള്‍ക്കാണെന്നും വൈകാതെ അധികാരം തിരിച്ചുപിടിക്കുമെന്നും റനില്‍ വിക്രമസിംഗെ മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച നടന്ന അവിശ്വാസപ്രമേയത്തില്‍ മഹീന്ദ രാജപക്‌സ പരാജയപ്പെട്ടിരുന്നു.

ശബ്ദവോട്ടോടെ പാസാക്കിയ പ്രമേയം അംഗീകരിക്കാനാകില്ലെന്നും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നുമായിരുന്നു രജപക്‌സ അനുകൂലിയായ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നിലപാട്. എന്നാല്‍ ആഗ്രഹിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ വിക്രമസിംഗെയെ അധികാരത്തില്‍ തിരിച്ചെത്തിക്കുകയല്ലാതെ സിരിസേനക്ക് വഴിയില്ലെന്നാണ് വിലയിരുത്തല്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more