1 GBP = 103.92

രണ്ട് വർഷം നീണ്ട ദുരിതത്തിന് വിട; മാനിന്റെ കഴുത്തിൽ കുടുങ്ങിയ ടയർ അഴിച്ചുമാറ്റി.

രണ്ട് വർഷം നീണ്ട ദുരിതത്തിന് വിട; മാനിന്റെ കഴുത്തിൽ കുടുങ്ങിയ ടയർ അഴിച്ചുമാറ്റി.

സാമൂഹ്യമാധ്യമങ്ങളിൽ കൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കാര്യങ്ങൾ പോലും ഞൊടിയിടയിൽ നമുക്കിടയിലേക്ക് എത്താറുണ്ട്. അങ്ങനെയാണ് ഏതാണ്ട് രണ്ട് വർഷമായി കഴുത്തിൽ കുടുങ്ങിയ ടയറുമായി നടക്കുന്ന എൽക്കിന്റെ വീഡിയോ നമ്മുടെ ശ്രദ്ധപിടിച്ചു പറ്റുന്നത്. ആ ദയനീയ കാഴ്ച്ചയിൽ ഒരു നിമിഷമെങ്കിലും മനംനൊന്തവരാണ് നമ്മളിൽ മിക്കവരും. യുഎസ് സംസ്ഥാനമായ കൊളറാഡോയിലെ കുന്നുകളിൽ കഴിഞ്ഞ രണ്ട് വർഷമായി കഴുത്തിൽ കുടുങ്ങിയ ടയറുമായി അലയുകയായിരുന്നു എൽക്ക്. വന്യജീവി ഉദ്യോഗസ്ഥരാണ് എൽക്കിനെ മോചിപ്പിച്ചത്. മാൻ വർഗ്ഗത്തിലെ ഏറ്റവും വലുപ്പം കൂടിയ മാനുകളെയാണ് എൽക്ക് എന്ന് വിളിക്കുന്നത്.

കൊളറാഡോയിലെ വന്യജീവി ഉദ്യോഗസ്ഥരുടെ അഭിപ്രായപ്രകാരം കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഈ ടയർ കഴുത്തിൽ കുടുങ്ങി കിടക്കുകയാണ്. പിടികൊടുക്കാതെ നടന്ന ഈ എൽക്കിപ്പോൾ ദുരിതത്തിൽ നിന്ന് മോചിക്കപ്പെട്ടിരിക്കുന്നു. നാലര വയസ്സ് പ്രായവും 270 കിലോഗ്രാം ഭാരവുമുള്ള ഈ എൽക്കിനെ തെക്ക് പടിഞ്ഞാറ് ഡെൻവറിലെ പൈൻ ജംഗ്‌ഷന് സമീപമാണ് കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ച നടന്ന നീണ്ട ശ്രമത്തിനൊടുവിലാണ് ഉദ്യോഗസ്ഥർക്ക് ഈ മാനിനെ പിടികൂടാൻ സാധിച്ചത്. മുമ്പ് നടത്തിയ മൂന്ന് ശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും നാലാമത്തെ ശ്രമത്തിൽ പിടികൂടുകയായിരുന്നു. മാനിനെ മയക്കുവെടി ഉപയോഗിച്ചാണ് പിടികൂടിയത്.

ടയർ മുറിക്കുക എന്നത് എൽക്കിന്റെ ജീവന് ഭീഷണി ഉയർത്തുന്ന ഒന്നായിരുന്നു. അതോടെ മുന്നിൽ ഒരു വഴിയേ ഉള്ളു. ടയർ ഊരി എടുക്കുക. ടയർ ഊരി എടുക്കാൻ ഏറെ പ്രയാസപ്പെട്ടെങ്കിലും കയർകെട്ടിയാണ് ഉദ്യോഗസ്ഥർ ഊരി എടുത്തത്. മാനിന്റെ വലിയ കൊമ്പുകളുടെ ശിഖരം മുറിച്ച് മാറ്റേണ്ടി വന്നു. സ്കോട്ട് മര്‍ഡോക്ക്, ഡോവ്സണ്‍ സ്വാന്‍സണ്‍ എന്നീ രണ്ട് ഉദ്യോഗസ്ഥരാണ് ഈ ദുരിതത്തിൽ നിന്ന് മാനിനെ രക്ഷപെടുത്തിയത്. 2019 ലാണ് ആദ്യമായി ഇങ്ങനെയൊരു മാൻ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുന്നത്. പലതവണ മാനിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും മാൻ ഓടി രക്ഷപെടുകയായിരുന്നു. പൈൻ മുള്ളുകളും അഴുക്കും നിറഞ്ഞ് ടയറിനും വളരെയധികം ഭാരമുണ്ടായിരുന്നു. എങ്കിലും ചെറിയൊരു മുറിവ് ഒഴികെ വേറെ ബുദ്ധിമുട്ടുകളൊന്നും മാനിനില്ല എന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more