1 GBP = 104.16

സ്​പേസ്​ എക്​സിൻെറ ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

സ്​പേസ്​ എക്​സിൻെറ ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഫ്ലോറിഡ: യു.എസ്​ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്​സിന്‍റെ ബഹിരാകാശ ദൗത്യം മോശം കാലാവസ്​ഥയെത്തുടർന്ന്​ അവസാന നിമിഷം മാറ്റിവെച്ചു.  നാസയുമായി കൈകോർത്ത്​ സ്വകാര്യവാഹനത്തില്‍ സഞ്ചാരികളെ അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച്​ (ഐ.എസ്​.എസ്​) ചരിത്രം രചിക്കാനിരുന്നതായിരുന്നു പ്രമുഖ വ്യവസായി ഇലോൺ മസ്​കിൻെറ ഉടമസ്​ഥതയിലുള്ള സ്​പേസ്​ എക്​സ്​. ടേക്കോഫിന്​ 20 മിനിറ്റ്​ മാ​ത്രം മുമ്പാണ്​  ദൗത്യം ശനിയാഴ്​ചത്തേക്ക്​ മാറ്റിയത്​. ശനിയാഴ്​ച പ്രദേശിക സമയം വൈകീട്ട്​ 3.22നും ഇന്ത്യൻ സമയം ഞായറാഴ്​ച പുലർച്ചെ 12.52നുമായിരിക്കും അടുത്ത വിക്ഷേപണം. 
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നീൽ ആംസ്​ട്രോങ്​ ചന്ദ്രനിലേക്ക്​ പറന്നുയർന്ന അതേ ലോഞ്ച്​ പാഡ്​ 39 ‘എ’യിൽ നിന്ന് ഇന്ത്യന്‍ സമയം വ്യഴാഴ്​ച പുലര്‍ച്ചെ 2.05 ന് വിക്ഷേപണം നടത്താനിരിക്കെയാണ് മോശം കാലാവസ്ഥ വില്ലനായത്. ഒമ്പത്​ വര്‍ഷങ്ങക്ക്​ ശേഷമാണ്​ അമേരിക്കന്‍ മണ്ണില്‍ നിന്നും നാസയുടെ സഞ്ചാരികൾ ബഹിരാകാശത്തേക്ക് പറന്നുയരാനിരുന്നത്​. 

സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത ഡ്രാഗണ്‍ ക്രൂ പേടകത്തിൽ ബോബ് ബെങ്കന്‍, ഡഗ്ലസ്​ ഹര്‍ലി എന്നീ ബഹിരാകാശ ഗവേഷകരായിരുന്നു ഉണ്ടായിരുന്നത്​.  സ്​പേസ്​ എക്​സിൻെറ തന്നെ ഫാൽക്കൺ ഒമ്പത്​ റോക്കറ്റിലായിരുന്നു വിക്ഷേപണം.  ദൗത്യം വിജയിച്ചാല്‍ സ്വകാര്യ ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികള്‍ എന്ന ഖ്യാതി ബെങ്കനും ഹാർലിക്കും സ്വന്തമാക്കാം. നാസയുടെ നിരവധി ദൗത്യങ്ങളിൽ പങ്കാളികളായ ഇരുവരും ഏജൻസിയുടെ ഏറ്റവും മികച്ച സഞ്ചാരികളും ഉറ്റ സുഹൃത്തുക്കളും കൂടിയാണ്​. യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ വിക്ഷേപണം കാണുന്നതിനായി ഫ്ലോറിഡയിലെത്തിയെങ്കിലും ദൗത്യം മാറ്റിവെച്ചതിനാൽ വൈറ്റ്​ഹൗസിലേക്ക്​ മടങ്ങിപ്പോയി. 

 2011 ന് ശേഷം റഷ്യൻ  വാഹനമായ സോയൂസിലാണ്​ അമേരിക്കന്‍ സഞ്ചാരികൾ ബഹിരാകാശ നിലയത്തിലെത്തിയിരുന്നത്. റഷ്യക്ക്​ ദശലക്ഷങ്ങൾ ​കൊടുത്തായിരുന്നു യാത്രകൾ. ബഹിരാകാശ രംഗത്തെ അമേരിക്കയുടെ കുത്തക തിരികെ പിടിക്കാൻ റിപബ്ലിക്കൻ പാർട്ടി നടത്തുന്ന ശ്രമങ്ങളുടെ ഭാഗം കൂടിയാണ്​ ഇത്തരം പദ്ധതികൾ. ഇതിൻെറ ചുവടുപിടിച്ച്​ 2024ൽ വീണ്ടും ചന്ദ്രനിലേക്കും പിന്നാലെ ചൊവ്വയിലേക്കും മനുഷ്യനെ അയക്കാൻ നാസ പദ്ധതിയിടുന്നുണ്ട്​.  

2010ൽ മുൻ പ്രസിഡൻറ്​ ബറാക് ഒബാമയുടെ കാലത്താണ് അമേരിക്കൻ ബഹിരാകാശ യാത്രികരെ വഹിക്കാൻ സ്വകാര്യ ബഹിരാകാശ പേടകങ്ങൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബഹിരാകാശ ഏജൻസിയുടെ വാണിജ്യ ക്രൂ പ്രോഗ്രാം ആരംഭിക്കുന്നത്. ഇന്ത്യൻ വംശജയായ കൽപന ചൗളയടക്കം ഏഴ്​ സഞ്ചാരികൾ ​കൊല്ലപ്പെട്ട കൊളംബിയ ദുരന്തത്തിന്​ ​േശഷമാണ്​ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രകൾക്ക്​ സ്വകാര്യ ഏജൻസികളെയും ആശ്രയിക്കാമെന്ന നിലയിലേക്ക്​ അമേരിക്ക മാറി ചിന്തിച്ച്​ തുടങ്ങിയത്​. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more