1 GBP = 103.14

സ്പേസ് എക്‌സ് കമ്പനി നിർമ്മിച്ച ഭീമൻ ഫാൽക്കൺ ഹെവി റോക്കറ്റ് വിക്ഷേപണം വിജയം

സ്പേസ് എക്‌സ് കമ്പനി നിർമ്മിച്ച ഭീമൻ ഫാൽക്കൺ ഹെവി റോക്കറ്റ് വിക്ഷേപണം വിജയം

ഫ്ലോറി‍ഡ: ബഹിരാകാശ യാത്രയിൽ വൻ കുതിച്ചു ചാട്ടത്തിന് കളമൊരുക്കിക്കൊണ്ട്, അമേരിക്കൻ കോടീശ്വരനായ എലൺ മസ്‌കിന്റെ സ്പേസ് എക്‌സ് കമ്പനി നിർമ്മിച്ച ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ ഫാൽക്കൺ ഹെവി വിജയകരമായി വിക്ഷേപിച്ചു. ഏകദേശം 65 ടൺ പേലോഡ് വഹിക്കാൻ ശേഷിയുള്ള റോക്കറ്റാണിത് (ഇന്ത്യൻ റോക്കറ്റിന്റെ പേലോ‌ഡ് ശേഷി ഇതുവരെ പരമാവധി നാല് ടൺ ആണെന്നോർക്കണം ! )
അമേരിക്കൻ സമയം ചൊവ്വാഴ്ച വൈകിട്ട് 3.15ന് ഫ്ലോറി‍‍ഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു ലോകം ഉറ്റുനോക്കിയ വിക്ഷേപണം. 27 എൻജിനുകളുടെയും മൂന്ന് ബൂസ്റ്റർ റോക്കറ്റുകളുടെയും സഹായത്തോടെയാണ് ഫാൽക്കൺ ഹെവി കുതിച്ചുയർന്നത്. കുറഞ്ഞ ചെലവിൽ ബഹിരാകാശത്തേക്ക് കൂടുതൽ ചരക്കുകൾ എത്തിക്കുകയാണ് പ്രധാന ലക്ഷ്യം

എലൺ മസ്‌കിന്റെ ‘ചെറി ചുവപ്പ് ‘ നിറത്തിലുള്ള പഴയ ഇലക്ട്രിക് സ്‌പോർട്ട്സ് കാറായ ടെസ്‌ല റോഡ്സ്റ്റർ ആണ് ഉപഗ്രഹത്തിന് പകരമുള്ള റോക്കറ്റിലെ പേലോഡ്. കാറിന്റെ ഡ്രൈവർ സീറ്റിൽ ബഹിരാകാശ സ്യൂട്ട് ധരിച്ച ഒരു ബൊമ്മയെയും ഘടിപ്പിച്ചിട്ടുണ്ട്. ഈ കാറിനെയും ‘ഡ്രൈവറെയും’ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. വിക്ഷേപണത്തിന് ആറു മണിക്കൂറിന് ശേഷം ഇതിനായുള്ള എൻജിന്റെ ജ്വലനം വിജയകരമായി നടന്നു.

ഫാൽക്കൺ ഹെവിയുടെ വീണ്ടും ഉപയോഗിക്കാവുന്ന മൂന്ന് റോക്കറ്റ് ബൂസ്റ്ററുകൾ ഭൂമിയിൽ തിരിച്ചിറക്കാനുള്ള ശ്രമം പൂർണമായും വിജയമായില്ല. റോക്കറ്റിന്റെ പ്രധാന ഭാഗത്തിൽ നിന്ന് വേർപെട്ട രണ്ട് ബൂസ്റ്ററുകൾ ഫ്ളോറിഡ തീരത്ത് തയ്യാറാക്കിയ സ്ഥലത്ത് ഒരേ സമയം വന്നിറങ്ങിയത് വിജയമായി. മൂന്നാമത്തെ ബൂസ്റ്റർ കടലിൽ ഒരുക്കി നിറുത്തിയിരുന്ന ആളില്ലാ കപ്പലിൽ (ഡ്രോൺ ഷിപ് ) ഇറക്കാനായിരുന്നു പദ്ധതി. അത് നടന്നില്ല. ആ ബൂസ്റ്റർ കടലിൽ വീണു തകർന്നു.

പ്രത്യേകതകൾ

ലോകത്തെ ഏറ്റവും വലിയ റോക്കറ്റ്
ഉയരം: 224 അടി
ഭാരം: 63,802 കി.ഗ്രാം
27 എൻജിനുകൾ
ഊർജം: 18 ബോയിംഗ് 747 വിമാനങ്ങൾക്ക് തുല്യമായ 2500 ടൺ ഊർജം
63,500 കി.ഗ്രാം ചരക്ക് ഭൂമിക്ക് പുറത്ത് എത്തിക്കും
ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യനെ അയയ്‌ക്കാം
അപ്പോളോ ചാന്ദ്ര ദൗത്യത്തിലെ സാറ്റേൺ V റോക്കറ്റുകളെക്കാൾ ചരക്ക് വാഹകശേഷി.
സ്‌പെയ്സ് എക്‌സിന്റെ പടക്കുതിരയായ ഫാൽക്കൺ 9 റോക്കറ്റുകൾ മൂന്നെണ്ണം കൂട്ടിച്ചേർത്തതിന് തുല്യം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more