1 GBP = 103.12

2019 ലെ സൗത്ത് ഈസ്റ്റ് റീജിയൻ കായിക മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി!

2019 ലെ സൗത്ത് ഈസ്റ്റ് റീജിയൻ  കായിക മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി!

സുരേന്ദ്രൻ ആരക്കോട്ട് (അസ്സോസിയേറ്റ് എഡിറ്റർ, യുക്മ ന്യൂസ്)

ഹേവാർഡ്‌സ് ഹീത്ത്: ജൂൺ 8 നു ശനിയാഴ്ച സൗത്ത് ഈസ്റ്റ് റീജിയണിലെ കായിക മാമാങ്കത്തിന് തിരി തെളിയുകയായി. വൈറ്റ്മാൻസ്ഗ്രീൻ റിക്രിയേഷൻ ഗ്രൗണ്ടിൽ രാവിലെ 9 മണിയോടെ രെജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും.

റീജിയണിലെ എല്ലാ അംഗ അസ്സോസിയേഷനുകളിൽ നിന്നും നൂറുകണക്കിന് കായിക താരങ്ങൾ പങ്കെടുക്കാനെത്തുന്ന റീജിയണൽ കായിക മേളയുടെ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നു സംഘാടകർ അറിയിച്ചു. അനുഭവ സമ്പന്നരും മികച്ച കായിക പ്രേമികളാലും അനുഗൃഹീതരായ ഹേവാർഡ്‌സ് ഹീത്ത് മലയാളീ അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന ഈ സ്പോർട്സ് മീറ്റ് ഒരു വൻ വിജയമാക്കി തീർക്കാനുള്ള അശ്രാന്ത പരിശ്രമത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സംഘടക സമിതിയും, റീജിയന്റെ കീഴിലുള്ളു അംഗ അസോസിയേഷൻ ഭാരവാഹികളും മറ്റു യുക്മ പ്രവർത്തകരും.

യുക്മ ദേശീയ സമിതി പുറത്തിറക്കിയ സ്പോർട്സ് നിയമാവലിയും നിർദേശങ്ങളും പൂർണമായും പാലിച്ചുകൊണ്ടായിരിക്കും ഈ റീജിയണൽ സ്പോർട്സ് മീറ്റ് നടത്തപ്പെടുക.

രാവിലെ 10 മണിക്ക് യുക്മ ദേശീയ അധ്യക്ഷൻ ശ്രീ മനോജ് കുമാർ പിള്ള കായിക മേളയുടെ ഔപചാരികമായ ഉദ്‌ഘാടനം നിർവഹിക്കും. തുടർന്ന് മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ അംഗ അസോസിയേഷൻ പ്രതിനിധികളും അണിനിരക്കുന്ന വർണശബളമായ മാർച്ച് പാസ്ററ് അരങ്ങേറും. പിന്നീട്, യുക്മ ദേശീയ ജനറൽ സെക്രട്ടറി ശ്രീ അലക്സ് വര്ഗീസ് മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തതായി പ്രഖ്യാപിക്കും.

യുക്മ ദേശീയ ട്രെഷറർ ശ്രീ അനീഷ് ജോൺ, ഉപാധ്യക്ഷൻ ശ്രീ എബി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറി ശ്രീമതി സെലീന സജീവ്, ജോയിന്റ് ട്രെഷററും യുക്മ ദേശീയ കായിക മേളയുടെ കൺവീനറും ആയ ശ്രീ ടിറ്റോ തോമസ്, യുക്മ സ്ഥാപക പ്രസിഡന്റ് ശ്രീ ജോൺ വര്ഗീസ്, യുക്മ മുൻ വൈസ്-പ്രസിഡന്റ് ശ്രീ ഷാജി തോമസ്, യുക്മ മുൻ സെക്രട്ടറിയും നിലവിലെ പബ്ലിക് റിലേഷൻസ് ഓഫീസറുമായ ശ്രീ സജീഷ് ടോം, HMA പ്രസിഡന്റ് ശ്രീ സെബസ്റ്റിൻ ജോൺ നെയ്‌ശ്ശേരി, സെക്രട്ടറി ശ്രീ ഷാജി തോമസ് തുടങ്ങിയവരും മറ്റു അംഗ അസോസിയേഷൻ ഭാരവാഹികളും കായികമേളക്ക് നേതൃത്വം കൊടുക്കുമെന്ന് റീജിയണൽ പ്രസിഡന്റ് ശ്രീ ആന്റണി എബ്രഹാം പ്രസ്താവിച്ചു.

രാവിലെ പത്തര മണിയോടുകൂടി ആവേശം വിതറിക്കൊണ്ട് കായിക മത്സരങ്ങൾ ആരംഭിക്കും. കുട്ടികളുടെ 50 മീറ്റർ ഓട്ടത്തോടുകൂടി ചൂടുപിടിക്കുന്ന ഗ്രൗണ്ടിൽ കലാശക്കൊട്ടായി വീറും വാശിയും ഉദ്വേഗവും ഒത്തൊരുമിക്കുന്ന വടം വലി മത്സരമാണ് കാണികൾക്കായി അവസാനമായി ഒരുക്കിയിരിക്കുന്നത്.

മത്സരങ്ങളിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക് ട്രോഫികളും മൂന്നാം സ്ഥാനക്കാർക്ക് മെഡലുകളും സമ്മാനിക്കും. വിവിധ വിഭാഗങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയവർക്ക് വ്യക്തിഗത ട്രോഫികൾ നൽകുന്നതാണ്. പോയിന്റ് നിലയിൽ ഒന്നാമതെത്തുന്ന അസോസിയേഷന് ഓവർഓൾ ചാംപ്യൻഷിപ് ട്രോഫി സമ്മാനിക്കുന്നതായിരിക്കും. വടം വലി മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനത്തിനര്ഹരായ ടീമുകൾക്ക് ഗോൾഡ്, സിൽവർ ട്രോഫികളും ടീം അംഗങ്ങൾക്ക് മെഡലുകളും ലഭ്യമാണ്.

കായിക മേളയുടെ ഊർജവും ആവേശവും ഒട്ടും ചോർന്നു പോകാതിരിക്കാനായി ആതിഥേയരായ ഹേവാർഡ്‌സ് ഹീത്ത് മലയാളീ അസോസിയേഷൻ മുൻകൈയെടുത്തു മത്സര ഗ്രൗണ്ട് പരിസരത്തുതന്നെ മിതമായ വിലയിൽ ശീതള പാനീയങ്ങളും മറ്റു ഭക്ഷണ പദാർത്ഥങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇത്തവണ, അതിനൂതനമായ സോഫ്റ്റ്‌വെയർ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ടാണ് രെജിസ്ട്രേഷൻ മുതൽ പോയിന്റ്, മെഡൽ നില, സെര്ടിഫിക്കറ്റകൾ എന്നിവ തയ്യാറാക്കുന്നതും വ്യക്തിഗാഥ, ഓവറോൾ ചാമ്പ്യന്മാരെ നിര്ണയിക്കുന്നതും.

കായിക വേദി:
Whitemans Green Recreation Ground
Cuckfield
RH17 5HX

റീജിയണൽ തലത്തിൽ മത്സരിച്ചു വിജയികളാവുന്നവർ, ജൂൺ 15 നു ശനിയാഴ്ച ബിർമിങ്ഹാമിൽ വെച്ച് നടത്തുന്ന ദേശീയ കായിക മേളയിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത കൈവരിക്കും. സൗത്ത് ഈസ്റ്റ് റീജിയനെ യുക്മയിലെ ഏറ്റവും കരുത്തുറ്റ റീജിയൻ ആക്കി മാറ്റുന്നതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും ഒരിക്കൽ കൂടി അഭ്യര്ഥിക്കുന്നതായി സംഘാടക സമിതിക്കുവേണ്ടി റീജിയണൽ പ്രസിഡന്റ് ആന്റണി എബ്രഹാം അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more