1 GBP = 103.85
breaking news

അയല്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ സമ്മാനം: ദക്ഷിണേഷ്യന്‍ ഉപഗ്രഹം ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും

അയല്‍ രാജ്യങ്ങള്‍ക്ക്  ഇന്ത്യയുടെ സമ്മാനം: ദക്ഷിണേഷ്യന്‍ ഉപഗ്രഹം ഇന്ന്  ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും

ന്യൂഡല്‍ഹി: ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി ഒരു പൊതു ഉപഗ്രഹം വിക്ഷേപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം ഇന്ന് യാഥാര്‍ഥ്യമാകും. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി ഇന്ത്യ ഒരുക്കിയ ജിസാറ്റ്9 ഉപഗ്രഹം ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഭ്രമണപഥത്തിലെത്തും. ആദ്യം സാര്‍ക് സാറ്റലൈറ്റ് എന്നായിരുന്നു ഈ ഉപഗ്രഹത്തിന്റെ പേരെങ്കിലും പിന്നീട് പാകിസ്താന്‍ പിന്‍മാറിയതോടെ സൗത്ത് ഏഷ്യന്‍ ഉപഗ്രഹം എന്ന് പേര് മാറ്റുകയായിരുന്നു.

വൈകീട്ട് 4.51ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശവിക്ഷേപണകേന്ദ്രത്തില്‍ നിന്ന് ജി.എസ്.എല്‍.വി.എഫ്.09 റോക്കറ്റ് ഉപയോഗിച്ചാണ് ദക്ഷിണേഷ്യന്‍ ഉപഗ്രഹം വിക്ഷേപിക്കുകയെന്ന് ഐ.എസ്.ആര്‍.ഒ.ചെയര്‍മാന്‍ എ.എസ്. കിരണ്‍കുമാര്‍ അറിയിച്ചു.

വാര്‍ത്താവിനിമയം, ടെലിവിഷന്‍ സംപ്രേഷണം, ഡി.ടി.എച്ച്., വിദ്യാഭ്യാസം, ടെലിമെഡിസിന്‍, ദുരന്ത നിവാരണം തുടങ്ങിയവയ്‌ക്കെല്ലാം പ്രയോജനപ്പെടുന്ന ഉപഗ്രഹമാണ് ജിസാറ്റ്9. 2230 കിലോ ഭാരമുള്ള ഉപഗ്രഹത്തിന്റെ ആയുസ്സ് 12 വര്‍ഷമാണ്. ഉപഗ്രഹ നിര്‍മാണച്ചെലവായ 235 കോടി രൂപയും വഹിക്കുന്നത് ഇന്ത്യയാണ്. 2014ല്‍ കാഠ്മണ്ഡുവില്‍ നടന്ന സാര്‍ക് ഉച്ചകോടിയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയല്‍ക്കാര്‍ക്കുള്ള ഇന്ത്യയുടെ സമ്മാനമെന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചത്.

സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വാര്‍ത്താ വിനിമയ രംഗത്ത് 12 വര്‍ഷത്തോളം ഈ ഉപഗ്രഹത്തിന്റെ സേവനം ലഭ്യമാകും. വാര്‍ത്താവിനിമയത്തിനൊപ്പം പ്രകൃതി ദുരന്തത്തെ കുറിച്ചുള്ള മുന്നറിയിപ്പും ഈ ഉപഗ്രഹത്തിലൂടെ രാജ്യങ്ങള്‍ക്ക് ലഭ്യമാകും. ടെലി മെഡിസിന്‍, വാര്‍ത്താ വിതരണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സാര്‍ക് രാജ്യങ്ങള്‍ക്ക് ഗുണകരമാകുന്നതാണ് ഉപഗ്രഹം. ഇതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഈ രാജ്യങ്ങള്‍ പരസ്പരം കൈമാറും.

ശ്രീലങ്ക, ബംഗ്‌ളാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍, മാലെദ്വീപ് എന്നീ രാജ്യങ്ങള്‍ക്ക് ഉപഗ്രഹത്തിന്റെ സൗജന്യ സേവനം ലഭിക്കും. സാര്‍ക് രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയതെങ്കിലും പിന്നീട് പാകിസ്താന്‍ ഇതില്‍ നിന്നു പിന്മാറുകയായിരുന്നു. 450 കോടി രൂപയാണ് വിക്ഷേപണത്തിന്റെ മൊത്തം ചെലവ്‌

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more