1 GBP = 103.87

കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പ് ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡി വിജയിച്ചു; ആശങ്കയില്‍ ബിജെപി

കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പ് ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡി വിജയിച്ചു; ആശങ്കയില്‍ ബിജെപി

ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ജയനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡിക്ക് വിജയം. 3000 വോട്ടുകള്‍ക്ക് ബി.ജെ.പി സ്ഥാനാര്‍ഥി ബി.എന്‍. പ്രഹ്‌ളാദനെ പിന്തള്ളിയാണ് സൗമ്യ വിജയിച്ചത്.

എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 10,256 വോട്ടിന് ലീഡ് ചെയ്ത ശേഷമാണ് സൗമ്യ 3000 വോട്ടിലേക്ക് താഴ്ന്നത്. കോണ്‍ഗ്രസ് വിജയം നേടിയതോടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് ഒരു സീറ്റുകൂടിയായി.

ആശങ്കയില്‍ ബിജെപി

ജയനഗറിലെ വിജയത്തോടെ ബംഗളൂരു നഗരത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കോണ്‍ഗ്രസ്. ഐറ്റി നഗരത്തിലെ 28 മണ്ഡലങ്ങളില്‍ 16 സീറ്റുകളും കോണ്‍ഗ്രസിന്റെ കൈപ്പിടിയിലാണ്. തെരഞ്ഞെടുപ്പിന് കുറച്ചു ദിവസങ്ങള്‍ ബാക്കി സിറ്റിംഗ് എംഎല്‍എയായ ബിഎന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് ജയനഗറിലെ തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 11 ന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സൗമ്യ റെഡ്ഡിയും ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഹ്ലാദ് ബാബുവുമാണ് തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയത്. 3000 വോട്ടുകള്‍ക്ക് സൗമ്യ ജയിച്ചതോടെ നഗരത്തില്‍ തങ്ങളുടെ മേധാവിത്വം കോണ്‍ഗ്രസ് ഊട്ടിയുറപ്പിക്കുകയായിരുന്നു. ഭരണസഖ്യകക്ഷിയായ ജെഡിഎസ് വെറും 817 വോട്ടുകളോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ ജയം ബിജെപിയുടെ പ്രതീക്ഷകള്‍ക്കാണ് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. കുറച്ചു സീറ്റുകളുടെ മാത്രം വ്യത്യാസത്തില്‍ കര്‍ണാടകയില്‍ അധികാരം നഷ്ടപ്പെട്ട ബിജെപിക്ക് അതിനു ശേഷം തുടര്‍ച്ചയായ തിരിച്ചടികളാണ്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപി ശ്രമങ്ങളെ തകര്‍ത്ത് കോണ്‍ഗ്രസ് പിന്തുണയോടെ ജെഡിഎസ് ഭരണം ഏറ്റെടുത്തതാണ് സംസ്ഥാനത്ത് പാര്‍ട്ടിക്ക് നേരിടേണ്ടി വന്ന ആദ്യ കനത്ത തിരിച്ചടി. ഇതിനു ശേഷം രണ്ട് മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തന്നെ വിജയിച്ചതും ബിജെപിക്ക് ആഘാതമായി.

2008ലെ അതിര്‍ത്തി പുനര്‍നിര്‍ണ്ണശേഷമുള്ള സാഹചര്യങ്ങള്‍ അനുസരിച്ച് ജയനഗര്‍ ബിജെപിക്ക് സ്വാധീനമുള്ള മേഖലയാണ്. അതിന് മുന്‍പ് തുടര്‍ച്ചയായ നാല് തവണ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ആര്‍ രാമലിംഗ റെഡ്ഡിയാണ് ഇവിടെ നിന്നും ജയിച്ചിരുന്നത്. ബംഗളൂരുവില്‍ മികച്ച പൊതുസംവിധാനങ്ങളുള്ള പോഷ് റെസിഡെന്‍ഷ്യന്‍ ഏരിയയില്‍ ഒന്നായ ജയനഗറില്‍ എഴുപത് ശതമാനത്തോളം മിഡില്‍-അപ്പര്‍ മിഡില്‍ ക്ലാസ് വോട്ടര്‍മാരാണ്. ഇതാണ് ബിജെപിക്ക് അനുകൂലമായിരുന്നത്.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാര്‍ത്ഥി തന്നെയാണ് ഇവിടെ നിന്നു ജയിച്ചു കയറിയത്. ബിജെപിയുടെ ഉരുക്കു കോട്ടയാണെന്ന ഉറപ്പിച്ചതോടെ ഈ സീറ്റ് തിരികെ പിടിക്കാമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് കൈവിട്ടിരുന്നു. കൂടാതെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനന്ത്കുമാര്‍ തന്നെ ഇവിടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും കോണ്‍ഗ്രസ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. കോണ്‍ഗ്രസ്-ജെഡിഎസ് അവിശുദ്ധ ബന്ധം തള്ളിക്കണയണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയും ഇവിടെ പ്രചരണം നടത്തിയിരുന്നു.

അതുകൊണ്ട് തന്നെ ഇവിടുത്തെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. മുന്‍ എംഎല്‍എ രാമലിംഗ റെഡ്ഡി തന്നെയാണ് മകളായ സൗമ്യക്കായി പ്രചരണത്തിനിറങ്ങിയത്. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളാരും തന്നെ ഇവിടെയെത്തിയിരുന്നില്ല.

എന്നാല്‍ തീവ്ര പ്രചരണങ്ങള്‍ക്കു ശേഷവും ബിജെപിക്ക് നേരിടേണ്ടി വന്ന പരാജയം മണ്ഡലത്തില്‍ ബിജെപിയുടെ സ്വാധീനം നഷ്ടടപ്പെട്ടതിനുള്ള വ്യക്തമായ സൂചനയാണ് നല്‍കിയിരിക്കുന്നത്. ജയനഗറിലെ വിജയത്തോടെ പാര്‍ട്ടി ബംഗളൂരുവില്‍ കരുത്ത് തെളിയിച്ചിരിക്കുകയാണെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ വന്‍വിജയം തന്നെ നേടുമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് റിസ്വാന്‍ അര്‍ഷാദ് പ്രതികരിച്ചത്.

പത്ത് വര്‍ഷത്തെ ഇടവേളയക്ക് ശേഷമാണ് മണ്ഡലം ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് തിരികെ പിടിക്കുന്നത്. ബംഗളൂരുവില്‍ ഇരുപത് സീറ്റുകള്‍ നേടുമെന്നായിരുന്നു ബിജെപി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നതെങ്കിലും വെറും 11 സീറ്റുകള്‍ മാത്രമാണ് ഇവിടെ നേടാനായത് അതില്‍ അഞ്ചെണ്ണത്തിലും വളരെ കുറഞ്ഞ ഭൂരിപക്ഷമാണ്. നഗരങ്ങളില്‍ പാര്‍ട്ടി വലിയ വിജയം തന്നെ നേടുമെന്ന് പ്രഖ്യാപിച്ച് നടന്നിരുന്ന ബിജെപിക്ക് ബംഗളൂരു പോലെയുള്ള പ്രമുഖ നഗരത്തില്‍ തന്നെ ഇത്തരത്തില്‍ പരാജയം നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ മോദി തരംഗം ഉണ്ടായിട്ടില്ലെന്നും വേണം ഉറപ്പിക്കാന്‍. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ നില മെച്ചപ്പെടുത്തുക തന്നെ ചെയ്യുമെന്നാണ് കോണ്‍ഗ്രസ് എംഎല്‍എയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ ദിനേശ് ഗുണ്ടുറാവുവിന്റെ പ്രതികരണം.

എന്നാല്‍ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലിലാണ് ബിജെപി. തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തിയ ശേഷം അതിനനുസരിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പദ്ധതി തയ്യാറാക്കുമെന്നാണ് ബിജെപിയുടെ പ്രതികരണം. പരാജയത്തില്‍ പ്രതികരിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പ തയ്യാറായിട്ടില്ല. തോല്‍വിയില്‍ അദ്ദേഹം നിരാശനാണെന്നും പ്രചരണത്തിന് നേതൃത്വം നല്‍കിയ അനന്തകുമാറിനെയാണ് ഇതില്‍ കുറ്റപ്പെടുത്തേണ്ടതെന്നുമാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more