1 GBP = 103.33

മിന്നലാക്രമണം ആദ്യമല്ല; 2011ല്‍ നടത്തിയ ഓപ്പറേഷന്‍ ജിഞ്ചറിന്റെ രേഖകള്‍ പുറത്ത്

മിന്നലാക്രമണം ആദ്യമല്ല; 2011ല്‍ നടത്തിയ ഓപ്പറേഷന്‍ ജിഞ്ചറിന്റെ രേഖകള്‍ പുറത്ത്

ന്യൂഡല്‍ഹി: ഉറി ആക്രമണവും മിന്നലാക്രമണവും ചര്‍ച്ചയില്‍ നിറഞ്ഞുനില്‍ക്കെ, 2011ല്‍ ഇന്ത്യയും പാകിസ്താനും നടത്തിയ മറ്റൊരു മിന്നലാക്രമണത്തിന്റെ രേഖകള്‍ പുറത്തുവന്നു. സ്വാതന്ത്ര്യത്തിനുശേഷം രാജ്യം അതിര്‍ത്തികടന്ന് നടത്തിയ ആദ്യത്തെ മിന്നലാക്രമണമാണ് ഈയിടെ നടത്തിയതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് അഞ്ചുവര്‍ഷംമുമ്പ് നടന്ന ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. ‘ഓപ്പറേഷന്‍ ജിഞ്ചര്‍’ എന്ന മിന്നലാക്രമണത്തിന്റെ രേഖകള്‍ ‘ദ ഹിന്ദു’ ദിനപ്പത്രമാണ് പുറത്തുകൊണ്ടുവന്നത്.

2011ല്‍ ഇന്ത്യയും പാകിസ്താനും പരസ്?പരം മിന്നലാക്രമണം നടത്തിയതിനെത്തുടര്‍ന്ന് 13 പേര്‍ കൊല്ലപ്പെട്ടിരുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഈ മിന്നലാക്രമണങ്ങളില്‍ മൂന്ന് പാകിസ്താന്‍ ജവാന്മാരുടെ തല ഇന്ത്യന്‍ സൈന്യവും രണ്ട് ഇന്ത്യന്‍ സൈനികരുടെ തല പാക് പട്ടാളവും അറുത്തെടുത്തിരുന്നു. പകരത്തിനുപകരം എന്ന നിലയിലാണ് ഈ മിന്നലാക്രമണങ്ങള്‍ നടന്നത്.

2011ന് ജൂലായ് 30ന് പാക് സൈന്യമാണ് ആദ്യ ആക്രമണം നടത്തിയത്. കുപ്വാരയിലെ ഗഗല്‍ധാറില്‍ ഇന്ത്യന്‍ സൈനികപോസ്റ്റ് കടന്നെത്തിയ പാക് സൈന്യം 20 കുമയൂണ്‍ ബറ്റാലിയനുനേരേയാണ് അപ്രതീക്ഷിത ആക്രമണം നടത്തിയത്. ഹവില്‍ദാര്‍ ജയ്പാല്‍ സിങ് അധികാരിയുടെയും ലാന്‍സ് നായിക് ദേവേന്ദര്‍ സിങ്ങിന്റെയും തലകള്‍ പാക് സൈന്യം അറുത്തെടുത്തു. ആക്രമണത്തില്‍ പരിക്കേറ്റ് 19 രജപുത് ബറ്റാലിയനിലെ ഒരു ജവാന്‍ പിന്നീട് മരിച്ചു. അറുത്തെടുത്ത തലകള്‍ പാക് സൈന്യം പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചു.

ഇതിന് മറുപടിയെന്നനിലയിലാണ് ഇന്ത്യ തിരിച്ചടിച്ചത്. പ്രത്യാക്രമണത്തിനായി അവസരംകാത്ത ഇന്ത്യന്‍ സൈന്യം, കാര്യമായ കരുതലില്ലാത്ത പാക് സൈനിക പോസ്റ്റുകളുടെ സ്ഥിതിവിവരങ്ങള്‍ ശേഖരിച്ചു. ജോര്‍ മേഖലയിലെ പോലീസ് ചൗക്കി, ഹിഫാസത്, ലഷ്ദത്ത് ലോഡ്ജിങ് പോയന്റ് എന്നിവയാണ് തിരിച്ചടിക്ക് യുക്തമായ കേന്ദ്രങ്ങളെന്ന് കണ്ടെത്തി. തുടര്‍ന്ന് വിവിധതരത്തിലുള്ള ആക്രമണം നടത്താന്‍ മൂന്നു സംഘങ്ങളെ സജ്ജമാക്കി. 2011 ആഗസ്ത് 30ന് ഇന്ത്യ മിന്നലാക്രമണത്തിലൂടെ തിരിച്ചടിച്ചു.

കാര്‍ഗില്‍ യുദ്ധത്തില്‍ വിജയിച്ച ചൊവ്വാഴ്ച ദിവസം തന്നെയാണ് തിരിച്ചടിക്ക് ഇന്ത്യ തിരഞ്ഞെടുത്തത്. ഈദിന് ഒരു ദിവസം മുമ്പായിരുന്നു പ്രത്യാക്രമണം. ആഗസ്ത് 29ന് പുലര്‍ച്ചെ മൂന്നുമണിക്കുതന്നെ 25 അംഗ സൈനികസംഘം നിയന്ത്രണരേഖയിലെത്തി. നാലുമണിക്ക് നിയന്ത്രണരേഖകടന്ന് പാക് അതിര്‍ത്തിക്കുള്ളിലെത്തി ഒളിച്ചിരുന്നു. മൂന്നു സംഘങ്ങളായാണ് ഇന്ത്യന്‍ സൈനികര്‍ കാത്തിരുന്നത്. പരിസരത്ത് കുഴിബോംബുകളും സ്‌ഫോടകവസ്തുക്കളും പാകി.

രാവിലെ ഏഴുമണിയായപ്പോഴാണ് ആക്രമണത്തിന് അവസരം കിട്ടിയതെന്ന് മിന്നലാക്രമണത്തില്‍ പങ്കെടുത്ത ഒരു സൈനികന്‍ വെളിപ്പെടുത്തുന്നു. നാലു പാക് പട്ടാളക്കാര്‍ തങ്ങള്‍ പതിയിരിക്കുന്ന പ്രദേശത്തേക്ക് നടന്നുവരുന്നതായി ഇന്ത്യന്‍ സൈന്യം കണ്ടു. പാക് സൈനികര്‍ നടന്ന് അടുത്തെത്തിയപ്പോള്‍, ഇന്ത്യന്‍ സൈന്യം ബോംബുകള്‍ പൊട്ടിച്ചു. സ്‌ഫോടനത്തില്‍ പാക് പട്ടാളക്കാര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇതില്‍ മൂന്നു ജവാന്‍മാരുടെ തലകള്‍ ഇന്ത്യന്‍ സൈന്യം അറുത്തെടുത്തു. സുബേദാര്‍ പര്‍വേസ്, ഹവില്‍ദാല്‍ അഫ്താബ്, നായിക് ഇമ്രാന്‍ എന്നീ പാക് സൈനികരുടെ തലകളാണ് അറുത്തത്. അവരുടെ യൂണിഫോമിലെ സൈനിക മുദ്രകളും ആയുധങ്ങളും പിടിച്ചെടുത്തു. തുടര്‍ന്ന് അത്യുഗ്രശേഷിയുള്ള സ്‌ഫോടനസാമഗ്രികള്‍ മൃതദേഹങ്ങളിലൊന്നില്‍ ഒളിപ്പിച്ചുവെച്ചു. മൃതശരീരങ്ങള്‍ നീക്കംചെയ്യുമ്പോള്‍ പൊട്ടിത്തെറിച്ച് കൂടുതല്‍ അപകടം വിതയ്ക്കാനായിരുന്നു ഈ നടപടി. ഇതിനിടയില്‍, സ്‌ഫോടനശബ്ദം കേട്ട് സൈനികപോസ്റ്റില്‍നിന്ന് രക്ഷപ്പടാന്‍ ശ്രമിച്ച രണ്ടു പാക് പട്ടാളക്കാരെ ഇന്ത്യന്‍ സൈനികര്‍ കൊന്നു. ഇന്ത്യന്‍ പട്ടാളക്കാരെ കെണിയിലാക്കാന്‍ നോക്കിയ മറ്റ് രണ്ടു പാക് പട്ടാളക്കാരെക്കൂടി തുടര്‍ന്ന് വധിച്ചു.

സംഭവസ്ഥലത്തുനിന്ന് ഇന്ത്യന്‍ സൈന്യം പിന്മാറുമ്പോള്‍, അവിടേക്ക് ഒരു പാക് പട്ടാളസംഘം നടന്നടുക്കുന്നത് കണ്ടതായി സൈനികര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍, അല്പസമയത്തിനുശേഷം ഉഗ്രസ്‌ഫോടനശബ്ദം കേട്ടു. മൃതദേഹത്തിനുള്ളില്‍ ഒളിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതാകാമെന്നാണ് അനുമാനം. രണ്ടോ മൂന്നോ പാക് സൈനികര്‍ ആ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ കണക്കുകൂട്ടല്‍. ഇന്ത്യയുടെ മിന്നലാക്രമണം 45 മിനിറ്റ് നീണ്ടുനിന്നു. ശത്രുപാളയത്തില്‍ 48 മണിക്കൂര്‍ ഇന്ത്യന്‍ സൈന്യം ഉണ്ടായിരുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

അറുത്തെടുത്ത പാക് സൈനികരുടെ തലകള്‍ ഫോട്ടോയെടുത്തശേഷം മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം സംസ്‌കരിച്ചു. എന്നാല്‍, അടുത്ത ദിവസമെത്തിയ മറ്റൊരു ഉന്നത ഉദ്യോഗസ്ഥന്‍ തലകള്‍ കത്തിച്ച ചാരം കിഷന്‍ഗംഗയില്‍ ഒഴുക്കാന്‍ നിര്‍ദേശിച്ചതായി ആക്രമണത്തില്‍ പങ്കെടുത്ത സൈനികരിലൊരാള്‍ പറയുന്നു. ഡി.എന്‍.എ. പരിശോധന തുടങ്ങിയ നടപടിക്രമങ്ങള്‍ ഒഴിവാക്കാനായിരുന്നു ഈ നിര്‍ദേശം. തുടര്‍ന്ന് ഈ നിര്‍ദേശം നടപ്പാക്കിയതായി സൈനികര്‍ വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more