തിരുവനന്തപുരം:ജേക്കബ് തോമസിനെതിരെ ധനകാര്യ പരിശോധന വിഭാഗം നല്‍കിയ റിപ്പോര്‍ട്ട് ശരിവെച്ച് തുറമുഖ ഡയറക്ടറുടെ റിപ്പോര്‍ട്ട്. 14 തുറമുഖ ഓഫീസുകളില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതില്‍ സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി എന്നായിരുന്നു ധനകാര്യ പരിശോധന വിഭാഗം നല്‍കിയ റിപ്പോര്‍ട്ട്.
ഈ പദ്ധതി വിജയകരമായി നടപ്പാക്കുന്നതില്‍ തുറമുഖ ഡയറക്ടറായിരുന്ന ജേക്കബ് തോമസിന് വീഴ്ച പറ്റിയെന്നും ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടാണ് ഇപ്പോഴത്തെ തുറമുഖ ഡയറക്ടര്‍ ശരിവെച്ചിരിക്കുന്നത്. ജേക്കബ് തോമസിനെതിരെ വകുപ്പ് തല അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
ഇപ്പോള്‍ രണ്ട് റിപ്പോര്‍ട്ടുകളും സര്‍ക്കാരിന്റെ പരിഗണനയിലാണ്. കഴിഞ്ഞ മാസം 24നാണ് തുറമുഖ ഡയറക്ടര്‍ പുതിയ റിപ്പോര്‍ട്ട് നല്‍കിയത്. മുമ്പ് സ്ഥാപിച്ച സോളാര്‍ പാനലുകള്‍ പ്രവര്‍ത്തന ക്ഷമമല്ല. സര്‍ക്കാരിന്റെ അനുമതിയില്ലാതെ 54 ലക്ഷം രുപയുടെ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങിയതില്‍ ഐ ടി വകുപ്പിന്റെ സമ്മതം ഇല്ലായിരുന്നുവെന്നും ഇപ്പോഴത്തെ തുറമുഖ ഡയറക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ധനകാര്യ പരിശോധന വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് ഇത് ശരിവെച്ചുകൊണ്ടുള്ള പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തിറങ്ങിയ റിപ്പോര്‍ട്ട് രാഷ്ടിയ പ്രേരിതമാണെന്ന് പറഞ്ഞ് പ്രതിരോധിക്കുകയായിരുന്നു സര്‍ക്കാര്‍. എന്നാല്‍, പുതിയ റിപ്പോര്‍ട്ടും ജേക്കബ് തോമസിന് എതിരായതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകും.
click on malayalam character to switch languages