1 GBP = 103.61
breaking news

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കോടതി വിധി; 1.61 കോടി രൂപ നഷ്ടപരിഹാരം നല്‍കണം

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കോടതി വിധി; 1.61 കോടി രൂപ നഷ്ടപരിഹാരം നല്‍കണം

ബംഗളൂരു: സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആദ്യ ശിക്ഷാ വിധി. ഉമ്മന്‍ചാണ്ടി അടക്കം കേസില്‍ പ്രതികളായ നാലുപേര്‍ 1.61 കോടിരൂപ വ്യവസായി എം കെ കുരുവിളയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ബംഗളുരു കോടതി വിധിച്ചു. രണ്ടു മാസത്തിനുള്ളില്‍ തുക കെട്ടിവയ്ക്കണമെന്നും ബംഗളുരു ജില്ലാ സെഷന്‍സ് കോടതി നിര്‍ദേശിച്ചു. ഈ തുകയ്ക്ക് പുറമെ കോടതി ചിലവും വക്കീല്‍ ഫീസും നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ദക്ഷിണ കൊറിയയില്‍നിന്ന് സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്‌ളിയറന്‍സ് സബ്‌സിഡി ലഭ്യമാക്കുന്നതിനുമായി 1.35 കോടി രൂപ ഉമ്മന്‍ചാണ്ടിയും അടുപ്പക്കാരും കൈപ്പറ്റിയെന്നായിരുന്നു പരാതി. എം കെ കുരുവിള നല്‍കിയ പരാതിയിലാണ് ബംഗളൂരു സെഷന്‍സ് കോടതി നിര്‍ദ്ദേശം. ഉമ്മന്‍ ചാണ്ടി, ബന്ധു ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, ബിനു നായര്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. അഞ്ചാം പ്രതിയാണ് കേസില്‍ ഉമ്മന്‍ചാണ്ടി. എറണാകുളം ആസ്ഥാനമായുളള സോസ എഡ്യുക്കേഷണല്‍ കള്‍സട്ടന്റ് ലിമിറ്റഡ്, സോസ മാനേജ്‌മെന്റ് കള്‍സട്ടന്റ് ലിമിറ്റഡ്, സോസ കള്‍സള്‍ട്ടന്റ് െ്രെപവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ വഴി സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യാനായിരുന്നു പദ്ധതി. ഈ കമ്പനികള്‍ക്ക് വേണ്ടി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ടും ഫോണിലൂടേയും ഉറപ്പു നല്‍കിയെന്നാണ് കുരുവിളയുടെ പരാതി.

2012 ഒക്ടോബര്‍ 11ന് ക്‌ളിഫ് ഹൌസില്‍ താനുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ നാല്‍പ്പത് മിനുട്ട് കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി ഉറപ്പുകള്‍ ആവര്‍ത്തിച്ചു. 4000 കോടി രൂപയുടെ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയായി നാല്‍പ്പത് ശതമാനം,അതായത് 1600 കോടി രൂപ വാങ്ങാനുളള ഏര്‍പ്പാട് ചെയ്യാമെന്നും പ്രത്യുപകാരമായി 1000 കോടി രൂപ നല്‍കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതായി കുരുവിളയുടെ പരാതിയില്‍ പറയുന്നു.തുടര്‍ന്ന് ഉമ്മന്‍ചാണ്ടി പണം വാങ്ങി.

എന്നാല്‍ പദ്ധതി നടപ്പിലാകാത്തതിനാല്‍ നഷ്ടപരിഹാരം വേണമെന്നും കാട്ടി 2015 മാര്‍ച്ച് 23നാണ് കുരുവിള പരാതി നല്‍കിയത്. ഒരു കോടി മുപ്പത്തി ആയ്യായിരം രൂപയും അതിന്റെ പതിനെട്ട് ശതമാനം പലിശയും തിരിച്ചു കിട്ടണമെന്നാണു കുരുവിളയുടെ പരാതി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more