1 GBP = 103.54
breaking news

നവകേരള നിർമ്മിതിക്ക് യുക്മയുടെ ആദ്യഘട്ടമായ ഒരു കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുമതി; “സ്നേഹക്കൂട്‘ പദ്ധതിയുടെ ഔദ്യോഗിക നിർമ്മാണോത്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു

നവകേരള നിർമ്മിതിക്ക് യുക്മയുടെ ആദ്യഘട്ടമായ ഒരു കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുമതി; “സ്നേഹക്കൂട്‘ പദ്ധതിയുടെ ഔദ്യോഗിക നിർമ്മാണോത്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു

ഓക്സ്ഫോർഡ്: നവകേരള നിർമ്മിതിക്ക് യുക്മയുടെ ആദ്യഘട്ടമായ ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കേരള സർക്കാരിന്റെ അനുമതി. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം തകർത്തു കളഞ്ഞ കേരളത്തിന്റെ പുനസൃഷ്ടിക്കായി കേരളാ ഗവൺമെന്റിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിധേയമായി 100 വീടുകൾ നിർമ്മിച്ച് നൽകാൻ യുക്മ നാഷണൽ കമ്മിറ്റിയും യുക്മ ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി രൂപം കൊടുത്ത പദ്ധതിയായിരുന്നു “സ്നേഹക്കൂട്‘. ഇതിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉത്‌ഘാടനമായിരുന്നു ഇന്നലെ ഓക്സ്ഫോർഡിൽ ബഹുമാനപ്പെട്ട ടൂറിസം ദേവസ്വം ബോർഡ് സഹകരണ വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചത്.

അഞ്ചു ലക്ഷം രൂപ വീതം ചിലവ് വരുന്ന പതിനെട്ട് വീടുകളുടെ നിർമ്മാണപ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുക. കേരളത്തിലെ പ്രളയ ദുരന്തകാലത്ത് പ്രളയം ഉണ്ടായ സമയം തന്നെ യുക്മ സഹായഹസ്തം നീട്ടിയിരുന്നു. യുക്മ ചാരിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിന് അപ്പീൽ നൽകി ശേഖരിച്ച പതിനായിരം പൗണ്ടിന്റെ ചെക്കും ചടങ്ങിൽ യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് മന്ത്രിക്ക് കൈമാറി. യുകെയിലങ്ങോളമിങ്ങോളമുള്ള സംഘടനകളും വ്യകതികളും വഴി നിത്യോപയോഗ സാധനങ്ങളും, മെഡിസിനുകളും, പുതിയ വസ്ത്രങ്ങളും ഉൾപ്പെടെ 25000 കിലോ സാധനങ്ങൾ കേരളത്തിലെത്തിച്ച് പ്രസിഡന്റ് മാമ്മൻ ഫിലിപ്പിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്നു.

ബ്രിട്ടനിലെ അക്ഷരമുറ്റമെന്നറിയപ്പെടുന്ന ഓക്സ്ഫോർഡിലെ പ്രശസ്തമായ ദി ട്രീ ഹോട്ടലിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം ഏഴുമണിക്ക് യുക്മ ദേശീയ അദ്ധ്യക്ഷൻ മാമ്മൻ ഫിലിപ്പിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് സുജു ജോസഫ് സ്വാഗതം ആശംസിച്ചു. കേരളത്തിന്റെ പുനഃസൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളിൽ കൂടുതലായി യു കെ മലയാളികളുടെ സഹായം ആവശ്യമാണെന്ന ബോധ്യത്തിൽ നിന്നുമാണ് യുക്മ ദേശീയ സമിതിയുടെയും ചാരിറ്റി ട്രസ്റ്റിന്റെയും സംയുക്ത യോഗം ഭവനനിർമാണ പദ്ധതിക്ക് രൂപം നൽകിയതെന്ന് മാമ്മൻ ഫിലിപ്പ് അദ്ധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു. നിലവിൽ വിവിധ അസ്സോസിയേഷനുകളുമായും വ്യക്തികളുമായും സ്ഥാപനങ്ങളുമായും ധാരണയിലായ പതിനെട്ട് വീടുകളുടെയും അവയുടെ പൂർണ്ണ വിവരങ്ങളും മാമ്മൻ ഫിലിപ്പ് ചടങ്ങിൽ അവതരിപ്പിച്ചു. ഗ്ലോസ്റ്റെർഷെയർ മലയാളി അസ്സോസിയേഷൻ നാല് വീടുകൾ, ബാസിൽഡൺ മലയാളി അസ്സോസിയേഷൻ രണ്ടു വീടുകൾ, ബ്രിട്ടീഷ് കേരളൈറ്റ്‌സ് സൗത്താൾ മൂന്ന് വീടുകൾ, അഡ്വ.ഫ്രാൻസിസ് മാത്യു ഒരു വീട്, ലാ ആൻഡ് ലോയേഴ്സ് രണ്ടു വീടുകൾ, യുക്മ നാഷണൽ കമ്മിറ്റി നാല് വീടുകൾ, സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷൻ ഒരു വീട്,  ല്യൂട്ടൻ കേരളൈറ്റ്സ് ഒരു വീട് എന്ന നിലയിലാണ് ആദ്യഘട്ടത്തെ പതിനെട്ട് വീടുകൾ പൂർത്തിയാക്കുക.

തുടർന്ന് മുഖ്യാതിഥിയായ മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ യുക്മ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും സർക്കാരിന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. പദ്ധതി പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി മുഴുവൻ സംഘടനകളെയും ഏകോപിപ്പിച്ച് കൊണ്ട് മാമ്മൻ ഫിലിപ്പിന്റെ നേതൃത്തിലുള്ള യുക്മ നാഷണൽ കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹം എല്ലാ ഭാവുകങ്ങളും നേർന്നു. സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് യുകെ മലയാളികൾ നൽകുന്ന പിന്തുണയ്ക്ക് മന്ത്രി നന്ദി പറഞ്ഞു. സ്നേഹക്കൂട് ഭവന പദ്ധതിയുടെ ഔദ്യോഗിക നിർമ്മാണോത്ഘാടനം പദ്ധതി ലോഗോ യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് വർഗ്ഗീസ് ചെറിയാന് കൈമാറിക്കൊണ്ട് മന്ത്രി നിർവ്വഹിച്ചു. സൗത്ത് വെസ്റ്റ് റീജിയണൽ സെക്രട്ടറി എംപി പദ്മരാജ് നന്ദി പ്രകാശിപ്പിച്ചു.

യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ, നാഷണൽ എക്സിക്യു്ട്ടീവ് അംഗങ്ങളായ ഡോ.ബിജു പെരിങ്ങത്തറ, സുരേഷ് കുമാർ തുടങ്ങിയവരും വിവിധ റീജിയണൽ ഭാരവാഹികളും സ്നേഹക്കൂട് പദ്ധതിക്ക് സഹായം നൽകുന്ന അംഗ അസ്സോസിയേഷൻ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. നിലവിൽ യുക്മയുടെ സ്നേഹക്കൂട് ഭവന പദ്ധതിയുടെ ഭാഗമായ സംഘടനകൾക്കും വ്യക്തികൾക്കും വിവിധ സ്ഥാപനങ്ങൾക്കുമുള്ള കേരള സർക്കാരിന്റെ സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണം ചെയ്തു.

യുക്മയിലെ മറ്റു അംഗ അസ്സോസിയേഷനുകളുടെയും യുകെയിലെ മറ്റ് വിവിധ സംഘടനകളടെയും വ്യക്തികളെയും ഇക്കാര്യത്തിൽ സംയുക്തമായി സഹകരിപ്പിച്ച് ബാക്കിയുള്ള വീടുകൾക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനുള്ള ചർച്ചകളും ശ്രമങ്ങളും നടക്കുന്നുണ്ട്. അഞ്ചു ലക്ഷം രൂപ ഒറ്റയ്ക്ക് ശേഖരിക്കാൻ കഴിയാത്ത പ്രസ്ഥാനങ്ങളെയും വ്യക്തികളെയും മറ്റ് സംഘടനകളുമായി യോജിച്ച് പദ്ധതിയുമായി സഹകരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. യുക്മ സ്നേഹക്കൂട് ഭവന നിർമാണ പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ളവരും യുക്മ ഭാരവാഹികളുമായി ബന്ധപ്പെടമെന്ന് അഭ്യർത്ഥിക്കുന്നു.

 

കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന യുക്മ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ് . 

മാമ്മൻ ഫിലിപ്പ് : 07885 467034

റോജിമോൻ വർഗീസ്: 07883068181

അലക്സ് വർഗീസ് : 07985 641921

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more