നോറിച്: നോറിച് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലിൽ ഇന്നലെ നടന്ന കേംബ്രിഡ്ജ് റീജിയണൽ അഭിഷേകാഗ്നി കൺവെൻഷൻ വിശ്വാസികൾക്ക് നവ്യാനുഭവമായി. ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും വിശ്രുത വചനപ്രഘോഷകൻ റെവ. ഫാ. സേവ്യർ ഖാൻ വട്ടയിലും നേതൃത്വം നൽകിയ ഏകദിന കൺവെൻഷനിൽ റീജിയണിലെ എല്ലാ വി. കുർബാന കേന്ദ്രങ്ങളിൽ നിന്നും നിരവധി വിശ്വാസികൾ സംബന്ധിച്ചു. രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെ നടന്ന കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ഒരുക്കിയിരുന്നു. റീജിയണിലെ സീറോ മലബാർ ശുശ്രുഷകൾക്കു നേതൃത്വം നൽകുന്ന റെവ. ഫാ. ഫിലിപ് പന്തമാക്കൽ, റെവ. ഫാ. തോമസ് പാറക്കണ്ടത്തിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒരുക്കങ്ങൾ.
ഈസ്റ്റ് ആംഗ്ലിയ ലത്തീൻ രൂപത ബിഷപ്പ് അലൻ ഹോപ്സ് വിശ്വാസികളെ കാണാനും ആശീർവദിക്കാനും എത്തിയത് ഇരട്ടിമധുരമായി. യു കെ യിൽ സീറോ മലബാർ സഭ ചെയ്യുന്ന വിശ്വാസസാക്ഷ്യം വലുതാണെന്നും ഈ നാട്ടിലെ വിശ്വാസജീവിതത്തെ വളർത്താൻ വളരെ സഹായകരമാണെന്നും ബിഷപ്പ് അലൻ അനുസ്മരിച്ചു. മുതിർന്നവർക്കും കുട്ടികൾക്കും ശുശ്രുഷ നടന്ന രണ്ടു സ്ഥലങ്ങളും സന്ദർശിച്ചു രണ്ടു മെത്രാൻമാരും വിശ്വാസികളോട് സംസാരിച്ചു. ഈസ്റ്റ് ആംഗ്ലിയ രൂപതയിൽ ശുശ്രുഷ ചെയ്യന്ന മലയാളി വൈദികരായ ഫിലിപ് പന്തമാക്കലിന്റെയും, തോമസ് പാറക്കണ്ടത്തിന്റെയും സേവനങ്ങളെ ബിഷപ്പ് അലൻ പ്രകീർത്തിച്ചു.
ദൈവത്തിനു പ്രീതികരമായി ജീവിക്കാൻ പഠിപ്പിക്കുന്നത് പരിശുദ്ധാതമാവ് ആണന്ന് വചനപ്രഘോഷണത്തിൽ ഫാ. സേവ്യർ ഖാൻ വട്ടായിൽ പറഞ്ഞു. പരിശുദ്ധാതമാവിന്റെ സഹായമില്ലാതെ ആർക്കും ഈശോയെ വിളിക്കാനാവില്ലന്നും അദ്ദേഹം പറഞ്ഞു. സുവിശേഷത്തിലെ പത്തു കന്യകമാരുടെ ഉപമ വിശദീകരിച്ച മാർ ജോസഫ് സ്രാമ്പിക്കൽ, എല്ലാവര്ക്കും ഇപ്പോഴും ഉണ്ടായിരിക്കേണ്ട ആത്മീയ ഒരുക്കത്തെക്കുറിച്ചു ഓർമിപ്പിച്ചു. വി. കുമ്പസാരത്തിനും സൗകര്യമേർപ്പെടുത്തിയിരുന്നു.
സൗത്താംപ്ടൺ റീജിയണൽ അഭിഷേകാഗ്നി ഏകദിന കൺവെൻഷൻ നാളെ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെ ബോൺമൗത് ലൈഫ് സെന്ററിൽ വച്ച് നടക്കും. (അഡ്രസ്: 713, Wimborne Road, Bournmouth, BH 9 2 AU) കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ക്രമീകരിച്ചിട്ടുണ്ട് . സൗത്താംപ്റ്റൺ റീജിയണൽ ഡയറക്ടർ റെവ. ഫാ. ടോമി ചിറക്കൽമണവാളന്റെയും റെവ. ഫാ. ചാക്കോ പനത്തറയുടെയും കൺവെൻഷൻ കമ്മറ്റിയുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. മാർ ജോസഫ് സ്രാമ്പിക്കൽ വി. കുർബാന അർപ്പിച്ചു സന്ദേശം നൽകുകയും റെവ. ഫാ. സേവ്യർ ഖാൻ വട്ടയിലും സംഘവും വചനപ്രഘോഷണം നടത്തുകയും ചെയ്യും. വാഹന പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ വിശ്വാസികളെയും ഏറെ സ്നേഹത്തോടെ ഈ അനുഗ്രഹദിനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
click on malayalam character to switch languages