1 GBP = 103.83
breaking news

ചരിത്രം തങ്കലിപികളില്‍ എഴുതി ചേര്‍ക്കും ഈ സുവര്‍ണ്ണ നിമിഷങ്ങള്‍ ; ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിള്‍ കലോത്സവം അവിസ്മരണീയമായി; ഇതു ദൈവ മഹത്വത്തിന്റെ വിജയം…

ചരിത്രം തങ്കലിപികളില്‍ എഴുതി ചേര്‍ക്കും ഈ സുവര്‍ണ്ണ നിമിഷങ്ങള്‍ ; ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിള്‍ കലോത്സവം അവിസ്മരണീയമായി; ഇതു ദൈവ മഹത്വത്തിന്റെ വിജയം…

ജെഗി ജോസഫ്
വിശ്വാസികള്‍ കലയുടെ ഉത്സവത്തെ ആവേശത്തോടെ സ്വീകരിച്ചപ്പോള്‍ ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവം മറക്കാനാകാത്ത നിമിഷങ്ങള്‍ സമ്മാനിച്ചു.വേദികളില്‍ മത്സരത്തിന്റെ ആവേശം നിറഞ്ഞപ്പോള്‍ കാണികളില്‍ അഭിമാനത്തിന്റെയും സംതൃപ്തിയുടേയും നിറവുകളാണ് കാണാനായത്.കുഞ്ഞു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ബൈബിള്‍ കലോത്സവത്തെ ആഘോഷവേദിയാക്കി മാറ്റി.
വിവിധ റീജിയനുകളിൽ നടത്തിയ റീജ്യണൽ മത്സരങ്ങളില്‍ നിന്നും കഴിവു തെളിയിച്ചെത്തിയ കുട്ടികള്‍ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ വിജയികളായത് 227 പോയിന്റുകളുമായി ബ്രിസ്റ്റോൾ കാർഡിഫ് റീജിയനാണ്. തൊട്ടു പിന്നാലെ ​134 പോയിന്റുമായി പ്രസ്റ്റൺ റീജിയൻ രണ്ടാം സ്ഥാനം നേടിയപ്പോൾ120 പോയിന്റുമായി ഗ്ളാസ്ഗോ റീജിയൻ മൂന്നാം സ്ഥാനത്തെത്തി.



നിരവധി വൈദികരുടെയും സഭാ വിശ്വാസികളുടെയും സാനിധ്യത്തിൽ ബ്രിസ്‌റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നടത്തിയ ബൈബിള്‍ പ്രതിഷ്ഠയോടെ കലോത്സവത്തിന് തുടക്കമായി.
വിശുദ്ധ ലിഖിത പഠനം നമ്മെ ജ്ഞാനികളാക്കുന്നുവെന്നും അതിലൂടെ നമ്മള്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിന് പര്യാപ്തരാകുകയും ചെയ്യുന്നുവെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ദൈവവചനം സൃഷ്ടിക്കുകയും, രക്ഷിക്കുകയും, വിശുദ്ധീ കരിക്കുകയും ചെയ്യുന്നു. വചനം മനുഷ്യനായത് മനുഷ്യനെ വചനമാക്കി രൂപാന്തരപ്പെടുത്തുവാനാണ്.

തിരുവചനത്തിലും തിരുസഭയിലും നാമെല്ലാവരും ഒന്നാകണം. വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ച്, എല്ലാവരുടെയും പാപപരിഹാരമായി കുരിശില്‍ ബലിയായ ഈശോയിലൂടെ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിലൂടെയാണ് ഇത് സാധ്യമാകുന്നത്. വചനത്തിന്റെ അമ്മയായ മറിയത്തിന്റെ മാധ്യസ്ഥ്യവും നമുക്ക് ആവശ്യമാണ്. ബൈബിള്‍ കലോത്സവത്തിന്റെ ലക്ഷ്യം വിശ്വാസികളുടെ കലാ സാഹിത്യവാസനകളെ വചനാധിഷ്ഠിതമായി ഉജ്ജ്വലിപ്പിക്കുന്നതിനും, വചനം പ്രഘോഷിക്കുന്നതിനും അതിലൂടെ വിശ്വാസികള്‍ തമ്മിലുള്ള കൂട്ടായ്മ വർദ്ധിപ്പിക്കന്നതിനുമാണെന്ന് അദ്ദേഹം തന്റെ വചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
തുടർന്ന് ഇവിടെ ഒരുക്കിയ 9 സ്റ്റേജുകളിലായി ബൈബിൾ എന്ന വിശുദ്ധ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി വൈവിധ്യമാര്‍ന്ന മത്സരങ്ങളാണ് അരങ്ങേറിയത്. ഏതാണ്ട് 850 ഓളം മത്സരാർത്ഥികൾ പങ്കെടുത്ത പരിപാടി ഇത്രയൂം മനോഹരമാക്കിയതിനു പിന്നിലുള്ള സംഘാടക മികവിനെ വെറുതെയൊന്ന് അഭിനന്ദിച്ചാല്‍ മതിയാകില്ല. മത്സരാര്‍ത്ഥികളുടെ എണ്ണം ഇത്രയേറെയുണ്ടായിട്ടും ആര്‍ക്കും ഒരു പരാതിയും ശേഷിക്കാതെ എല്ലാം പൂര്‍ത്തിയാക്കി.ദൈവത്തിന്റെ കൈയ്യൊപ്പ് കൊണ്ട് മഹനീയമായ കലോത്സവ വേദിയിലെ ആ ചൈതന്യം പരിപാടിയുടെ വിജയത്തിന് മുതല്‍കൂട്ടാവുകയായിരുന്നു.

സമയത്തിലെ കൃത്യത എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ് .ഇത്രയും മത്സരാര്‍ത്ഥികള്‍ ഉണ്ടായിട്ടും നിരവധി വേദികളില്‍ മത്സരം നടക്കുമ്പോഴും കൃത്യ സമയം പാലിച്ച് പൂര്‍ത്തിയാക്കാന്‍ സാധിച്ചത് കോര്‍ഡിനേറ്റേഴ്‌സിന്റെ മികവ് കൊണ്ടാണ്. കൃത്യം 6 മണിക്ക് തന്നെ സമാപന സമ്മേളനം ആരംഭിക്കുകയും വിജയികൾക്കുള്ള സമ്മാന വിതരണം മാർ ജോസഫ് സ്രാമ്പിക്കൽ തന്നെ നിർവ്വഹിക്കുകയും ചെയ്തു. ഇത്രയും വലിയൊരു പ്രോഗ്രാം യാതൊരു വിധ പരാതിക്കുമിട നൽകാതെ വളരെ ഭംഗിയാക്കിയതിനു പിന്നിൽ ദിവസങ്ങളോളം രാവും പകലും അദ്ധ്വാനിച്ചവരെ പിതാവ് പ്രത്യേകം അഭിനന്ദിച്ചു. മറ്റ് കലാമേളകളിലും മത്സരങ്ങളിലും ഏവരേയും ആശങ്കപ്പെടുത്തുന്നതാണ് സമയം വൈകുന്നതും മറ്റും.എന്നാല്‍ ഇവിടെ ആശങ്കപ്പെടാതെ എല്ലാം കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു.

. ഈ വിജയം പങ്കെടുത്തവര്‍ക്കും ഒരുക്കിയവര്‍ക്കും അര്‍ഹതപ്പെട്ടത് തന്നെ . മാസങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങളും റീജ്യണ്‍ മത്സരങ്ങളിലൂടെ തുടങ്ങിയ തിരഞ്ഞെടുപ്പുകളും ഒക്കെയായി പിന്നില്‍ ഒരുപാട് പ്രയത്‌നിച്ചവരുണ്ട് .അവരുടെ അത്മാര്‍ത്ഥമായ സേവനത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. വെറും വാക്കു കൊണ്ട് നന്ദി പറയുന്നത് ഔചിത്യമാകില്ല. ബൈബിള്‍ കലോത്സവത്തിന്റെ ഭംഗിയായ നടത്തിപ്പിന്റെ സാരഥികളായ ഓരോരുത്തരേയും അംഗീകരിക്കുകയായിരുന്നു ഇവിടെയെത്തിയവരെല്ലാം. ബൈബിള്‍ കലോത്സവം ഡയറക്ടർ ഫാ പോള്‍ വെട്ടിക്കാട്ടിന്റെയും ചീഫ് കോഡിനേറ്റർ സിജി വാദ്ധ്യാനത്തിറെയും നേതൃത്വത്തിൽ ഉണ്ടായിരുന്ന വിവിധ കമ്മിറ്റികളാണ് പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്.

പ്രശസ്ത സംഗീത സംവിധായകൻ സണ്ണി സ്റ്റീഫൻ, പ്രോട്ടോ സിഞ്ചെല്ലുസ് ഫാ. തോമസ് പാറയടിയില്‍ എം. എസ്. റ്റി., രൂപതാ ബൈബിള്‍ കമ്മീഷൻ ചെയര്‍മാൻ ഫാ. പോള്‍ വെട്ടിക്കാട്ട് സി. എസ്. റ്റി, ഫാ. ജോയി വയലില്‍ സി. എസ്. റ്റി., ഫാ. ജോസഫ് വെമ്പാടുംതറ വി. സി., ഫാ. ജെയിസണ്‍ കരിപ്പായി, ഫാ. ടെറിൻ മുല്ലക്കര, ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ. സിറിള്‍ എടമന എസ്. ഡി. ബി., ഫാ. ജിനോ അരിക്കാട്ട് എം. സി. ബി. എസ്., ഫാ. മാത്യു മുളയോലില്‍, ഫാ. ബിനു കിഴക്കേയിളംത്തോട്ടം സി. എം. എഫ്., ഫാ. സെബാസ്റ്റ്യൻ നാമറ്റത്തില്‍, ഫാ. ജോസ് പൂവന്നിക്കുന്നേല്‍, ഫാ. ടോണി പഴയകളം, സി. എസ്.റ്റി., ഫാ. ഫാൻസുവ പത്തില്‍, സി. മേരി ആൻ സി. എം. സി., സി. ലീനാ മേരി എസ്. ഡി. എസ്, സി. ഗ്രേസ് മേരി എസ്. ഡി. എസ്., സി. നവ്യ കോഴിമലയില്‍ ഡി. എസ്. എഫ്. എസ്., സി. മിനി പുതുമന ഡി. എസ്. എഫ്. എസ്., സി. ബിജി തോണിക്കുഴിയില്‍ ഡി. എസ്. എ ച്ച്. എസ്.,എന്നിവരുടെസാന്നിദ്ധ്യം കലോത്സവത്തെ ധന്യമാക്കി.ബൈബിള്‍ കലോത്സവം ഓവറോൾ കോര്‍ഡിനേറ്റര്‍ സിജി വാദ്യാനത്ത്, കോര്‍ കമ്മിറ്റി അംഗങ്ങളായ റോയി സെബാസ്റ്റിൻ, ഫിലിപ്പ് കണ്ടോത്ത്, ജോജി മാത്യു, അനിതാ ഫിലി പ്പ്, ജെഗി ജോസഫ്, ജോമി ജോണ്‍, ലിജോ പടയാട്ടില്‍, പ്രസാദ് ജോണ്‍, ജോസ് മാത്യു തുടങ്ങിയവരുടെ എല്ലാം ഒത്തൊരുമയുടെയും സമർപ്പണ മനോഭാവത്തിന്റെയും പ്രതിഫലനമായിരുന്നു ബ്രിസ്റ്റോൾ ബൈബിൾ കലോത്സവത്തിൽ ഉടനീളം കണ്ടത്.



ഒരു ദിവസം രാവിലെ മുതല്‍ വൈകീട്ട് വരെ നീളുന്ന പരിപാടിയില്‍ പരാതികള്‍ക്കിടവരാതെ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞത് മികവാണ് .ദൈവ വചനം കലാരൂപങ്ങളിലൂടെ വേദിയില്‍ നിറഞ്ഞാടിയപ്പോള്‍ ഒരു ഹൃദ്യവിരുന്നും സംതൃപ്തിയുമാണ് കാണികള്‍ക്ക് അനുഭവപ്പെട്ടത്.
ബെറ്റർ ഫ്രെയിംസ് UKയുടെ രാജേഷ് നടപ്പിള്ളി എടുത്ത ഫോട്ടോകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more