1 GBP = 103.89
breaking news

സാലിസ്ബറി മലയാളി അസോസിയേഷന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി ………..

സാലിസ്ബറി മലയാളി അസോസിയേഷന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി ………..

സാലിസ്ബറി മലയാളി അസോസിയേഷന്റെ നാലാം ഓണാഘോഷം, നഗരത്തിന്റെ തിരക്കില്‍ നിന്നു മാറി സ്ഥിതി ചെയ്യുന്ന ആള്‍ഡര്‍ബറി വില്ലേജ് ഹാളിന്റെ പ്രശാന്തതയില്‍, വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍, മനോഹരമായി കൊണ്ടാടപ്പെട്ടു. ആഴ്ചകളായി ഓണാഘോഷത്തിന്റെ ഒരുക്കമായി നടന്നു വരുന്ന കളികളുടെ പരിസമാപ്തി കുറിച്ചു കൊണ്ടു, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകമായി നടത്തപ്പെട്ട വടംവലി മത്സരത്തില്‍, തദ്ദേശ വാസികളായ വിശിഷ്ടാതിഥികളും പങ്കെടുത്തതിന്റെ ആവേശത്തോടെ കാര്യപരിപാടികള്‍ക്കു തുടക്കമായി.
unnamed-1
സാലിസ്ബറി മലയാളി അസോസിയേഷന്റെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവരെ സന്ദര്‍ശിക്കാനെത്തിയ മാവേലിത്തമ്പുരാനെയും വിശിഷ്ടാതിഥികളെയും, താലപ്പൊലിയേന്തിയ മലയാളി മങ്കമാരും കുട്ടികളും കൂടി ഹാളിനുള്ളിലേക്ക് ആനയിച്ചപ്പോള്‍, പുള്ളിപ്പുലികളും ഒപ്പം കൂടിയതു മനോഹരമായ കാഴ്ച്ചയായിരുന്നു. മാവേലിത്തമ്പുരാന്റെ ഓണാശംസകള്‍ എല്ലാവര്‍ക്കും സന്തോഷം പകരുന്നതായിരുന്നു .
unnamed-2
അരുണ്‍ കൃഷ്ണന്‍ ആലപിച്ച പ്രാര്‍ത്ഥനാഗാനത്തോടെ പരിപാടികള്‍ക്കു തുടക്കമായി. കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത കേരളത്തനിമ വിളിച്ചോതുന്ന ആരംഭ നൃത്തം കണ്ണിനു കുളിര്‍മയേകി. ഓണത്തിന്റെ തനതായ തിരുവാതിര അതിമനോഹരമായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഓണാഘോഷം അതിന്റെ പൂര്‍ണ്ണതയിലെത്തിയ പോലെയായി. സെക്രട്ടറി ശ്രീമതി സില്‍വി ജോസ് എസ് എം എ യുടെ കഴിഞ്ഞ കാലങ്ങളിലെ മനോഹരമായ ദൃശ്യങ്ങളിലൂടെ ഏവരെയും കൂട്ടിക്കൊണ്ടു പോയി .
unnamed-3
സ്റ്റേജ് കോര്‍ഡിനേറ്റര്‍ ശ്രീ ജിനോയെസ് കിഴക്കേപ്പറമ്പില്‍ സ്വാഗതം ആശംസിച്ചു വിശിഷ്ടാതിഥികളെ സ്റ്റേജിലേക്ക് ആനയിച്ചു. മുഖ്യാതിഥിയായ Yorkshire Regiment Colour Sargent Mathew Pritchard തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അസ്സോസിയേഷന്റെ ഒത്തൊരുമയെ പ്രശംസിച്ചു സംസാരിക്കുകയും പരിപാടിയില്‍ പങ്കെടുക്കുവാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.
unnamed-4
വിശിഷ്ടാതിഥികളും നാട്ടില്‍ നിന്ന് ഇവിടെ സന്നിഹിതരായിരുന്ന മാതാപിതാക്കളും അസ്സോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്നു ഭദ്രദീപം കൊളുത്തിഓണാഘോഷത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അസ്സോസിയേഷന്‍ പ്രസിഡന്റ് ശ്രീ ഷിബു ജോണ്‍ യോഗത്തിനദ്ധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളായ സാലിസ്ബറി പള്ളി വികാരി Fr Michael, Circular Arts Project Artist Mr Alex Grant, UUKMA സ്റ്റാര്‍ സിംഗര്‍ വിജയി ശ്രീമതി അനുചന്ദ്ര എന്നിവര്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
unnamed-5
യുക്മ സ്റ്റാര്‍ സിംഗര്‍ വിജയി ശ്രീമതി അനുചന്ദ്രയെ അസ്സോസിയേഷന്‍ ഭാരവാഹികള്‍ ചേര്‍ന്നു പൊന്നാട അണിയിച്ചാദരിച്ചു. വിശിഷ്ടാതിഥികളെ, അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ്മാരായ സ്റ്റാലിന്‍ സണ്ണി, സുജു ജോസഫ്, മേഴ്‌സി സജീഷ്, ഇപ്പോഴത്തെ പ്രസിഡന്റ് ഷിബു ജോണ്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. പ്രോഗ്രാം കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി ഷീനാ ജോബിന്റെ നന്ദി പ്രകാശനത്തോടെ ഉദ്ഘാടന സമ്മേളനം പരിസമാപിച്ചു.
unnamed-6
ഫുഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അംഗങ്ങളെല്ലാവരും ചേര്‍ന്നു തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യ, തനി നാടന്‍ രീതിയില്‍ വാഴയിലയില്‍ ചൂടോടെ വിളമ്പിയത്, തദ്ദേശവാസികള്‍ ഉള്‍പ്പെടെ എല്ലാവരും ആസ്വദിച്ചു കഴിച്ചു. ഇതിനു നേതൃത്വം നല്‍കിയ ഫുഡ് കമ്മിറ്റിയെ എല്ലാവരും അഭിനന്ദിച്ചു.
unnamed-7
വിഭവസമൃദ്ധമായ ഓണസദ്യകഴിഞ്ഞിരിക്കുന്ന എല്ലാവരുടെയും കണ്ണും മനസ്സും കുളിര്‍പ്പിക്കുവാനായി പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തില്‍, അരങ്ങു നിറയെ മനോഹരമായ കലാപരിപാടികള്‍ ഒരുങ്ങിയിരുന്നു. അവതരിപ്പിക്കപ്പെട്ട കലാപരിപാടികള്‍ എല്ലാവരും ആസ്വദിക്കുകയും ഇതിനു പിന്നില്‍ അദ്ധ്വാനിച്ച എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. മനോഹരമായ സ്റ്റേജും അത്തപ്പൂക്കളവും ഒരുക്കി സ്റ്റേജ് കമ്മിറ്റി അവരുടെ കഴിവു തെളിയിച്ചു. അതിഥികളായെത്തിയ ഗായകരും ഗാനങ്ങളാലപിച്ച് ആസ്വാദക വൃന്ദത്തെ കൈയിലെടുത്തു.
unnamed-9
അസ്സോസിയേഷന്‍ ട്രഷറര്‍ ശ്രീ സെബാസ്റ്റ്യന്‍ ചാക്കോ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. സ്ത്രീ പുരുഷ പ്രായ ഭേദമെന്യേ എല്ലാവരും ചേര്‍ന്ന് അടിപൊളി ഗാനങ്ങള്‍ക്കൊത്തു നൃത്തച്ചുവടുകള്‍ വച്ചത് കണ്ടു കൊണ്ട് 2016ലെ ഓണപ്പരിപാടി സമാപിച്ചു.

ഓണാഘോഷത്തിന്റെ മനോഹര ചിത്രങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Post Your Comments Here ( Click here for malayalam )

Press Esc to close
show more