1 GBP = 103.68
breaking news

സാലിസ്ബറി നോർവിചോക്ക് ആക്രമണം; പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ വിട്ടു നൽകാൻ റഷ്യയോട് ബ്രിട്ടൻ

സാലിസ്ബറി നോർവിചോക്ക് ആക്രമണം; പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ വിട്ടു നൽകാൻ റഷ്യയോട് ബ്രിട്ടൻ

ലണ്ടൻ: സാലിസ്ബറിയിൽ നടന്ന രാസായുധാക്രമണത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന. ഇക്കഴിഞ്ഞ മാർച്ച് നാലിനാണ് മുൻ എം ഐ 6 റഷ്യൻ ചാരൻ സെർഗെയ് സ്ക്രിപാലിനും മകൾ യൂലിയ സ്ക്രിപാലിനും റഷ്യൻ നിർമ്മിത രാസായുധമായ നോർവിചോക്ക് ഉപയോഗിച്ച് ആക്രമണം നടത്തിയത്. അതീവ ഗുരുതരവാസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇരുവരും ഇപ്പോൾ സുഖം പ്രാപിച്ച് വരുന്നു. എന്നാൽ അതിന് ശേഷം മറ്റ് രണ്ടുപേർക്ക് കൂടി വിഷപ്രയോഗമേറ്റിരുന്നു. ഡൗൺ സ്റ്റർജസ് എന്ന സ്ത്രീക്കും അവരുടെ സുഹൃത്ത് ചാർളിക്കുമായിരുന്നു വിഷപ്രയോഗമേറ്റത്. ഇതിൽ ഡൗൺ സ്റ്റർജസ് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മരണമടഞ്ഞിരുന്നു.

സ്ക്രിപാലിനെതിരെ പ്രയോഗിച്ച നോർവിചോക്ക് അടങ്ങിയ കണ്ടെയ്‌നറുകൾ സാലിസ്ബറിയിലെ എലിസബത്ത് പാർക്കിൽ ഉപേക്ഷിച്ചതാണ് മറ്റ് രണ്ടു പേർക്ക് കൂടി വിഷപ്രയോഗമേറ്റത് എന്നാണ് നിഗമനം. ഇത് സംബന്ധിച്ചുള്ള അന്വേഷണങ്ങൾ തുടർന്ന് വരികയാണ്. സാലിസ്ബറിയിൽ ഇപ്പോഴും പത്തോളം ഇടങ്ങളിൽ പോലീസിന്റെ അതീവ സുരക്ഷാ വലയമാണുള്ളത്.

സാലിസ്ബറിയിൽ നിന്നും എയർപോർട്ടുകളിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതായി കൗണ്ടർ ടെററിസം പോലീസ് സംഘം അറിയിച്ചിട്ടുള്ളത്. ഇതേ കാലയളവിൽ ബ്രിട്ടനിലേക്ക് സന്ദർശനം നടത്തിയ റഷ്യക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചതെന്ന് അന്വേഷണസംഘം പറഞ്ഞു. സ്ക്രിപാലിനെ വധിക്കാൻ എത്തിയ സംഘം അദ്ദേഹത്തിന്റെ വീടിന്റെ വാതിലിൽ നോർവിചോക്ക് സ്പ്രേ ചെയ്തുവെന്നും തുടർന്ന് കണ്ടെയ്‌നറുകൾ എലിസബത്ത് പാർക്കിൽ ഉപേക്ഷിച്ചതാണെന്നുമാണ് കണ്ടെത്തൽ.

അതേസമയം റഷ്യ നേരത്തേ തന്നെ ബ്രിട്ടന്റെ ആരോപണങ്ങൾ തള്ളിയിരുന്നു. ആക്രമണത്തിൽ റഷ്യക്ക് പങ്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ തെളിവ് സഹിതം ബ്രിട്ടൻ റഷ്യക്കെതിരെ എത്തിയത് സഖ്യ രാഷ്ട്രങ്ങളും പിന്തുണച്ചിരുന്നു. എന്നാൽ 2017ൽ മുൻ റഷ്യൻ ചാരനായ അലക്‌സാണ്ടർ ലിറ്റവനെങ്കോവിനെ റേഡിയോ ആക്റ്റീവ് പൊളോണിയം ഉപയോഗിച്ച് ബ്രിട്ടനിൽ കൊലപ്പെടുത്തിയ പ്രതികളെ വിട്ടുനൽകാൻ ആവശ്യപ്പെട്ട് നൽകിയ അപേക്ഷ റഷ്യ നിരസിച്ചിരുന്നു. അതുകൊണ്ട് തന്നെ വീണ്ടും റഷ്യയുടെ ഭാഗത്ത് നിന്ന് നിസ്സഹകരണം ഉണ്ടാകുകയാണെങ്കിൽ സ്ഥിഗതികൾ കൂടുതൽ വഷളാകുമെന്നാണ് റിപ്പോർട്ടുകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more