1 GBP = 104.00
breaking news

അതിരാണിപ്പാടത്തിൻ്റെ കഥാകാരൻ എസ് കെ പൊറ്റെക്കാട്ട് ഓർമ്മയായിട്ട് 39 വർഷം – ലേഖനം – റജി നന്തികാട്ട്

അതിരാണിപ്പാടത്തിൻ്റെ കഥാകാരൻ എസ് കെ പൊറ്റെക്കാട്ട് ഓർമ്മയായിട്ട് 39 വർഷം – ലേഖനം – റജി നന്തികാട്ട്

നമ്മുടെ സ്വീകരണമുറികളിൽ ടിവി സ്ഥാനം പിടിക്കുന്നതിനും ഇന്റർനെറ്റിന്റെ ആവിർഭാവത്തിനും മുൻപ് എന്തിന് അധികം ലോക രാജ്യങ്ങളുടെ അതിർത്തികൾ അടയാളപ്പെടുത്തിയ മാപ്പ് പോലും ലഭ്യം ആകാതിരുന്ന കാലത്ത് ഒരാൾ അതും കപ്പലിൽ ലോക രാജ്യങ്ങൾ കാണാനും അവിടങ്ങളിലെ   ജനങ്ങളോട് ചേർന്ന് അവരിലൊരാളെ പോലെ ജീവിതം മനസിലാക്കാനും പഠിക്കാനും ശ്രമിച്ചു. അങ്ങനെ താൻ കണ്ടതും അനുഭവിച്ചതുമായ വിവരങ്ങൾ സുന്ദരമായ ഭാഷയിൽ മലയാളത്തിന് നൽകിയ എസ് കെ പൊറ്റെക്കാട്ട് വിട പറഞ്ഞിട്ട് 39 വർഷം. 

എസ് കെ പൊറ്റെക്കാട്ടിന്റെ കർമ്മ മണ്ഡലം വിപുലമായിരുന്നു. അദ്ധ്യാപകനായും രാഷ്ട്രീയക്കാരനായും കഥാകൃത്തായും ഏറെ പ്രസിദ്ധി നേടിയെങ്കിലും മലയാളികൾക്ക് ഏറെ ഇഷ്ടം അദ്ദേഹത്തിലെ സഞ്ചാരിയെ ആയിരുന്നു. യാത്രക്ക് വേണ്ടി മാത്രം യാത്ര നടത്തുകയും യാത്രയിലെ അനുഭവങ്ങൾ അവിടുത്തെ കാഴ്ചകളോട് ചേർത്ത് സ്വന്തം ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തി എഴുതുന്നതാണ് യഥാർഥ യാത്രാവിവരണം എന്ന് അദ്ദേഹം വിശ്വസിച്ചു. അങ്ങനെ ഒരു യാത്രാ വിവരണത്തിന്റെ അനുഭവ പ്രത്യക്ഷം മലയാളിക്ക് ലഭിച്ചത് എസ് കെ പൊറ്റെക്കാട്ടിന്റെ യാത്രാക്കുറിപ്പുകളിലൂടെയാണ്‌. അദ്ദേഹത്തിന്റെ യാത്രാക്കുറിപ്പുകളിലെ ഈ അനുഭവ ധന്യതയാണ് വായനക്കാരനെ അദ്ദേഹത്തിന്റെ രചനകൾ വീണ്ടും വീണ്ടും വായിക്കുവാൻ പ്രചോദിപ്പിക്കുന്നതും അവനെയും ഒരു സഞ്ചാരി ആക്കുവാനും കാരണമാകുന്നത്. 

1913 മാർച്ച് 14 കോഴിക്കോട് ജനിച്ചു. അച്ഛൻ കുഞ്ഞിരാമൻ പൊറ്റെക്കാട്ട് ഒരു ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. അമ്മ കിട്ടൂലി. കോഴിക്കോട് ചാലപ്പുറം ഗണപത് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി കോളേജിൽ നിന്നും ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തിവിദ്യാലയത്തിൽ 1937-1939 വർഷങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളിൽ താല്പര്യം ജനിച്ചത്. 1939ൽ ത്രിപുരയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കുവാൻ ജോലി രാജി  വെച്ചു.  സമ്മേളനത്തിൽ പങ്കെടുത്തത്തിന് ശേഷം ബോംബയ്ക്ക് പോയി. ആ  യാത്രയിൽ നിന്നാണ് പിൽക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്. കുറച്ചു കാലം ബോംബേയിൽ പല ജോലികൾ  ചെയ്തു. ആദ്യമായി കാശ്മീരിലേക്കാണ് യാത്രപോയത്.   ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. 1949ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്.

യാത്രാവിവരണങ്ങൾ എഴുതുന്നതിന് മുൻപ് തന്നെ സാഹിത്യ രചനകൾ പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. പതിനഞ്ചാം വയസ്സിൽ  കോഴിക്കോട് സാമൂതിരി കോളേജ് മാഗസിനിൽ വന്ന ‘രാജനീതി’  ആയിരുന്നു  ആദ്യം പ്രസിദ്ധീകരിച്ച കഥ. 1929-ൽ കോഴിക്കോട്ടുനിന്നുള്ള ആത്മവിദ്യാകാഹളത്തിൽ ‘മകനെ കൊന്ന മദ്യം’ എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തി. 1931-ൽ എറണാകുളത്തുനിന്നു മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ദീപം എന്ന മാസികയിൽ ‘ഹിന്ദു മുസ്ലിം മൈത്രി’ എന്ന കഥയും പുറത്തു വന്നു. ഇരുപത്തിയൊന്നാം വയസ്സിൽ എഴുതിയ ‘വൈദ്യുതിശക്തി’  എന്ന കഥ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽപ്രസിദ്ധീകരിച്ചു.  തുടർന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ തുടർച്ചയായി കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങി. 1939-ൽ ബോംബേയിൽ വച്ചാണ് ആദ്യത്തെ നോവൽ ‘നാടൻപ്രേമം’ എഴുതുന്നത്. കാല്പനികഭംഗിയാർന്ന ഈ രചന ഇദ്ദേഹത്തിന് മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം സ്ഥാനം നേടിക്കൊടുത്തു.1940ൽ മലബാറിലേക്കുള്ള തിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന്റെ കഥ പറയുന്ന ‘വിഷകന്യക’ പ്രസിദ്ധീകരിച്ചു. മദിരാശി സർക്കാരിന്റെ പുരസ്കാരം ഈ നോവലിന് ലഭിച്ചു. കോഴിക്കോട് മിഠായി  തെരുവിൻറെ കഥ പറഞ്ഞ ‘ഒരു തെരുവിന്റെ കഥ’ യ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (1962), അതിരാണി പാടത്തിന്റെ കഥ പറഞ്ഞ ‘ഒരു ദേശത്തിൻറെ കഥ’  യ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും (1973), സാഹിത്യപ്രവർത്തക സഹകരണ സംഘം അവാർഡും (1977), ജ്ഞാനപീഠ പുരസ്കാരവും (1980) ലഭിച്ചു.   പത്തു നോവലുകളും മുപ്പത് ചെറുകഥാ സമാഹാരങ്ങളും  ഇരുപത് യാത്രാവിവരണങ്ങളും    കൂടാതെ അദ്ദേഹത്തിന്റെ ആത്മകഥ ‘എന്റെ  വഴിയമ്പലങ്ങൾ’ എന്ന കൃതിയും നർമ്മ ലേഖനങ്ങളുടെ സമാഹാരങ്ങളായ ‘പൊന്തക്കാടുകൾ’, ‘ഗദ്യമേഖല’ എന്നീ കൃതികളും അദ്ദേഹം കൈരളിക്ക് സംഭാവന ചെയ്തു.  
എസ് കെ പൊറ്റേക്കാടിൻറെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ളീഷ് റഷ്യൻ ഇറ്റാലിയൻ ജർമ്മൻ എന്നീ വിദേശ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ദേശത്തിൻറെ കഥ എന്ന നോവലിൻറെ ഇംഗ്ളീഷ് വിവർത്തനം Tales of Athiranippadam എന്ന പേരിൽ Orient Black Swan പുറത്തിറക്കിയിട്ടുണ്ട്. ചില ചെറുകഥകളുടെ  വിവർത്തനം The story of the time piece എന്ന പേരിൽ  നിയോഗി ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ അമ്പതോളം കൃതികൾ സുബ്ബയ്യ രാജശേഖർ ( സുര) തമിഴിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നാടൻ പ്രേമം, മൂടുപടം,പുള്ളി മാൻ,ഞാവൽപ്പഴങ്ങൾ എന്നീ കൃതികൾ സിനിമയാക്കിയിട്ടുണ്ട്.

രാഷ്ട്രീയത്തിലും അദ്ദേഹം താൽപ്പര്യം കാണിച്ചിരുന്നു. സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. 1957ൽ തലശ്ശേരിയിൽ നിന്നും ലോകസഭയിലേക്കു മൽസരിച്ചെങ്കിലും 1000 വോട്ടിനു പരാജയപ്പെട്ടു. പിന്നീട് 1962ൽ തലശ്ശേരിയിൽ നിന്നു തന്നെ സുകുമാർ അഴീക്കോടിനെ 66,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി ലോകസഭയിലേക്കു പൊറ്റെക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലെത്തിയ അപൂർവ്വം സാഹിത്യകാരന്മാരിൽ ഒരാളായിരുന്നു പൊറ്റെക്കാട്ട്.  

മാഹി സ്വദേശിനി ആയ  ജയവല്ലിയായിരുന്നു പൊറ്റെക്കാട്ടിന്റെ ഭാര്യ. 1950-ലായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ ഇവർക്ക് നാലുമക്കളുണ്ടായി – രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും. 1980-ലുണ്ടായ ജയവല്ലിയുടെ മരണം പൊറ്റെക്കാട്ടിനെ തളർത്തി. കടുത്ത പ്രമേഹബാധിതൻ കൂടിയായിരുന്ന അദ്ദേഹം, മസ്തിഷ്കാഘാതത്തെത്തുടർന്ന് 1982 ഓഗസ്റ്റ് 6-ന് കോഴിക്കോട്ടുവച്ച് അന്തരിച്ചു. 69 വയസ്സായിരുന്നു . മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more