1 GBP = 103.89

ഒടുവില്‍ കാത്തിരിപ്പിനു അറുതിയായി ; ശിവപ്രസാദിന്റെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടര്‍ ഏറ്റെടുത്തു , ചൊവ്വാഴ്ച രാത്രി നാട്ടിലേക്കു, നടപടിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് ഹിന്ദു സമാജങ്ങളുടെ കൂട്ടായ്മ

ഒടുവില്‍ കാത്തിരിപ്പിനു അറുതിയായി ; ശിവപ്രസാദിന്റെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടര്‍ ഏറ്റെടുത്തു , ചൊവ്വാഴ്ച രാത്രി നാട്ടിലേക്കു, നടപടിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് ഹിന്ദു സമാജങ്ങളുടെ കൂട്ടായ്മ

ലണ്ടന്‍ : മൂന്നാഴ്ചയോളം എത്തിയ കാത്തിരിപ്പിനു ഒടുവില്‍ അറുതിയാകുന്നു . ഡിസംബര്‍ അവസാന വാരം മരണമടഞ്ഞു എന്ന് കരുതപ്പെടുന്ന തിരുവനന്തപുരം സ്വദേശി ശിവപ്രസാദിന്റെ മൃദദേഹം ഇന്നലെ ഫ്യൂണറല്‍ ഡയറക്ടര്‍ ഏറ്റെടുത്തു . അകാരണമായ സാങ്കേതിക തടസ്സങ്ങളില്‍ പെട്ടതിനാല്‍ കഴിഞ്ഞ ഒരാഴ്ചയായി മൃതദേഹം നാട്ടില്‍ എന്ന് എത്തിക്കാന്‍ കഴിയും എന്ന അനിശ്ചിത്വത്തം നിലനിന്നതോടെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി അടക്കമുള്ള ഏജന്‍സികള്‍ ശ്രമം ഉര്‍ജ്ജിതമാക്കിയതോടെയാണ് മൃതദേഹം നാട്ടില്‍ എത്താന്‍ ഉള്ള വഴി തുറക്കുന്നത്. അതേസമയം അനാഥമായി സ്വന്തം ഫ്‌ലാറ്റില്‍ കണ്ടെത്തിയ ശിവപ്രസാദിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് സംബന്ധിച്ച് മലയാളി സംഘടനകള്‍ ഇരുട്ടില്‍ തപ്പിയപ്പോള്‍ ഒടുവില്‍ കുടുംബത്തിന് തണലായി മാറുന്നത് യുകെയിലെ ഏതാനും മനുഷ്യ സ്‌നേഹികളും വിവിധ ഹൈന്ദവ സംഘടനകളുമാണ്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ തുണയാകും എന്ന് കരുതി രൂപം നല്‍കിയ പല സംഘടനകളും പോലും നോക്കുകുത്തിയായ സാഹചര്യം യുകെ മലയാളികളുടെ സാമൂഹ്യ അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെടാന്‍ കാരണമായി മാറിയിരുന്നു .

നിലവില്‍ ലഭ്യമായ വിവരം അനുസരിച്ചു ചൊവാഴ്ച രാത്രി ഹീത്രോ എയര്‍പോര്‍ട്ടില്‍ നിന്നും എമിറേറ്റ്‌സ് വിമാനത്തില്‍ മൃതദേഹം അയക്കാന്‍ കഴിയും വിധമാണ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. ഇതിനായി ഇന്ന് ലണ്ടന്‍ എംബസിയില്‍ നിന്നും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും എന്ന പ്രതീക്ഷയാണ് മൃതദേഹം ഏറ്റെടുത്ത സൗത്താല്‍ ഫ്യൂണറല്‍ ഡയറക്ടര്‍ ഏജന്‍സി അറിയിച്ചത്. ലണ്ടന്‍ എംബസി സീനിയര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ടി ഹരിദാസ് , ഓള്‍ യുകെ ഹിന്ദുസമാജം കൗണ്‍സിലിന് വേണ്ടി കെന്റ് ഹിന്ദു സമാജം ജനറല്‍ സെക്രട്ടറി വിജയ് , ശിവപ്രസാദിന്റെ കുടുംബ സുഹൃത്തായ ന്യൂകാസില്‍ സ്വദേശി രാജേഷ് എന്നിവരാണ് ഒരു നിമിഷം പോലും വൈകാതെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമങ്ങള്‍ക്ക് കഠിന പ്രയത്‌നം നടത്തുന്നത് .

അതിനിടെ ആകസ്മിക മരണം എത്തിയതോടെ നിരാലംബയായ ശിവപ്രസാദിന്റെ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും പ്രായമായ അച്ഛനും അമ്മയ്ക്കും തണലേകാന്‍ നിരവധി മനുഷ്യ സ്‌നേഹികളും രംഗത്ത് എത്തിയിരുന്നു. ഇക്കാര്യത്തിനായി സ്വരൂപിച്ച ധനസഹായം ഉടന്‍ നാട്ടിലെത്തിക്കാന്‍ ഉള്ള ശ്രമവും നടന്നു വരുന്നു. മറ്റൊരു ഭാഗത്തു ശിവപ്രസാദിന്റെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച നടപടിക്രമങ്ങള്‍ , അദ്ദേഹം താമസിച്ചിരുന്ന മുറിയിലെ പ്രധാനപ്പെട്ട രേഖകളും കുടുംബത്തിന് അവകാശപ്പെട്ട മറ്റു സാധന സാമഗികളും ഒക്കെ നാട്ടില്‍ എത്തിക്കുന്നതിനായി സാമൂഹ്യ പ്രവര്‍ത്തകന്‍ സുഗതന്‍ തെക്കേപ്പുരയുടെ നേതൃത്വത്തില്‍ മറ്റൊരു വിഭാഗം ആളുകളും ശ്രമം നടത്തുന്നുണ്ട് . ഒറ്റപ്പെട്ട വ്യക്തികള്‍ ചേര്‍ന്ന് നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി ഒരു കുടുംബത്തിന്റെ കണ്ണീരിനു ശമനം ലഭിക്കുന്ന കാഴ്ചയാണ് ശിവപ്രസാദിന്റെ മരണത്തിനു ശേഷം യുകെ മലയാളികള്‍ ദര്‍ശിക്കുന്നത്. ആരുമില്ലാതായിപ്പോയ തങ്ങള്‍ക്കു ഈ പ്രതിസന്ധി സമയത്തു സഹായവുമായി മുന്നിട്ടു വന്ന ഓരോ വ്യക്തികള്‍ക്കും ശിവയുടെ ഓര്‍മ്മകള്‍ ചേര്‍ത്ത് വച്ച് നന്ദി അറിയിക്കുക ആണെന്ന് തിരുവനന്തപുരത്തു നിന്നും അദ്ദേഹത്തിന്റെ പത്‌നി അറിയിച്ചു . നാട്ടില്‍ എത്തുന്ന മൃതദേഹം ആചാര വിധികളോടെ തറവാട് സ്ഥിതിചെയ്യുന്ന മാര്‍ത്താണ്ഡത് ആയിരിക്കും സംസ്‌ക്കരിക്കുക എന്നും കുടുംബ വൃത്തങ്ങള്‍ അറിയിച്ചു . .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more