1 GBP = 103.87

ഞങ്ങള്‍ ഒരേ തൂവല്‍ പക്ഷികള്‍; വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് സിന്ധു ജോയി

ഞങ്ങള്‍ ഒരേ തൂവല്‍ പക്ഷികള്‍; വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് സിന്ധു ജോയി

ഏറ്റവും അടുത്ത സുഹൃത്തിനെ വിവാഹം കഴിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് എസ്എഫ്‌ഐയുടെ ഒരു കാലത്തെ തീപ്പൊരി നേതാവായിരുന്ന സിന്ധു ജോയ്. അല്‍പ്പം വൈകിയാണെങ്കിലും അടുത്ത് അറിയാവുന്ന ഒരാളെ വിവാഹം കഴിക്കുന്നതിന്റെ സന്തോഷം കഴിഞ്ഞദിവസം സിന്ധു ജോയ് മനോരമ ഓണ്‍ലൈനിലൂടെ പങ്കുവച്ചു. ഇംഗ്ലണ്ടില്‍ ബിസിനസ്സ് നടത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ശാന്തിമോന്‍ ജേക്കബ്ബ് ആണ് സിന്ധുവിന്റെ വരന്‍. എറണാകുളം സെന്റ് ബസലിക്കയില്‍ വച്ച് ഇന്ന് ഇരുവരുടേയും വിവാഹ നിശ്ചയം നടക്കും. വരുന്ന 27 നാണ് വിവാഹം.

വിവാഹം കഴിക്കുന്നത് എല്ലാമറിയാവുന്ന സുഹൃത്തിനെയാണ് എന്നതാണ് സിന്ധുവിനെ സംബന്ധിച്ച് ഏറെ സന്തോഷം. അതുകൊണ്ട് തന്നെ വിവാഹം ഒരു ടെന്‍ഷനും തരുന്നില്ലെന്നും സിന്ധു പറയുന്നു. ഒരുവര്‍ഷം മുന്‍പ് സഭയുടെ ഒരു പരിപാടിയില്‍ വച്ചാണ് പരസ്പരം തങ്ങള്‍ കണ്ടുമുട്ടിയതെന്നും സിന്ധു പറഞ്ഞു. അന്ന് തുടങ്ങിയ സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

ഒരു തരത്തില്‍ പറഞ്ഞാല്‍ തങ്ങള്‍ ഒരേ തൂവല്‍പക്ഷികളാണ് എന്ന് സിന്ധു ജോയ് പറയുന്നു. അദ്ദേഹം ആദ്യം ഒരു വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഭാര്യ പെട്ടൊന്നൊരു ദിവസം പള്ളിയില്‍ വച്ച് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹം ഒരു പുസ്തകം എഴുതിയിരുന്നു. അത് വായിച്ചതോടെ എനിക്കൊരു അടുപ്പം തോന്നിയിരുന്നു. അമ്മയുടെ മരണം എനിക്ക് സമ്മാനിച്ച നഷ്ടത്തെ കുറിച്ച് ഞാനെഴുതിയ അനുസ്മരണം അദ്ദേഹവും വായിച്ചിരുന്നു. സത്യത്തില്‍ ഏകാന്തത അനുഭവിക്കുന്ന രണ്ട് പേര്‍ ഒന്നിക്കാന്‍ തീരുമാനിച്ചതാണ് ഈ വിവാഹമെന്ന് സിന്ധു ഓര്‍ക്കുന്നു.
മൂന്ന് മാസം മുന്‍പ് അദ്ദേഹമാണ് ആദ്യമായി പ്രൊപ്പോസ് ചെയ്തത്. ആദ്യം ഒരു ഞെട്ടലായിരുന്നു. പിന്നെ ആലോചിച്ചപ്പോള്‍ തോന്നി ഒരുപാട് അറിയാവുന്ന നല്ല സുഹൃത്തിനെ തന്നെ ജീവിത പങ്കാളിയാക്കാം എന്ന്. അത്രത്തോളം ഞങ്ങള്‍ പരസ്പരം മനസ്സിലാക്കിയിരുന്നു. വീട്ടുകാരോടും സഭാനേതൃത്വത്തോടും ഒക്കെ ആലോചിച്ചാണ് വിവാഹം തീരുമാനിക്കുന്നത്. എല്ലാവര്‍ക്കും സന്തോഷമായിരുന്നു. അദ്ദേഹം നാട്ടിലെത്തിയ സമയം ആയതിനാല്‍ പെട്ടന്ന് വിവാഹവും തീരുമാനിക്കുകയായിരുന്നു.

എറണാകുളം സെന്റ് ബെസലിക്കയില്‍ വച്ച് ഇന്ന് മനസ്സമ്മതം നടക്കും. 27 ന് അവിടെ വച്ച് തന്നെയാണ് വിവാഹവും. തീര്‍ത്തും ലളിതമായ ചടങ്ങുകള്‍. ഉറ്റസുഹൃത്തുക്കളും ബന്ധുക്കളുമാകും വിവാഹത്തിലുണ്ടാവുക. വിവാഹചെലവുകള്‍ സാമൂഹിക സേവനങ്ങള്‍ക്കോ ധനസഹായങ്ങള്‍ക്കോ നീക്കിവെയ്ക്കാനും ആഗ്രഹമുണ്ട്.

വിവാഹത്തെ കുറിച്ച് പ്രത്യേക സങ്കല്‍പ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സിന്ധു പറയുന്നു.രണ്ട് വര്‍ഷമായി വിവാഹാലോചനകള്‍ വരുന്നുണ്ട്. വരുന്നവര്‍ക്കെല്ലാം ഒട്ടേറെ നിബന്ധനകളാണ് ഉള്ളത്. അത്തരക്കാരോട് ഒത്തുപോകാന്‍ പറ്റാത്തതിനാല്‍ വിവാഹം നീണ്ടുപോവുകയായിരുന്നു. എന്റെ വ്യക്തിത്വത്തിനും സ്വാതന്ത്ര്യത്തിനും കടിഞ്ഞാണിടാന്‍ ശ്രമിക്കാത്ത സാധുവായ ഒരു വ്യക്തിയാണ് അദ്ദേഹം.

വിവാഹശേഷം അദ്ദേഹത്തിനൊപ്പം ലണ്ടനിലേക്ക് പോകും. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്ന ്കരുതി പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറയാനാകില്ല. ലണ്ടനില്‍ പോയാലും രാഷ്ട്രീയമായ കാര്യങ്ങള്‍ അറിയുകയും അവയെ കുറിച്ച് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യും. പൂര്‍ണ്ണമായി ഒരു പറിച്ചുനടല്‍ സാധ്യമല്ല. വിവാഹതയായെന്ന്കരുതി രാഷ്ട്രീയത്തോട് ഗുഡ്‌ബൈ പറയുകയാണെന്നും കരുതരുതെന്ന് സിന്ധു പറയുന്നു.

വിവാഹത്തെ കുറിച്ച് അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അറിയാമായിരുന്നു. അല്ലാത്തവര്‍ക്കാണ് ഇതൊരു സര്‍പ്രൈസ് ആയത്. അദ്ദേഹം ശാന്ത സ്വഭാവക്കാരനായ മനുഷ്യനാണ്. ഞാന്‍ അല്‍പ്പം വായാടിയും. വിവാഹത്തെ കുറിച്ച് അറിഞ്ഞ കുറച്ച് പേര്‍ പറഞ്ഞത് ഈ കോമ്പിനേഷന്‍ വളരെ രസകരമായിരിക്കുമെന്നാണ്. ജീവിതത്തിലെ വളരെ സുപ്രധാനമായ ഒരു തീരുമാനത്തിലേക്ക് കടക്കുമ്പോള്‍ വായനക്കാരുടെ അനുഗ്രഹം കൂടി തേടിയാണ് സിന്ധു പറഞ്ഞ് നിര്‍ത്തിയത്.

കടപ്പാട്: മനോരമ ഓണ്‍ലൈന്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more