1 GBP = 103.16

സോഷ്യൽ വർക്കർ പ്രൊഫഷണലുകൾക്ക് പ്രചോദനമാകുവാൻ ഓക്സ്ഫോർഡിലെ സിജോ മാത്യുവിൻ്റെ വിജയഗാഥ….

സോഷ്യൽ വർക്കർ പ്രൊഫഷണലുകൾക്ക് പ്രചോദനമാകുവാൻ  ഓക്സ്ഫോർഡിലെ സിജോ മാത്യുവിൻ്റെ വിജയഗാഥ….

വെല്ലുവിളികൾ നിറഞ്ഞതും എന്നാൽ ഫലപ്രദവുമായ ഒരു കരിയർ ലക്ഷ്യം വയ്ക്കുന്ന മലയാളികളായ സോഷ്യൽ വർക്ക് പ്രൊഫഷണലുകൾക്ക് പ്രചോദനം ആവുകയാണ് ഓക്സ്ഫോർഡ്ഷെയർ കൗണ്ടി കൗൺസിലിൽ മെൻറൽ ഹെൽത്ത് സർവീസസിൻ്റെ മാനേജറും അപ്രൂവ്ഡ് മെൻ്റൽ ഹെൽത്ത് പ്രെഫഷണലുമായ(AMHP) സിജോ മാത്യു എന്ന കോതമംഗലംകാരൻ്റെ വിജയഗാഥ.

ഒരാളുടെ  മാനസിക ആരോഗ്യം പ്രതിസന്ധിയിൽ ആവുന്ന അവസരങ്ങളിൽ അവർക്ക് സ്പെഷ്യലിസ്റ്റ് സേവനങ്ങൾ ഉറപ്പാക്കുന്ന സിജോ ഈ മാസം ഓക്സ്ഫോർഡ്ഷെയർ കൗണ്ടി കൗൺസിലിൽ ആരംഭിച്ച കാമ്പയിൻ്റെ മുഖങ്ങളിലൊന്നാണ്.

2014ൽ ഓക്സ്ഫോർഡ്ഷെയറിൽ എൻ.എച്ച്.എസിൽ തുടങ്ങിയതാണ് സിജോയുടെ ഈ മേഖലയിലെ സേവനം.  ഇത് സാധാരണ സാമൂഹിക പരിപാലന ജോലിയല്ല. ഓരോ രോഗിയുടേയും സിവിൽ, മനുഷ്യാവകാശങ്ങൾ സന്തുലിതമാക്കണം. അതേ സമയം അവരുടെ മാനസികാരോഗ്യം പ്രതിസന്ധിയിലാണെങ്കിലും അവരെ പിന്തുണയ്ക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിയന്ത്രണം പരിഗണിക്കുക.

ഒരു വ്യക്തിയുടെ മാനവികാരോഗ്യം തകരാറിലാകുമ്പോൾ അവർക്ക് വിദഗ്‌ദ സേവനങ്ങൾ കൊടുക്കുന്നതിൽ സിജോ മുൻപന്തിയിലാണ്. ചിലപ്പോൾ വ്യക്തികൾക്ക് മെൻറൽ ഹെൽത്ത് ആക്ട് 1983 പ്രകാരം  നിർബന്ധിത ആശുപത്രി പ്രവേശനം വേണ്ടി വന്നേക്കാം. ഇങ്ങനെയുള്ള രോഗികളുടെ ജീവിതത്തിൽ ഇടപെടേണ്ട നിമിഷങ്ങളിൽ സിജോ തൻ്റെ അറിവും ഈ മേഖലയിൽ പ്രവർത്തിച്ച വൈദഗ്ദ്യവും ഉപയോഗിക്കുന്നു.

രോഗികളെയും പൊതുജനങ്ങളേയും സംരക്ഷിക്കുന്നതാണ് സിജോയെന്ന സോഷ്യൽ വർക്കറുടെ സുപ്രധാനമായ കടമ.  ഈ പ്രക്രിയയിൽ വ്യക്തിയെ രണ്ട് സൈക്യാട്രിസ്റ്റുമാരുടെ സഹായത്തോടെ വിലയിരുത്തുകയും നിർബന്ധിത ആശുപത്രി പ്രവേശനം അനിവാര്യമെങ്കിൽ അതിനുള്ള നടപടിക്രമങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ പൂർത്തീകരിക്കുകയും ചെയ്യും.

അപ്രൂവ്ഡ് മെൻ്റൽ ഹെൽത്ത് പ്രൊഫഷണൽ അവുകയെന്നത് നിലവിൽ സോഷ്യൽ വർക്കർ ആയോ മെൻറൻ ഹെൽത്ത് നഴ്സ് ആയോ സൈക്കോളജിസ്റ്റ് ആയോ പ്രവർത്തിക്കുന്ന പ്രൊഫഷനലുകൾക്ക്  ആറ് മാസത്തെ വിദഗ്ദ പരിശീലനം കൊണ്ട് നേടിയെടുക്കാവുന്ന തസ്തിക / അംഗീകാരം ആണ്. കോഴ്‌സുകൾ ഓരോരുത്തരും താമസിക്കുന്ന കൗൺസിലുകൾ വഴി മാത്രമേ ഒരു വ്യക്തിക്ക് നേടിയെടുക്കാൻ കഴിയുകയുള്ളൂ.

മെൻറൽ ഹെൽത്ത് സർവ്വീസ് മാനേജർ എന്ന ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്ന സിജോ പറയുന്നു; “ഞാൻ തിരിഞ്ഞ് നോക്കിയില്ല. അനുദിനം ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇടപെടാൻ ഞാൻ ക്ഷണിക്കപ്പെട്ടേക്കാം എന്നതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. ഓരോ ദിവസവും  ഔദ്യേഗിക കൃത്യനിർവ്വഹണത്തിലൂടെ ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കാനായി എന്ന ചാരിതാർത്ഥ്യമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് “

ഇന്ത്യയിൽ നിന്നും സോഷ്യൽ വർക്കർ (MSW) ബിരുദവും ബിരുദാനന്തര ബിരുദവും നേടി നിലവിൽ ജോലിക്ക് ശ്രമിക്കുന്നവർക്ക് സിജോയുടെ കരിയർ ഒരു മാതൃകയാണ്. സോഷ്യൽ വർക്ക് ഇംഗ്ലണ്ടിൻ്റെ രജിസ്ട്രേഷൻ കരസ്ഥമാക്കുകയാണ് ഈ  യാത്രയിലെ ആദ്യ ചുവട് വയ്പ്. നാട്ടിലെ പ്രവർത്തിപരിചയവും ഇവിടുത്തെ ആതുര രംഗത്തെ (Care sector) സേവനവും തുടർവിദ്യാഭ്യാസവും എല്ലാം സോഷ്യൽ വർക്ക് ഇംഗ്ലണ്ടിൻ്റെ രജിസ്ട്രേഷന് സഹായകമാണ്.

കോതമംഗലം കുത്തുകുഴി നെടുംപുറത്ത് എൻ.ഡി.മാത്യുവിൻ്റെയും ഇലഞ്ഞി കുരീത്തടം ലില്ലി മാത്യുവിൻ്റെയും മകനാണ് സിജോ. ഭാര്യ സുമി സിജോ ചങ്ങനാശ്ശേരി മാമൂട്ടിൽ കുടുംബാംഗമാണ്. ഓക്സ്ഫോർഡിൽ സോഷ്യൽ വർക്കറായി ജോലി ചെയ്യുന്നു.  സെയ്റാ സിജോ, ആര്യൻ സിജോ എന്നിവരാണ് മക്കൾ.

ഈ മേഖലയിൽ തല്പരരായ വ്യക്തികൾക്ക് മാർഗ്ഗ നിർദ്ദേശം നൽകാൻ സിജോ സന്നദ്ധനാണ്. താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ സിജോയെ ബന്ധപ്പെടാവുന്നതാണ്.
സിജോ മാത്യു  – 07428738476

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more