1 GBP = 103.89

ന്യൂസിലന്റില്‍ കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി കുടുംബത്തിന്റെ പരിശോധനാ ഫലം പുറത്തുവന്നു

ന്യൂസിലന്റില്‍ കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി കുടുംബത്തിന്റെ പരിശോധനാ ഫലം പുറത്തുവന്നു

ന്യൂസിലന്റില്‍ കാട്ടുപന്നിയുടെ ഇറച്ചി കഴിച്ചതിനെത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മലയാളി കുടുംബത്തിലെ മൂന്നുപേര്‍ക്കും മാരകമായ ബോട്ടുലിസം ബാധിച്ചിട്ടില്ലെന്ന് പരിശോധനാ ഫലം പുറത്തുവന്നു.

നില മെച്ചമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടെങ്കിലും ശരീരമാസകലം വിറയലുണ്ടാകുന്നതിനാല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ മൂന്നുപേര്‍ക്കും കഴിഞ്ഞിട്ടില്ല. ന്യൂസിലന്റിലെ ഹാമിൽട്ടണിൽ താമസിക്കുന്ന ഷിബു കൊച്ചുമ്മൻ, ഭാര്യ സുബി ബാബു, ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേൽ എന്നിവരെയാണ് നവംബർ 10 -നു ഭക്ഷ്യ വിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഷിബു വേട്ടയാടിക്കൊണ്ടുവന്ന കാട്ടുപന്നിയുടെ ഇറച്ചി കഴിച്ചതിന് പിന്നാലെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് മാരകമായ ബോട്ടുലിസം എന്ന രോഗാവസ്ഥയായിരിക്കാം എന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം നല്‍കിയ സൂചന. ഇവര്‍ കഴിച്ച കാട്ടുപന്നിയിറച്ചിയുടെ സാംപിളും മൂന്നുപേരുടെയും ശരീരദ്രവങ്ങളും വിദഗ്ധ പരിശോധനയ്ക്കായി ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്റിലേക്ക് അയച്ചിരുന്നു. ഈ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ബോട്ടുലിസത്തിന് കാരണമാകുന്ന ബാക്ടീരിയ ബാധ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കുന്നത്.

ബോട്ടുലിസത്തിനെതിരായ ആൻറി-ടോക്സിനുകളോട് ഇവരുടെ ശരീരം പ്രതികരിച്ച സാഹചര്യത്തിലായിരുന്നു അതായിരിക്കാം രോഗാവസ്ഥയെന്ന് ഡോക്ടര്‍മാര്‍ കരുതിയത്. അപകടനില തരണം ചെയ്ത ഷിബുവും കുടുംബവും ഡിസംബർ പകുതിയോടെ ആശുപതി വിട്ടു. ഷിബുവിന് നൽകിയ ഡിസ്‌ചാർജ് നോട്ടിലും ബോട്ടുലിസം ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ബോട്ടുലിസമല്ലെങ്കില്‍ മറ്റെന്താണ് ഇവരെ ബാധിച്ച രോഗാവസ്ഥ എന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ക്ക് ഇതുവരയെും കഴിഞ്ഞിട്ടില്ല.

കൃഷിയിടകളിലും മറ്റും ഉപദ്രവകാരിയാകുന്ന ജീവികളെ കൊല്ലാനായി ഉപയോഗിക്കുന്ന 1080 എന്ന വിഷവസ്തു ഉള്‍പ്പെടെയുള്ളവയാണോ കാരണം എന്നതിനെക്കുറിച്ച് സംശയമുണ്ടെന്ന് ഷിബുവിന്റെ സുഹൃത്ത് പറഞ്ഞു.

ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായതോടെയാണ് ഷിബുവിനെയും കുടുംബത്തെയും ആശുപത്രയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ഇവര്‍ വ്യക്തമായി സംസാരിക്കാനും പതിയെ നടക്കാനും തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ ശരീരമാസകലം പലപ്പോഴും വിറയല്‍ ബാധിക്കുന്നതിനാല്‍ ഇവര്‍ക്ക് ജോലി ചെയ്യാനും വാഹനം ഓടിക്കാനും ഉള്ള അനുവാദം നൽകിയിട്ടില്ല .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more