1 GBP = 104.26
breaking news

വീടിനു പുറത്തിറക്കി നിർത്തിയ മൂന്നുവയസുകാരി മലയാളി ബാലികയെ കാണാതായി

വീടിനു പുറത്തിറക്കി നിർത്തിയ മൂന്നുവയസുകാരി മലയാളി ബാലികയെ കാണാതായി

ടെക്‌സസ്∙ മൂന്നുവയസുകാരി മലയാളി ബാലിക ഷെറിനെ കാണാതായിട്ടു ദിവസങ്ങൾ പിന്നിടുമ്പോഴും കുട്ടിയെക്കുറിച്ച് സൂചനയോ തെളിവോ ലഭിച്ചിട്ടില്ല. പാലു കുടിക്കാത്തതിനുളള ശിക്ഷ എന്ന നിലയിൽ വീടിനു സമീപം പിന്നാമ്പുറത്തെ ഒരു വലിയ മരത്തിന്റെ കീഴിൽ നിര്‍ത്തുകയായിരുന്നുവെന്നു കുട്ടിയുടെ പിതാവ് വെസ്ലി മാത്യൂസ് പൊലീസിനോട് പറഞ്ഞു. 15 മിനിറ്റ് കഴിഞ്ഞു ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കാണാനില്ല.വീട്ടില്‍ നിന്ന് 100 അടി അകലെ മതിലിനു സമീപത്താണു മരം.

ചൈല്‍ഡ് എന്‍ഡെയ്‌ഞ്ചര്‍മെന്റ് വകുപ്പുപ്രകാരം കസ്റ്റഡിയിലെടുത്ത വെസ്ലിയെ (37) രണ്ടരലക്ഷം ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം, നാലു വയസുള്ള മൂത്ത കുട്ടിയെ ചൈൽഡ് പ്രൊട്ടക്ടിവ് സര്‍വീസ് ഏറ്റെടുത്തു ഫോസ്റ്റര്‍ കെയറിലേക്കു മാറ്റി. ചൈല്‍ഡ് പ്രൊട്ടക്ടിവ് സര്‍വീസ് നേരത്തെയും വീട്ടില്‍ വന്നിട്ടുണ്ടെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ വിസമ്മതിച്ചു

വെസ്ലിയുടെ ഭാര്യയെ ചൊദ്യം ചെയ്ത ശേഷം വിട്ടയച്ചു. അവര്‍ക്കെതിരെ ചാര്‍ജുകളൊന്നുമില്ല. ഷെറിൻ ഇവരുടെ ദത്തു പുത്തിയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് അവര്‍ക്കു കുട്ടി പിറന്നതെന്നു അയല്‍ക്കാരനെ ഉദ്ധരിച്ച് പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടി ജനിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ ഇന്ത്യയില്‍ പോയി ഷെറിനെ ദത്തെടുത്തു. ഒരു കുട്ടിയെ ദൈവം അദ്ഭുതകരമായി നല്‍കിയപ്പോള്‍ നന്ദി സൂചകമായി മറ്റൊരു കുട്ടിക്കു കൂടി ജീവിതം നല്‍കുന്നതിനാണ് ഇവർ ഷെറിനെ ദത്തെടുത്തത്. കുട്ടിക്ക് മാനസിക വളർച്ച കുറവ് ഉണ്ടായിരുന്നു.

എന്നാല്‍ മാനസിക വികാസം പ്രാപിക്കാത്ത കുട്ടിയാണെന്നു അറിയാതെയാണ് ഷെറിനെ ദത്തെടുത്തതെന്നു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആവശ്യത്തിനു പോഷകാഹാരം ലഭിക്കാതെ വളര്‍ച്ചയെ ബാധിച്ച നിലയിലാണു കുട്ടിയെ ദത്തെടുക്കുന്നതെന്നും അതിനാല്‍ രാത്രി ഉണര്‍ന്നു ഭക്ഷണം കഴിക്കുന്ന പതിവ് കുട്ടിക്കുണ്ടായിരുന്നുവെന്നു കുടുംബാംഗങ്ങള്‍ പൊലീസിനെ അറിയിച്ചു. കുട്ടിയെ കാണാതായിട്ടു മുന്നു ദിവസമായതോടെ പൊലീസ് അംബര്‍ അലര്‍ട്ട് പിന്‍വലിച്ചു. സൂചനകളോ തെളിവുകളോ ഒന്നും ലഭിക്കാത്ത സഹചര്യത്തിലാണിത്. ആവശ്യമെങ്കില്‍ വീണ്ടും അലര്‍ട്ട് പുറപ്പെടുവിക്കുമെന്നു പൊലീസ് പറയുന്നു. ഇപ്പോള്‍ ആരെയെങ്കിലും സംശയമോ ഏതെങ്കിലും വാഹനത്തെപറ്റി സൂചനയോ ഒന്നുമില്ലെന്നും അതിനാലാണു അലര്‍ട്ട് പിന്‍വലിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

കുട്ടിയെ പുലര്‍ച്ചെ മൂന്നേകാലിനു കാണാതായെങ്കിലും ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണു പൊലീസില്‍ പരാതിപ്പെടുന്നത്. ഈ കാലതാമസത്തിനു വ്യക്തമായ വിശദീകരണമില്ല. കുട്ടിയെ നിര്‍ത്തിയ മരത്തിന്റെ ചുവട്ടില്‍ മാത്യൂസിനെയും കൂട്ടി പൊലീസ് എത്തിയിരുന്നു.

ഇവരുടെ വീടിനടുത്തൊക്കെ ചെന്നായയെ (കൊയൊട്ടി) കാണാറുണ്ടെന്നു വെസ്ലി പൊലീസിനൊട് പറഞ്ഞു. എന്നാല്‍ കൊയോട്ടി മനുഷ്യരെ ഉപദ്രവിക്കുന്നത് വിരളമാണെന്നുഹുമെയ്ന്‍ സൊസൈറ്റി പറയുന്നു. കൊയോട്ടി കുട്ടിയെ വലിച്ചു കൊണ്ടു പോയതിനുസാധ്യതയില്ലെന്നും അധികൃതര്‍ പറയുന്നു അതു പോലെ കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതായും സൂചനയില്ലെന്നു പൊലീസ് പറയുന്നു. വീട്ടിലെ മൂന്നു വാഹനങ്ങള്‍, ഫോണ്‍, ലാപ്പ്‌ടോപ്പ് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more