1 GBP =
breaking news

ബിർമ്മിംഗ്‌ഹാം ചാമ്പ്യൻ, ലിവർപ്പൂൾ റണ്ണർ അപ്പ്‌; ചരിത്രം ആവർത്തിച്ച്‌ ഷെഫീൽഡ്‌ സ്‌ട്രൈക്കേഴ്‌സ് വോളിബോൾ ടൂർണ്ണമന്റ്‌. ..

ബിർമ്മിംഗ്‌ഹാം ചാമ്പ്യൻ, ലിവർപ്പൂൾ റണ്ണർ അപ്പ്‌; ചരിത്രം ആവർത്തിച്ച്‌ ഷെഫീൽഡ്‌ സ്‌ട്രൈക്കേഴ്‌സ് വോളിബോൾ ടൂർണ്ണമന്റ്‌. ..

വർഗീസ് ഡാനിയേൽ
ഷെഫീൽഡ്‌ ഇംഗ്ലീഷ്‌ ഇൻസ്റ്റിട്യൂട്ടിന്റെ വോളിബോൾ കോർട്ടിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട്‌ രണ്ടാമത്‌ യൂറോപ്പ്‌ വോളിബോൾ ടൂർണ്ണമെന്റ്‌ ഇന്നലെ രാവിലെ പത്തുമണിക്ക്‌ തുടങ്ങിയ മൽസരം വൈകിട്ട്‌ എട്ടുമണിക്ക്‌ അവസാനിച്ചപ്പോൾ ചരിത്രം ആവർത്തിച്ചു കൊണ്ട്‌ മുൻ വർഷത്തെ ജേതാക്കളായ കെ വി സി ബിർമ്മിംഗ്‌ഹാം “ജോസ്കോ ജ്യൂവലേഴ്സ്‌ കോട്ടയം” എവർ റോളിംഗ്‌ ട്രോഫിയിൽ മുത്തമിട്ടപ്പോൾ മുൻ വർഷത്തെ റണ്ണർ അപ്പായ ലിവർപ്പൂൾ വോളിബോൾ ക്ലബ്ബ്‌ ഇക്കുറിയും തൽസ്ഥാനം നില നിർത്തി. വിയന്നക്ക്‌ മൂന്നാം സ്ഥാനം കൊണ്ട്‌ തൃപ്തിപെടേണ്ടി വന്നു.

എസ്‌ കെ സി എ പ്രസിഡന്റ്‌ ശ്രീ. ബിജു മാത്യൂ സ്വാഗതം ആശംസിച്ച ശേഷം രാവിലെ പത്തുമണിക്ക്‌ ക്ലബ്ബിലെ ഏറ്റവും മുതിർന്ന അംഗമായ ശ്രീ. വിൻസന്റ്‌ വർഗ്ഗീസ്‌ തിരിതെളിച്ച്‌ ഉത്ഘാടനം നിർവ്വഹിച്ച മൽസരത്തിൽ എട്ടു ടീമുകൾ രണ്ടു വിഭാഗങ്ങളിലായി ഏറ്റുമുട്ടിയപ്പോൾ മൂന്ന് കളികൾ വീതം ജയിച്ച്‌ സെമിയിൽ പ്രവേശിച്ച വിയറ്റ്നാമും ബിർമ്മിംഗ്‌ഹാമും ഫൈനലിൽ എത്തുമെന്ന ഏവരുടേയും പ്രതീക്ഷയെ തകർത്തു കൊണ്ട്‌ വിയന്നക്കെതിരെ രണ്ടു സെറ്റ്‌ ജയം നേടി ഗ്രൂപ്പ്‌ ബിയിലെ തന്നെ ലിവർപ്പൂൾ ഫൈനലിൽ എത്തിയപ്പോൾ മൽസരത്തിന്റെ ആവേശം പതിന്മടങ്ങായി. ബിർമ്മിംഗ്‌ഹാമിനെ നയിച്ച ബിൻസു ജോണും ലിവർപ്പൂളിനെ നയിച്ച വാംസിയും പുതിയ തന്ത്രങ്ങൾ മെനഞ്ഞു കൊണ്ട്‌ ഇഞ്ചോടിഞ്ചു പോരാടിയപ്പോൾ കാണികൾ ആവേശഭരിതരായി. മറുപടിയില്ലാത്ത രണ്ടു സെറ്റുകൾക്ക്‌ വഴങ്ങി ലിവർപൂൾ അടിയറവുപറഞ്ഞു എങ്കിലും മാൻ ഓഫ്‌ ദ്‌ ടൂർണ്ണമന്റ്‌ അവാർഡ്‌ ജേതാവായ ലിവർപ്പൂളിന്റെ വാംസിയുടെ തകർപ്പൻ സ്മാഷുകൾക്ക്‌ മുന്നിൽ ബിർമ്മിംഗ്‌ഹാം പലപ്പോഴും പതറുന്നത്‌ കാണാമായിരുന്നു.

ആദ്യ സെമിയിലെ ആദ്യ മൽസരത്തിൽ കേംബ്രിഡ്ജ്‌ ബിർമ്മിംഗ്‌ഹാമിനെ അട്ടിമറിച്ചു എങ്കിലും തുടർന്നുള്ള രണ്ടു സെറ്റുകളും ബിർമ്മിംഗ്‌ഹാം ജയം നേടി. കളിക്കളത്തിൽ രണ്ടു വൈദീകരും തങ്ങളുടെ കായിക ശേഷി പരീക്ഷിക്കുവാൻ എത്തിയിരുന്നു. ലിവർപ്പൂൾ ടീമംഗമായിരുന്ന ഫാ. റോയി, കാർഡിഫ് ടീമംഗമായ ഫാ. ആംബ്രോസ്‌ എന്നിവരായിരുന്നു ആ വൈദീകർ.

മുൻ കസ്റ്റംസ്‌ ടീമംഗവും തൊടുപുഴ ന്യൂമാൻ കോളേജ്‌ വോളിബോൾ ടീം ക്യാപ്റ്റനുമായിരുന്ന ജോസ്‌ പരപ്പനാട്ട്‌ ആയിരുന്നു മെയിൻ റഫറി. തികച്ചും കുറ്റമറ്റ രീതിയിൽ കളി നിയന്ത്രിച്ച അദ്ദേഹം ഈ ടൂർണ്ണമെന്റിന്റെ മികച്ച സംഘാടനത്തെ അഭിനന്ദിച്ചു. വിജയികളായ ബിർമ്മിംഗ്‌ഹാം ലിവർപ്പൂൾ വിയന്ന ടീം ക്യാപറ്റന്മാരും പരാതിക്കിട നൽകാതെ നടത്തിയ സംഘാടന മികവിനെ അഭിനന്ദിച്ചു സംസാരിച്ചു. അലൈഡ്‌ ഫൈനാൻസിയേഴ്സും നീലഗ്ഗിരി റെസ്റ്റോറന്റും സ്പോൺസേഴ്‌സ് ആയിരുന്ന ടൂർണ്ണമെന്റിന്റെ ധനശേഖരണാർത്ഥം നടത്തിയ റാഫിൽ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഡിനു വിൻസന്റിനും രണ്ടാം സമ്മാനം ഫാ. റോയിക്കും മൂന്നാം സമ്മാനം സ്റ്റാബിനും ലഭിച്ചു. വിജയികൾക്കുള്ള സമ്മാനദാനം റവ. ഫാദർ സന്തോഷ്‌ വാഴപള്ളിയും കളിക്കളത്തിൽ പോരാടിയ വൈദീകരും ചേർന്ന് നിർവ്വഹിച്ചു.
മൽസരത്തിൽ പങ്കെടുത്ത എല്ലാ ടീമംഗങ്ങൾക്കും സഹായ സഹകരണങ്ങൾ നൽകിയ എല്ലാവർക്കും, മൽസരം കാണാനെത്തിയവർക്കും, ക്ലബിന്റെ ഭാരവാഹികളായ ശ്രീ ഡോണി സ്കറിയ, ശ്രീ ജോജി ജോസഫ്‌, ശ്രീ വിൻസന്റ്‌ വർഗ്ഗീസ്‌ എന്നിവർ നന്ദി പ്രകാശിപ്പിച്ചു.Post Your Comments Here ( Click here for malayalam )

Press Esc to close
show more