1 GBP = 103.65
breaking news

ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തിരുവല്ല കടപ്ര വലിയപറമ്പില്‍ തൈക്കടവില്‍ ഷോണ്‍ എബ്രഹാം (21) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫോമയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ കടപ്ര വളഞ്ഞവട്ടം വലിയ പറമ്പില്‍ തൈക്കടവില്‍ സജി ഏബ്രഹാമിന്റെ മകനാണ്.

ന്യൂയോര്‍ക്കിലെ എല്‍മണ്ടില്‍ സ്ഥിര താമസക്കാരായിരുന്നു. കൊമേഴ്‌സ് വിഭാഗം മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ഷോണ്‍. ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു മരണം.

നാലു ദിവസം മുന്‍പാണ് ഷോണിന് രോഗബാധ സ്ഥിരീകരിച്ചത്. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി വടക്കേക്കര വീട്ടില്‍ സോളി ഏബ്രഹാമാണ് മാതാവ്. സ്‌നേഹ, ഷാന എന്നിവര്‍ സഹോദരിമാരാണ്. കഴിഞ്ഞ 25 വര്‍ഷക്കാലത്തോളമായി ഷോണിന്റെ കുടുംബം അമേരിക്കയില്‍ സ്ഥിര താമസമാണ്. മൂന്നു വര്‍ഷം മുമ്പാണ് ഷോണ്‍ അവസാനമായി നാട്ടിലെത്തിയത്. സംസ്‌കാരം ന്യൂയോര്‍ക്കില്‍ നടക്കും. കുടുംബത്തില്‍ മറ്റാര്‍ക്കും തന്നെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.

ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം നാലായി.

നേരത്തെ തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ടിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 51 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏതാനും ദിവസമായി ചികിത്സയിലായിരുന്നു. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു. ഏപ്രില്‍ ഒന്നിനാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ച് മറ്റ് രണ്ടു മലയാളികളുടെ മരണം സംഭവിച്ചത്.

പത്തനംതിട്ട ഇലന്തൂര്‍ ഈസ്റ്റ് തോമസ് ഡേവിഡ് ന്യൂയോര്‍ക്കിലും എറണാകുളം രാമമംഗലം സ്വദേശി കുഞ്ഞമ്മ സാമുവല്‍ ന്യൂജഴ്സിയിലുമാണ് മരിച്ചത്.  ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റിയില്‍ ഉദ്യോഗസ്ഥനായ സ്വദേശി തോമസ് ഡേവിഡിന് ജോലിക്കിടെയാണ് കോവിഡ് ബാധിച്ചതെന്ന്  സംശയിക്കുന്നു.

കൊവിഡ് ബാധിച്ച് സൗദിയിലും അയര്‍ലന്‍ഡിലും മലയാളികള്‍ മരിച്ചിരുന്നു.

സൗദി അറേബ്യയില്‍ മരിച്ചത് മലപ്പുറം സ്വദേശിയാണ്. തിരൂരങ്ങാടി ചെമ്മാട് സ്വദേശി നടമ്മല്‍ പുതിയകത്ത് സഫ്വാന്‍ ആണ് മരിച്ചത്. റിയാദില്‍ ടാക്സി ഡ്രൈവറായിരുന്നു സഫ്വാന്‍. 10 ദിവസം മുമ്പാണ് പനി ബാധിച്ചത്. തുടര്‍ന്ന് അഞ്ചുദിവസമായി റിയാദിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ചയോടെയാണ് മരണം സംഭവിച്ചത്. മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്ന വിവരം നാട്ടിലെ ബന്ധുക്കള്‍ അറിഞ്ഞത്.

കോട്ടയം സ്വദേശിനിയായ നഴ്സ് ബീന ജോര്‍ജാണ് അയര്‍ലന്‍ഡില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കാന്‍സര്‍ ചികിത്സയിലായിരുന്ന ബീനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് ദിവസം മുന്‍പാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more