1 GBP = 103.80

‘ശാലോം ടൈഡിംഗ്‌സി’ന് രണ്ട് ഇന്റർനാഷണൽ അവാർഡുകൾ’

‘ശാലോം ടൈഡിംഗ്‌സി’ന് രണ്ട് ഇന്റർനാഷണൽ അവാർഡുകൾ’

ആൻറണി ജോസഫ്

സിഡ്‌നി: ചിന്തോദ്ദീപകമായ ലേഖനങ്ങളിലൂടെയും ഹൃദയസ്പർശിയായ അനുഭവസാക്ഷ്യങ്ങളിലൂടെയും സുവിശേഷവത്ക്കരണ രംഗത്ത് സജീവസാന്നിധ്യമായ ‘ശാലോം ടൈഡിംഗ്‌സ്’ ഇംഗ്ലീഷ് മാസികയ്ക്ക് ‘ഓസ്‌ട്രേലേഷ്യൻ റിലീജിയസ് പ്രസ് അസോസിയേഷ’ന്റെ (ARPA ) ഈ വർഷത്തെ രണ്ട് പുരസ്‌ക്കാരങ്ങൾ! ഏറ്റവും മികച്ച ഫെയ്ത്ത് റിഫ്‌ളെക്ഷൻ ആർട്ടിക്കിൾ വിഭാഗത്തിൽ ‘ഗോൾഡ്’ അവാർഡും ബെസ്റ്റ് ഡിസൈൻ മാഗസിൻ ‘ബ്രോൺസ്’ അവാർഡുമാണ് ‘ശാലോം ടൈഡിംഗ്‌സ്’ കരസ്ഥമാക്കിയത്. ലോകമെമ്പാടുനിന്നുമുള്ള നൂറുകണക്കിന് എൻട്രികളിൽ നിന്നാണ് ശാലോമിന്റെ ഈ നേട്ടം.
ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ ക്രിസ്ത്യൻ പ്രസാധകരുടെയും മാധ്യമപ്രവർത്തകരുടെയും കൂട്ടായ്മയാണ് ‘ഓസ്‌ട്രേലേഷ്യൻ റിലീജിയസ് പ്രസ് അസോസിയേഷൻ’. 2019 മാർച്ച്- ഏപ്രിൽ ലക്കത്തിൽ ‘ശാലോം ടൈഡിംഗ്‌സ്’ സീനിയർ സബ് എഡിറ്റർ രേഷ്മ തോമസ് എഴുതിയ ‘I’ve Got My Eyes on You’എന്ന അനുഭവ കുറിപ്പാണ് ഗോൾഡ് അവാർഡിന് അർഹമായത്. ‘ജീവിതയാഥാർത്ഥ്യങ്ങളുടെ കൊടുങ്കാറ്റിൽ പോലും ഉലയാത്ത, ഒരമ്മയുടെ ഹൃദയസ്പർശിയായ വിശ്വാസയാത്രയുടെ കറതീർന്ന വിവരണം’ എന്നാണ് പ്രസ്തുത കുറിപ്പിനെ അവാർഡ് ജൂറി വിലയിരുത്തിയത്.

 ‘ജീവന്മരണ പോരാട്ടത്തിലൂടെ ജീവൻ വീണ്ടെടുത്ത തന്റെ പൊന്നോമന കുഞ്ഞിന്റെ  വൈകല്യങ്ങൾ ദൈവതിരുമുമ്പിൽ കാഴ്ചയായി സമർപ്പിക്കുന്ന,  ഒരു അമ്മ പങ്കുവെച്ച ഹൃദയസ്പർശിയായ വിശ്വാസയാത്രയാണിത്. ആ അമ്മയുടെ വേദനയും അസ്വസ്ഥതയും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും ഓരോ വാക്കിലും നമുക്ക് അനുഭവിക്കാൻ കഴിയും. ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കുന്നു എന്നതാണ് നമുക്ക് നൽകുന്ന സന്ദേശം. എന്നാൽ നാം വിഭാവനം ചെയ്തതുപോലെ എല്ലായ്‌പ്പോഴും അവിടുന്ന് നമുക്ക് ഉത്തരം നൽകണമെന്നുമില്ല,’ ജൂറി വ്യക്തമാക്കി. 2019ൽ പ്രസിദ്ധീകരിച്ച വിവിധ ലക്കങ്ങൾ പരിഗണിച്ചാണ് ബെസ്റ്റ് ഡിസൈൻ മാഗസിൻ വിഭാഗത്തിൽ ‘ബ്രോൺസ്’ അവാർഡ് സമ്മാനിച്ചത്.

മലയാളത്തിലെ പ്രമുഖ ആത്മീയ പ്രസിദ്ധീകരണമായ ‘ശാലോം ടൈംസി’നുശേഷം ശാലോം തുടക്കം കുറിച്ച ‘ശാലോം ടൈഡിംഗ്‌സ്’, ഇംഗ്ലീഷിനു പുറമെ ജർമൻ ഭാഷയിലും ഇപ്പോൾ പ്രിന്റ് ചെയ്യുന്നുണ്ട്. കൂടാതെ, വെബ്സൈറ്റിലും മൊബൈൽ അപ്പിലും  ഇംഗ്ലീഷ്, ജർമൻ, സ്പാനിഷ്, ചൈനീസ് ട്രഡീഷണൽ, ചൈനീസ് സിംപ്ലിഫൈഡ്, അറബിക്, മലയാളം, തമിഴ് ഭാഷകളിൽ ലഭ്യമാണ്. ഹിന്ദി, പോർച്ചുഗീസ്, തഗാലോഗ് ഭാഷകളിലും ഉടൻ ലഭ്യമാകും. മൊബൈൽ ആപ്പിൽനിന്ന് ഇതുവരെ പ്രസിദ്ധീകരിച്ച ലക്കങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്ത് വായിക്കാനുള്ള സൗകര്യവുമുണ്ട്.

ഏറ്റവും മികച്ച കാത്തലിക് ടി.വി ചാനലിന് ‘കാത്തലിക് പ്രസ് അസോസിയേഷൻ ഓഫ് യു.എസ്.എ ആൻഡ് കാനഡ’ ഏർപ്പെടുത്തിയ ‘ഗബ്രിയേൽ അവാർഡ്’ ശാലോം വേൾഡ് ടി.വി കരസ്ഥമാക്കിയതിന് പിന്നാലെയാണ് ശാലോം ടൈഡിംഗ്‌സിന്റെ നേട്ടം.

രേഷ്മ തോമസിൻ്റെ അനുഭവക്കുറിപ്പ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more