കോട്ടയം: കോട്ടയം എസ്എംഇ കോളേജില്‍ യുവാവ് തീ കൊളുത്തിയതിനെത്തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനിയും മരിച്ചു. ഹരിപ്പാട് സ്വദേശിനി ലക്ഷ്മിയാണ് മരിച്ചത്. ലക്ഷ്മിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച ശേഷം സ്വയം കൊളുത്തിയ കൊല്ലം സ്വദേശി ആദര്‍ശ് അല്‍പസമയത്തിന് മുന്‍പ് മരിച്ചിരുന്നു.
എസ്എംഇ കോളേജിലെ ഫിസിയോതൊറാപ്പി ക്ലാസില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് കോളേജ് വിദ്യാര്‍ഥിനിയായ ലക്ഷ്മിയെ തീ കൊളുത്തി കൊല്ലാന്‍ ആദര്‍ശ് ശ്രമിച്ചത്. ആക്രമണത്തിന് ശേഷം സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യാനും ആദര്‍ശ് ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇരുവരും മരിക്കുകയായിരുന്നു.

ആദര്‍ശിനെ തടയാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥികളായ അജ്മല്‍, അശ്വിന്‍ എന്നിവര്‍ക്കും പൊള്ളലേറ്റിരുന്നു. ഇവരും ചികിത്സയിലാണ്. ആദര്‍ശ് നേരത്തെ ലക്ഷ്മിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നെന്നും എന്നാല്‍ വിദ്യാര്‍ഥിനി അത് നിരസിച്ചുവെന്നും സഹപാഠികള്‍ പറയുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ക്ലാസ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ ലക്ഷ്മിയെ ആദര്‍ശ് തടഞ്ഞു നിറുത്തി, കൈയിലുണ്ടായിരുന്ന കുപ്പിയിലെ പെട്രോള്‍ ലക്ഷ്മിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. ഭയന്നോടിയ ലക്ഷ്മിയെ തടഞ്ഞു നിറുത്തി കയ്യില്‍ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.
click on malayalam character to switch languages