1 GBP = 103.33

രണ്ടു വർഷം മുന്പ് അപ്രത്യക്ഷയായ പാക് മാദ്ധ്യമ പ്രവർത്തകയെ കണ്ടെത്തി

രണ്ടു വർഷം മുന്പ് അപ്രത്യക്ഷയായ പാക് മാദ്ധ്യമ പ്രവർത്തകയെ കണ്ടെത്തി

ഇസ്ളാമാബാദ്: ചാരവൃത്തി ആരോപിക്കപ്പെടുകയും പിന്നീട് കാണാതാവുകയും ചെയ്ത ഇന്ത്യൻ തടവുകാരനെ കുറിച്ചുള്ള അന്വേഷണത്തിനിടെ, രണ്ടു വർഷം മുന്പ് കാണാതായ പാകിസ്ഥാൻ മാദ്ധ്യമ പ്രവർത്തകയെ അന്വേഷണ ഏജൻസികൾ കണ്ടെത്തി മോചിപ്പിച്ചു. 2015 ആഗസ്‌റ്റിലാണ് സീനത്ത് ഷെഹസാദി (25)യെ പാക് ഏജൻസികൾ തട്ടിക്കൊണ്ടു പോയത്.

ചാരവൃത്തി കുറ്റം ആരോപിച്ച് 2015ലാണ് ഹമീദ് അൻസാരിയെ പാകിസ്ഥാൻ ജയിലിൽ അടച്ചത്. അതേവർഷം ആഗസ്‌റ്റിൽ ഷെഹസാദിയേയും കാണാതാവുകയായിരുന്നു. ബലൂചിസ്ഥാനിലേയും പഖ്തുൻക്വവയിലേയും ഗോത്ര വർഗ നേതാക്കളുടെ സഹായത്തോടെ പാകിസ്ഥാൻ – അഫ്ഗാൻ അതിർത്തിയിൽ നിന്നാണ് ഷെഹസാദിയെ മോചിപ്പിച്ചതെന്ന് കാണാതായവരെ കുറിച്ച് അന്വേഷിക്കുന്ന കമ്മിഷന്റെ തലവൻ റിട്ട. ജസ്‌റ്റിസ് ജാവേദ് ഇഖ്ബാൽ പറഞ്ഞു.

പാകിസ്ഥാനിൽ നിന്ന് കാണാതായവർക്ക് വേണ്ടി ശബ്ദം ഉയർത്തിയിരുന്ന സീനത്ത് ഫ്രീലാൻസറായാണ് ജോലി നോക്കി വന്നത്. പാകിസ്ഥാനിൽ കാണാതായ ഹമീദ് അൻസാരി എന്ന ഇന്ത്യാക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ സീനത്ത് നടത്തിയിരുന്നു. അൻസാരിയുടെ അമ്മ ഫൗസിയ അൻസാരിയുമായി സോഷ്യൽ മീഡിയ വഴി സീനത്ത് നിരന്തരം ബന്ധപ്പെട്ടിരുന്നു. അൻസാരി അടക്കം കാണാതായവരെ കുറിച്ചുള്ള അന്വേഷണത്തിനായി കമ്മിഷനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനിലെ സുപ്രീംകോടതിയിൽ സീനത്ത് ഹർജി നൽകിയിരുന്നു. തുടർന്നാണ് ജാവേദ് ഇഖ്ബാൽ തലവനായി സർക്കാർ കമ്മിഷനെ നിയോഗിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അൻസാരി തങ്ങളുടെ കസ്‌റ്റഡിയിൽ ഉണ്ടെന്ന് പാക് ഏജൻസികൾ സമ്മതിക്കുകയായിരുന്നു. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസികൾ സീനത്തിനെ തട്ടിക്കൊണ്ടു പോയതായി അവരുടെ കുടുംബാംഗങ്ങളും മനുഷ്യാവകാശ പ്രവർത്തകരും നേരത്തെ ആരോപിച്ചിരുന്നു.

തട്ടിക്കൊണ്ടു പോകുന്നതിന് മുന്പ് ഒരു തവണ ഷെഹസാദിയെ പാക് അന്വേഷണ ഏജൻസികൾ ബലമായി പിടിച്ചു കൊണ്ടുപോവുകയും നാല് മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു. അൻസാരിയെ കുറിച്ചുള്ള വിവരങ്ങളായിരുന്നു ഏജൻസികൾ ഷെഹസാദിയോട് ചോദിച്ചത്.

ഷെഹസാദിയുടെ സഹോദരൻ സദ്ദാം 2016 മാർച്ചിൽ ആത്മഹത്യ ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more