1 GBP = 104.13

സര്‍ദാര്‍ പട്ടേല്‍ (അദ്ധ്യായം ഏഴ്); ഗാന്ധി ഭക്തി പലപ്പോഴും നിര്‍ഭാഗ്യമായി

സര്‍ദാര്‍ പട്ടേല്‍ (അദ്ധ്യായം ഏഴ്); ഗാന്ധി ഭക്തി പലപ്പോഴും നിര്‍ഭാഗ്യമായി

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവല്ല സുഭാഷ് ചന്ദ്രബോസോ സര്‍ദാര്‍ പട്ടേലോ ആയിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആകേണ്ടിയിരുന്നത് എന്ന വാദമൊക്കെ ഇന്നത്തെപ്പോലെ ഏതൊരാളുടെ ചെറുപ്പത്തിലും കേട്ടിട്ടുണ്ട്. സുഭാഷ് ചന്ദ്ര ബോസ് വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു എന്ന വാദം പലതവണ ചോദ്യം ചെയ്യപ്പെട്ടങ്കിലും വ്യക്തമായ തെളിവുകള്‍ നിരത്താന്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ക്കോ ബന്ധുക്കള്‍ക്കോ സാധിച്ചിട്ടില്ല.

പക്ഷെ പട്ടേലിന്‍റെ കാര്യം അങ്ങനെയല്ല. 1950 ഡിസംബര്‍ 15 നാണ് സര്‍ദാര്‍ പട്ടേല്‍ മരിക്കുന്നത്. 75-ാം വയസില്‍ ബോംബെയില്‍ (മുംബൈയില്‍) ആയിരുന്നു അന്ത്യം. അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാന്‍ അവസരം ഉണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ട് പട്ടേല്‍ ഉപപ്രധാനമന്ത്രിയും ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയുമായി എന്ന ചോദ്യം ഉയരാം.

മഹാത്മാ ഗാന്ധിയുടെ തീരുമാനങ്ങളാണ് പട്ടേലിന്‍റെ സാധ്യതകള്‍ പലപ്പോഴും ഇല്ലാതാക്കിയത്. ഗാന്ധിജിക്ക് പട്ടേലിനേക്കാള്‍ സ്വീകാര്യന്‍ നെഹ്റു ആയിരുന്നോ എന്നും ചോദിക്കുന്നവരുണ്ട്. അങ്ങനെ തീര്‍ത്തു പറയുവാന്‍ കഴിയില്ല. ഒരു പക്ഷെ അന്നത്തെ ചില പ്രത്യേക സാഹചര്യങ്ങളില്‍ ആകാം ഗാന്ധിജിയെ മറിച്ച് ചിന്തിപ്പിച്ചത്.

1929 ല്‍ ലാഹോറില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സെഷന്‍ നടക്കുമ്പോള്‍ ഗാന്ധിജിയുടെ രണ്ടാമനായി പ്രസിഡന്‍റ് സ്ഥാനത്തേക്ക് അണികള്‍ കണ്ടത് സര്‍ദാര്‍ പട്ടേലിനെയാണ്. എന്നാല്‍ മുസ്ലീം വിഭാഗത്തിന്‍റെ ചില വാദങ്ങളോടുള്ള പട്ടേലിന്‍റെ കര്‍ക്കശമായ എതിര്‍പ്പുകള്‍ വിനയായത്രെ. അതിനാല്‍ പട്ടേലിനെ മത്സര രംഗത്തുനിന്നും നിര്‍ബന്ധിച്ച് പിന്‍തിരിപ്പിച്ചെന്നും ഇരുകൂട്ടര്‍ക്കും സ്വീകാര്യനായ നെഹ്റുവിനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ സാരഥിയാക്കിയെന്നുമാണ് കഥ.

ഇതേ സമയം 1931 മാര്‍ച്ചില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ലാഹോര്‍ സെഷനില്‍ അദ്ധ്യക്ഷത വഹിച്ചത് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആണ്. അഥവാ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായി പട്ടേല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരിക്കെയാണ് ഗാന്ധിജി ഇര്‍വിന്‍ കരാര്‍ ഒപ്പ് വച്ചത്. ഇതിനിടെ 1930 ല്‍ ഉപ്പു സത്യാഗ്രഹത്തിന്‍റെ പേരില്‍ മൂന്നുമാസം പട്ടേല്‍ ജയില്‍ ശിക്ഷ അനുഭവിച്ചു. 1932 ജനുവരി മുതല്‍ 34 ജൂലൈ വരെ വീണ്ടും ജയല്‍വാസം. ഒടുവില്‍ 1940 ഒക്ടോബര്‍ മുതല്‍ 1941 ഓഗസ്റ്റ് വരെ വീണ്ടും ജയില്‍ വാസം. ഒരോ തവണ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോഴും സര്‍ദാര്‍ പട്ടേല്‍ കൂടുതല്‍ കൂടുതല്‍ കരുത്തനായ ദേശീയ നേതാവാകുകയായിരുന്നു.

1937 – 38 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും പട്ടേലിന്‍റെ പേര് ഉയര്‍ന്നുവന്നു. ഇത്തവണയും ഗാന്ധിജിയുടെ താല്പ്പര്യത്തിന് അദ്ദേഹം ആഗ്രഹം ഉപേക്ഷിച്ചു. വീണ്ടും നെഹ്റുവിനു വഴിതുറന്നു. പക്ഷെ യഥാര്‍ത്ഥ നഷ്ടം സംഭവിച്ചത് 1945-46 ലാണ്. ഇത്തവണയും ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നെഹ്റുവിനെ പിന്തുണച്ചു. എന്നാല്‍ ഒത്തുതീര്‍പ്പായി ആചാര്യ ജെ.ബി കൃപാലാനി പ്രസിഡന്‍റായി. ഇത്തവണത്തെ പിന്‍മാറ്റമാണ് പട്ടേലിനെ പ്രഥമ പ്രധാനമന്ത്രി സ്ഥാനം നഷ്ടമാക്കിയത്. താല്‍ക്കാലിക സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാന്‍ വൈസ്റോയ് ക്ഷണിച്ചത് ജവഹര്‍ലാല്‍ നെഹ്റുവിനെയാണ്. സ്വാഭാവികമായും ഗാന്ധിജിയുടെ താല്പര്യം ആയിരിക്കണം അത്. അങ്ങനെ നെഹ്റു സ്വതന്ത്ര ഭാരതത്തിന്‍റെ ആദ്യത്തെ പ്രധാനമന്ത്രിയും പട്ടേല്‍ ഉപപ്രധാനമന്ത്രിയുമായി.

കലാപകലുഷിതമായൊരു നാട്ടില്‍ പരമപ്രധാനമായ ആഭ്യന്തരത്തിനു പുറമെ, വാര്‍ത്തവിനിമയത്തിന്‍റെയും സംസ്ഥാനങ്ങളുടെയും ചുമതല സര്‍ദാര്‍ പട്ടേലിനായിരുന്നു. ആ വകുപ്പുകളിലെല്ലാം പട്ടേല്‍ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചു. വിഭജനത്തെതുടര്‍ന്നുണ്ടായ അഭയാര്‍ഥി പ്രവാഹം വലിയ വെല്ലുവിളി ഉയര്‍ത്തി. പഞ്ചാബിലും ഡല്‍ഹിയിലുമൊക്കെ അഭയാര്‍ഥി ക്യാംപുകള്‍ ഒരുക്കി പട്ടേല്‍ ഭരണച്ചുമതല ഭംഗിയായി നിര്‍വഹിച്ചു.

പട്ടേലിനെ ഹിന്ദുവാദിയായി ചിത്രീകരിക്കുന്നവര്‍ ഒരു കാര്യം മറന്നു. ഇന്ത്യയിലെ കര്‍ഷക വിഭാഗങ്ങളെയും വിവിധ ജാതി, മത വിഭാഗങ്ങളേയും സ്വാതന്ത്ര്യ സമരത്തില്‍ സജീവ സാന്നിധ്യമാക്കിയത് പട്ടേലാണ്. സ്വാതന്ത്ര്യ സമരത്തിന്‍റെ ത്രീവത നാടെങ്ങും പടര്‍ത്തിയതും ഏക സ്വരത്തിലാക്കിയതും ഈ നീക്കമാണ്. സ്വാതന്ത്ര്യം ഓരോ പൗരന്‍റെയും അവകാശമാണെന്നും അതില്‍ കര്‍ഷകനും വ്യവസായിക്കും വിവിധ ജാതിക്കാര്‍ക്കും വ്യത്യാസമില്ലെന്നും സമുഹത്തെ ബോധ്യപ്പെടുത്തിയത് പട്ടേല്‍ ആണ് എന്നും ഓര്‍ക്കേണ്ടതുണ്ട്.

തുടരും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more