1 GBP = 103.81

“കാരിരുമ്പിന്റെ കരുത്ത്” സർദാർ പട്ടേൽ ജീവചരിത്രം ആരംഭിക്കുന്നു- അദ്ധ്യായം ഒന്ന്

“കാരിരുമ്പിന്റെ കരുത്ത്”  സർദാർ പട്ടേൽ ജീവചരിത്രം ആരംഭിക്കുന്നു- അദ്ധ്യായം ഒന്ന്

കാരൂർ സോമൻ

അദ്ധ്യായം ഒന്ന്

ത്രിമൂര്‍ത്തികളില്‍ ഒരാള്‍; പക്ഷെ, പട്ടേലിനെ മറന്നു

സ്വതന്ത്ര ഭാരതത്തെക്കുറിച്ച് ചിന്തിക്കുന്നവരുടെ മനസ്സില്‍ രാഷ്ട്രപിതാവ് മഹാത്മഗാന്ധി, രാഷ്ട്രശില്പിയും പ്രഥമ പ്രധാനമന്ത്രിയുമായ ജവര്‍ലാല്‍ നെഹ്റു, പ്രഥമ രാഷ്ട്രപതി ബാബു രാജേന്ദ്ര പ്രസാദ് തുടങ്ങിയവരുടെയൊക്കെ പേരായിരിക്കും ആദ്യം കടന്നുവരിക. പിന്നെ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും താഷ്ക്കന്‍റ് ഉടമ്പടിയും ഒര്‍മ്മിക്കും. ചൈനയുമായി 1965 ല്‍ നടന്ന യുദ്ധത്തെക്കുറിച്ച് പഠിക്കുന്നവര്‍, പ്രത്യേകിച്ചു മലയാളികള്‍ പ്രതിരോധ മന്ത്രി വി.കെ. കൃഷ്ണമേനോനെ അനുസ്മരിക്കും, പ്രതിപക്ഷ നേതാവ് നമ്മുടെ എ.കെ ഗോപാലന്‍ എന്ന എ.കെ.ജി യേയും അറിയാം. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും വാജ്പേയിയും നരേന്ദ്രമോദിയും ഒക്കെ നിറഞ്ഞുനിന്നൊരു യുഗമാണ് അടുത്തത്. ഇവര്‍ക്കെല്ലാം മദ്ധ്യേ നമ്മുടെ ഭരണഘടനാ ശില്പിയായി ഡോ. ബി.ആര്‍. അംബേദകര്‍ ജ്വലിച്ചു നില്‍ക്കുന്നു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിനപ്പുറം നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ അക്രമണ ശൈലിയെ അഥവാ യുദ്ധം ചെയ്തും സ്വാതന്ത്രം നേടണമെന്ന ചിന്തയെ ഇഷ്ടപ്പെടുന്നവര്‍ ഇന്നത്തെ യുവാക്കള്‍ക്കിടയിലും ഉണ്ടാകും. സുഭാഷ് ചന്ദ്രബോസിന്‍റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐ.എന്‍.എ) യെക്കുറിച്ച് കേട്ടിട്ടുണ്ടാകും.

പക്ഷെ ഇവര്‍ക്കെല്ലാം ഇടയില്‍, നിശബ്ദനായി, പൊതുവേ ഉള്‍വലിഞ്ഞുനിന്നു ചാണക്യ കൗശലത്തോടെ കരുക്കള്‍ നീക്കിയൊരു ഉപപ്രധാന മന്ത്രിയുണ്ടായിരുന്നു ഇന്ത്യക്ക്. സര്‍ദാര്‍ വല്ലഭായ് ഝാവര്‍ ഭായ് പട്ടേല്‍ എന്ന സര്‍ദാര്‍ പട്ടേല്‍. ഗുജറാത്തുകാരനായ പട്ടേലിനെക്കുറിച്ച് പുതിയ തലമുറ ഒരുപക്ഷെ ആദ്യം കേള്‍ക്കുന്നത്, അഹമ്മദാബാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ, നര്‍മ്മദയില്‍ അദ്ദേഹത്തിന്‍റെ പടുകൂറ്റന്‍ പ്രതിമ നരേന്ദ്രമോഡി രാഷ്ട്രത്തന് സമര്‍മ്മിച്ചപ്പോള്‍ ആകും.

ഐക്യത്തിന്‍റെ പ്രതിമ (സ്റ്റാച്യൂ ഓഫ് യൂണിറ്റി) 2018 ഒക്ടോബര്‍ 31 ന് ഉദ്ഘാടനം ചെയ്തത് പട്ടേലിന്‍റെ 143-ാം ജന്മദിനത്തിലായിരുന്നു. സ്വതന്ത്ര ചരിത്ര ഭാരതത്തില്‍ നെഹ്റു കുടുംബത്തിന്‍റെ ആധിപത്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി ഈ യജ്ഞത്തിന് ചുക്കാന്‍ പിടിച്ചത് എന്ന വാദം ഉയര്‍ന്നു സ്വാഭാവികം.

പക്ഷെ രാഷ്ട്രീയ വിവാദങ്ങളില്‍ നിന്നെല്ലാം വിട്ടുനിന്നു, തീര്‍ത്തും സ്വതന്ത്രമായി ചിന്തിച്ച സര്‍ദാര്‍ പട്ടേലിന് അര്‍ഹമായ അംഗീകാരമെന്ന് സമ്മതിക്കും. പ്രതിമയുടെ ഉയരവും അതിന് ചെലവിട്ട കോടികളും വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരിക്കാം. എന്നാല്‍, സര്‍ദാര്‍ പട്ടേല്‍ ആരായിരുന്നു എന്ന് പഠിക്കുവാനും ചിന്തിക്കുവാനും പുതിയ തലമുറയെ ഇത് പ്രേരിപ്പിച്ചു എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്.

ഉപപ്രധാന മന്ത്രി എന്ന ആലങ്കാരിക പദവിയല്ല; കരുത്തനായ ആഭ്യന്തര മന്ത്രി എന്ന പദവിയാണ് ചരിത്രം സര്‍ദാര്‍ പട്ടേലിന് സമ്മാനിക്കുന്നത്. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് മോചനം നേടി, പാക്കിസ്താന്‍ വേര്‍പെട്ട്, നാട്ടു രാജ്യങ്ങളുടെ ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞൊരു കാലത്ത് ഐക്യഭാരത സ്വപ്നവുമായി അതീവ ജാഗ്രതയോടെയും കുശാഗ്രബുദ്ധിയോടെയും പട്ടേല്‍ പ്രവര്‍ത്തിച്ചു.

ഭരണകര്‍ത്താക്കളുടെ ലിസ്റ്റ് ചോദിച്ച മൗണ്ട് ബാറ്റന് പണ്ഡിറ്റ് നെഹ്റു കവറിലിട്ടു നല്‍കിയത് ഒന്നും എഴുതാത്ത വെള്ളക്കടലാസ് ആയിരുന്നത്രെ. ചോദിച്ചപ്പോള്‍ “ഞങ്ങള്‍ക്ക് പ്രക്ഷോഭം നടത്തിയെ പരിചയമുള്ളൂ; ഭരണ പരിചയമില്ല” എന്നു നെഹ്റു പറഞ്ഞു മൗണ്ട് ബാറ്റന്‍ പൊട്ടിച്ചിരിച്ചതുമായ കഥ വായിച്ചത് ഓര്‍ത്തുപോകുന്നു. അത്തരമൊരു അവസ്ഥയിലായിരുന്നു ഇന്ത്യ. അതില്‍ നിന്നാണ് കരുത്തുറ്റ ഭാരതം കെട്ടിപ്പടുക്കുവാന്‍ നെഹ്റുവിന് പിന്നില്‍ നിന്ന് ഉറച്ച പിന്തുണ നല്‍കിയ് സര്‍ദാര്‍ പട്ടേല്‍ ആണ്.

അതിര്‍ത്തി പ്രശ്നങ്ങളേക്കാള്‍ ആഭ്യന്തര പ്രശ്നങ്ങളാണ് തുടക്കത്തില്‍ ഇന്ത്യയെ അലട്ടിയത്. ചെറിയ ചെറിയ ലഹളകളും നാട്ടുരാജാക്കന്മാരുടെ അധികാരമോഹവുമെല്ലാം സര്‍ദാര്‍ പട്ടേലിന്‍റെ മനോവീര്യത്തിനും ആജ്ഞാശക്തിക്കും മുമ്പില്‍ ഒന്നൊന്നായി ഇല്ലാതായി. പക്ഷെ ഒരിക്കലും അദ്ദേഹം ഗാന്ധിജിക്കും നെഹ്റുവിനുമൊപ്പം ഒരു സ്ഥാനത്തിനായി യത്നിച്ചില്ല. ചരടു വലിച്ചില്ല. പക്ഷെ ആഭ്യന്തര സുരക്ഷയുടെ കടിഞ്ഞാണ് അദ്ദേഹം നെഞ്ചോട് ചേര്‍ത്തു പിടിച്ചു.

പട്ടേല്‍ പ്രതിമ അനാച്ചാദനം ചെയ്യപ്പെട്ടപ്പോള്‍ പഴയ തലമുറയില്‍ അവശേഷിക്കുന്ന് അതൊരു ഓര്‍മ്മപുതുക്കലായി. ഉത്തരേന്ത്യക്കപ്പുറം അറിയപ്പെടാതെ പോയ വല്ലഭായ് പട്ടേല്‍ രാജ്യമെങ്ങും ചര്‍ച്ച ചെയ്യപ്പെട്ടു.

പട്ടേലിന്‍റെ ചെറിയ പൂര്‍ണ്ണകായ പ്രതിമകളും അര്‍ദ്ധകായ പ്രതിമകളും ഗുജറാത്തിനപ്പുറം പലയിടങ്ങളിലും കാണാം. വിരലില്‍ എണ്ണാവുന്ന സ്റ്റേഡിയങ്ങളും കാണാം. പക്ഷെ അതിനപ്പുറം ഒരു അംഗീകാരം അദ്ദേഹത്തിന് ഒരിക്കലും ലഭിച്ചിട്ടില്ല. അതിന്‍റെ കാരണം പലതാകാം.

പട്ടേലും നെഹ്റുവും വളര്‍ന്നു വന്ന പശ്ചാത്തലം വ്യത്യസ്തമാണ്. കുടുംബ പാരമ്പര്യവും ഏറെ വ്യത്യസ്തമാണ്. സോഷ്യലിസത്തിന്‍റെ വക്താവാണെങ്കിലും ജവഹര്‍ലാല്‍ നെഹ്റു പാശ്ചാത്യ സംസ്കാരത്തിലാണ് വളര്‍ന്നത്. പട്ടേല്‍ സ്വന്തം ശ്രമഫലമായി ഇംഗ്ലണ്ടില്‍ പഠിച്ചു മടങ്ങിയെത്തിയെങ്കിലും ഇന്ത്യന്‍ സംസ്കാരത്തില്‍ നിന്നും തെല്ലും വ്യതിചലിച്ചില്ല.

പട്ടേലിന്‍റെ കര്‍ക്കശ സ്വഭാവം മൗണ്ട് ബാറ്റനും അറിയാം. പല കാര്യങ്ങളിലും പട്ടേലിനെ അനുനയിപ്പിക്കാന്‍ മൗണ്ട് ബാറ്റന്‍ വിഷമിച്ചിരുന്നു. സ്വാതന്ത്ര സമരപോരാട്ടത്തിലും സ്വതന്ത്ര ഇന്ത്യയുടെ ഭരണതുടക്കത്തിലും ഈ കര്‍ക്കശക്കാരന്‍റെ പങ്ക് അറിഞ്ഞവരാണ് അദ്ദേഹത്തെ ഭാരതത്തിന്‍റെ ‘ഉരുക്ക് മനുഷ്യന്‍’ ആയി വിശേഷിപ്പിച്ചത്. ഒട്ടും അതിശയോക്തി കലരാത്ത വിശേഷണം.

തുടരും……

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more